യൂസഫലിയുടെ പ്രൈവറ്റ് ജെറ്റ് വില്‍പ്പനയ്ക്ക്, പുതിയ 500 കോടിയുടെ വിമാനമെത്തി
വിമാനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല
ഏകദേശം 500 കോടി രൂപ ചെലവിട്ട് വാങ്ങിയ പുതിയ ഗള്‍ഫ് സ്ട്രീം വിമാനമെത്തിയതോടെ നേരത്തെയുണ്ടായിരുന്ന പ്രൈവറ്റ് ജെറ്റ് വില്‍ക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യുസഫലി. പ്രൈവറ്റ് ജെറ്റുകളും വിമാനങ്ങളും വാങ്ങാനും വില്‍ക്കാനും അതിസമ്പന്നരെ സഹായിക്കുന്ന സ്റ്റാന്റണ്‍ ആന്‍ഡ് പാര്‍ട്ട്‌ണേഴ്‌സ് ഏവിയേഷനാണ് വില്‍പ്പനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇവരുടെ വെബ്‌സൈറ്റില്‍ എ6 വൈഎംഎ എന്ന വിമാനം ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഗള്‍ഫ് സ്ട്രീം ജി 550 ശ്രേണിയില്‍ പെട്ട വിമാനം 2016ലാണ് 350 കോടിയോളം രൂപ ചെലവാക്കി യൂസഫലി വാങ്ങുന്നത്. യു.എസിലെ വെര്‍ജിനിയ കേന്ദ്രമായ ജനറല്‍ ഡൈനാമിക്‌സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്‌റോസ്‌പേസാണ് വിമാനം നിര്‍മിച്ചിരിക്കുന്നത്. 16 പേര്‍ക്ക് യാത്ര ചെയ്യാം. പരമാവധി വേഗത മണിക്കൂറില്‍ 488 നോട്ട് (ഏകദേശം 900 കിലോമീറ്റര്‍). 12 മണിക്കൂര്‍ വരെ നിറുത്താതെ പറക്കാന്‍ കഴിയും. ഇതുവരെ 3065 കിലോമീറ്റര്‍ പറന്നിട്ടുണ്ട്.
റോള്‍സ് റോയ്‌സ് ബി.ആര്‍710സി4-11 എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. 5910 അടി വരെ നീളമുള്ള റണ്‍വേയില്‍ നിന്നും പറന്നുയരാനും 2200 അടി നീളമുള്ളിടത്ത് ലാന്‍ഡിംഗ് നടത്താനും വിമാനത്തിന് കഴിയും. വൈറ്റ്, ഗോള്‍ഡ്, മറൂണ്‍ നിറങ്ങളാണ് വിമാനത്തിനുള്ളത്. വിമാനത്തിന്റെ വിലയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ 13 പേര്‍ക്ക് സഞ്ചരിക്കാവുന്ന ലെഗസി 650 എന്ന വിമാനമാണ് യൂസഫലി ഉപയോഗിച്ചിരുന്നത്.
പുതിയ വിമാനം
കഴിഞ്ഞ ഏപ്രിലിലാണ് 480 കോടിയോളം രൂപ വിലവരുന്ന ഗള്‍ഫ് സ്ട്രീം ജി 600 എന്ന വിമാനം യൂസഫലി സ്വന്തമാക്കുന്നത്. 2023 ഡിസംബറില്‍ നിര്‍മിച്ച വിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 0.925 മാക്കാണ് ( ഏകദേശം 1142 കിലോമീറ്റര്‍). 19 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തിന് 600 നോട്ടിക്കല്‍ മൈല്‍ വരെ പറക്കാന്‍ കഴിയും. 10 പേര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും വിമാനത്തിലുണ്ട്.
പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്‍പുള്ള പതിപ്പുകളേക്കാള്‍ ഇന്ധനക്ഷമത കൂടിയ മോഡലാണിത്. 10 ടച്ച് സ്‌ക്രീനുകളുള്ള കോക്ക് പിറ്റിലെ എന്‍ഹാന്‍സ്ഡ് ഫ്‌ളൈറ്റ് വിഷന്‍ സിസ്റ്റം(ഇ.എഫ്.വി.എസ്) എന്ന സംവിധാനം ഉപയോഗിച്ച് കാഴ്ച കുറവുള്ള സാഹചര്യങ്ങളില്‍ പോലും വിമാനത്തിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയും. റണ്‍വേയുടെ ത്രിമാന ചിത്രവും പൈലറ്റിന് കോക്പിറ്റിലിരുന്ന് കാണാന്‍ കഴിയും.