എണ്ണക്കമ്പനികള്‍ തമ്മില്‍ പിണക്കം; കേരളത്തിലെ പമ്പുകളില്‍ ഇന്ധനക്ഷാമം

ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയില്‍ നിന്ന് ബി.പി.സി.എല്ലിന് പകരമായി നല്‍കേണ്ട വിഹിതം നല്‍കുന്നില്ല

Update:2023-09-01 10:32 IST

പൊതുമേഖലാ എണ്ണകമ്പനികള്‍ തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണം നടക്കാതെ വന്നതോടെ പെട്രോള്‍ പമ്പുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനില്‍ (എച്ച്.പി.സി.എല്‍) നിന്നുള്ള ഉല്‍പന്ന വിതരണത്തിലാണ് വലിയ തോതില്‍ കുറവ് വന്നിരിക്കുന്നത്. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബി.പി.സി.എല്‍) കേരളത്തില്‍ നല്‍കുന്ന ഇന്ധന ഉല്‍പന്നങ്ങള്‍ക്ക് പകരമായി എച്ച്.പി.സി.എല്‍ അതേ അളവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ തിരിച്ചു നല്‍കണമെന്നാണ് പെട്രോളിയം കമ്പനികള്‍ തമ്മിലുള്ള ധാരണ.

രണ്ട് വര്‍ഷത്തോളമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയില്‍ നിന്ന് ബി.പി.സി.എല്ലിന് പകരമായി നല്‍കേണ്ട വിഹിതം നല്‍കുന്നില്ല. ഇതോടെയാണ് കേരളത്തില്‍ ഇന്ധന വിതരണം താളം തെറ്റുന്നത്. ബി.പി.സി.എല്ലിന്റെ ഇരുമ്പനം ടെര്‍മിനലില്‍ നിന്നും കോഴിക്കോട് എലത്തൂരില്‍ നിന്നുള്ള വിതരണ കേന്ദ്രത്തില്‍ നിന്നുമുള്ള ഉല്‍പന്ന വിതരണത്തില്‍ കുറവ് വന്നിരിക്കുകയാണ്.
വിതരണക്ഷാമം പരിഹരിക്കാനായില്ല
കേരളത്തിലെ കുറവ് പരിഹരിക്കാന്‍ റിലയന്‍സ്, നയാര എന്നി സ്വകാര്യ പെട്രോളിയം കമ്പനികളില്‍ നിന്ന് എച്ച്.പി.സി.എല്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങി നല്‍കിയിരുന്നതും നിര്‍ത്തലാക്കിയതോടെ ബി.പി.സി.എല്ലിന് പകരം ഇന്ധനം നല്‍കുന്നതില്‍ കൂടുതല്‍ കുടി
ശിക 
വന്നിരിക്കുകയാണ്. സ്വകാര്യ കമ്പനികളില്‍ നിന്നും പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങി നല്‍കുമ്പോഴുണ്ടാകുന്ന ഭീമമായ നഷ്ടമാണ് എച്ച്.പി.സി.എല്ലിനെ പിന്തിരിപ്പിച്ചത്. കൊച്ചി ഇരുമ്പനം ടെര്‍മിനലില്‍ ഉണ്ടായിട്ടുള്ള ഉല്‍പ്പന്ന വിതരണ ക്ഷാമം പരിഹരിക്കാന്‍ കര്‍ണാടകയിലെ മംഗലാപുരം ടെര്‍മിനലില്‍ കൂടുതല്‍ ടാങ്കറുകള്‍ എത്തിച്ച് പമ്പുകളില്‍ വിതരണം നടത്താമെന്ന് എച്ച്.പി.സി.എല്‍ അധികൃതര്‍ പമ്പ് ഉടമകളുടെ സംഘടനയ്ക്ക് ഉറപ്പു നല്‍കിയിരുന്നെങ്കിലും നടപ്പിലായിട്ടില്ല. ടാങ്കര്‍ ലോറികളുടെ വാടകയിനത്തിലുണ്ടാകുന്ന ചെലവ് കണക്കാക്കുമ്പോള്‍ ഇതും വലിയ നഷ്ടം വരുത്തുമെന്നാണ് വിലയിരുത്തുന്നത്.
ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും സമരത്തിലേക്ക്
ആവശ്യത്തിന് പെട്രോളും ഡീസലും സമയത്ത് ലഭിക്കാതെയാകുന്നതോടെ പെട്രോള്‍ പമ്പ് ഉടമകള്‍ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് പോകുകയാണ്. പല പമ്പുകളിലും പെട്രോള്‍ ഇല്ല എന്ന ബോര്‍ഡ് തൂക്കിയിടേണ്ടിവരുകയാണ്. പെട്രോളിയം ഉല്‍പന്നങ്ങളുടെ ലഭ്യതയിലും വിതരണത്തിലുമുള്ള തടസങ്ങള്‍ നീക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്.
വിതരണകേന്ദ്രങ്ങളില്‍ നിന്ന് ആവശ്യത്തിന് ഇന്ധനം ലഭ്യമാകാതെ വരുന്നത് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെയും സാരമായി ബാധിക്കുന്നുണ്ട്. ഇന്ധന വിതരണത്തിനായി ദിവസങ്ങളോളം കാത്തു കിടക്കുന്ന ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ ഓട്ടം ഇല്ലാതെ വന്നതോടെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതും വരും ദിവസങ്ങളില്‍ നിലവിലെ വിതരണം കൂടി തടസപ്പെടാന്‍ ഇടയാക്കുന്ന സ്ഥിതിയാണ്.
Tags:    

Similar News