സൈബര്‍ നിയമം: ഡോ. രാജു നാരായണ സ്വാമിയുടെ പുസ്തകം പ്രകാശനം ചെയ്തു
രാജു നാരായണ സ്വാമിയുടെ മുപ്പത്തിരണ്ടാമത്തെ പുസ്തകമാണിത്
സൈബര്‍ നിയമത്തെക്കുറിച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. രാജു നാരായണ സ്വാമി രചിച്ച 'Cyber Law, Crimes, Forensics And Cyber സെക്യൂരിറ്റി: A171...Intoductory Approach' എന്ന ഗ്രന്ഥം മെട്രോമാന്‍ ഇ. ശ്രീധരന്‍ പ്രകാശനം ചെയ്തു. തുടക്കക്കാര്‍ക്ക് മുതല്‍ എല്‍.എല്‍.എം വിദ്യാര്‍ത്ഥികള്‍ക്കുവരെ പ്രയോജനപ്രദമായ രീതിയിലാണ് പുസ്തകത്തിന്റെ രൂപകല്പന. സ്വാമിയുടെ മുപ്പത്തിരണ്ടാമത്തെ പുസ്തകമാണിത്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയില്‍' മുതല്‍ കുഞ്ഞുണ്ണി പുരസ്‌കാരത്തിനര്‍ഹമായ 'നീലക്കുറിഞ്ഞി : ഒരു വ്യാഴവട്ടത്തിലെ വസന്തം' വരെയുള്ള കൃതികള്‍ സ്വാമി ഇതിനു മുന്‍പെഴുതിയ പുസ്തകങ്ങളില്‍പ്പെടും. അഞ്ചു ജില്ലകളില്‍ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, മാര്‍ക്കറ്റ് ഫെഡ് എം.ഡി., കാര്‍ഷികോത്പാദന കമ്മീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐ.ഐ.ടി കാണ്‍പൂര്‍ അദ്ദേഹത്തിന് 2018ല്‍ സത്യേന്ദ്രദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു. സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മേസണ്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന അംഗീകാരമായ ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്. നിയമത്തിലും ടെക്‌നോളജിയിലും ആയി 200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പത്തിയാറ് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ആയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡും സ്വാമിയുടെ പേരില്‍ ഉണ്ട്.