സ്വര്‍ണം ₹59,000ല്‍! മാറുന്നുണ്ട് , പെണ്ണും ചെറുക്കനും വീട്ടുകാരും
സ്വര്‍ണം വേണ്ട, മഞ്ഞ വെളിച്ചത്തോട് കൂട്ടുവെട്ടി പുതു കല്യാണങ്ങള്‍
പവന് 59,000 രൂപ! സ്വര്‍ണ വില ദിവസേനയെന്നോണം റെക്കോഡ് പുതുക്കി മുന്നേറുകയാണ്. കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ സ്വര്‍ണത്തിന് 14,620 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 1975ല്‍ സ്വര്‍ണ വില പവന് 400 രൂപയായിരുന്നു.
1,990ല്‍ ഇത് പവന് 2,493 രൂപയായി. പത്ത് വര്‍ഷം പിന്നിട്ട് 2000ല്‍ എത്തിയപ്പോള്‍ 3,200 രൂപയും 2010ല്‍ 12,280 രൂപയുമായി. 2019 ആയപ്പോഴേക്ക് വില പവന് 23,720 രൂപയിലെത്തി. പിന്നീടുള്ള വളര്‍ച്ച റോക്കറ്റ് വേഗത്തിലായിരുന്നു. തൊട്ടടുത്ത വര്‍ഷം വില ഇരട്ടിയോളം വര്‍ധിച്ച് 42,000 രൂപയായി. 2021ല്‍ വിലയില്‍ ഇടിവുണ്ടായി 36,000 രൂപയിലേക്ക് പോയി. 2022ലും വില ഇതേ നിലവാരത്തിനടുത്തായിരുന്നു. 2023ലാണ് വീണ്ടും തിരിച്ചു കയറി 44,000 രൂപയിലെത്തുന്നത്. ഇപ്പോള്‍ ഒരു വര്‍ഷം കൊണ്ട് വില 59,000 രൂപയെന്ന സര്‍വകാല റെക്കോഡ് തൊട്ട് നില്‍ക്കുന്നു. 2024ല്‍ ഇതു വരെ മാത്രം വിലയിലുണ്ടായത് 12,526 രൂപയുടെ വര്‍ധന. അതായത് 25 ശതമാനത്തിലധികം വര്‍ധന.
സ്വര്‍ണത്തിന്റെ വില എന്തുകൊണ്ടാണ് കേരളത്തില്‍ ഇങ്ങനെ ഉയരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന വ്യതിയാനം എന്നതാണ് സ്വാഭാവികമായ ഉത്തരം. എന്നാല്‍ ഇത്രയും ഉയര്‍ന്ന വിലയിലും ഇവിടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഉണ്ടെന്നതാണ് കാരണം.
കല്യാണ പകിട്ടില്‍ ഉയര്‍ന്ന സ്വര്‍ണം
വിവാഹ ആവശ്യക്കാരാണ് സ്വര്‍ണ വില ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നതെന്ന് പറയാം. കാലാകാലങ്ങളായി വിവാഹവും സ്വര്‍ണവും തമ്മില്‍ വിട്ടുപിരിയാനാവാത്ത ബന്ധമാണ്. മകളെ സര്‍വാഭരണ വിഭൂഷിതയായല്ലാതെ കല്യാണ പന്തലിലേക്ക് ആനയിക്കാന്‍ മനസുവരാത്ത മാതാപിതാക്കളും കണക്കു പറഞ്ഞ് മകന്റെ വധുവിന് ഇത്രയും സ്വര്‍ണം ഉണ്ടെങ്കിലേ പറ്റൂ എന്ന് വാശിപിടിക്കുന്ന മാതാപിതാക്കളും തമ്മില്‍ നിര്‍ബന്ധിതമായി ഉണ്ടായിപ്പോകുന്ന മനപ്പൊരുത്തത്തില്‍ സ്വര്‍ണം താനെ ഉയര്‍ന്ന് പൊങ്ങി. എന്നാല്‍ അടുത്ത കാലത്തായി ഈ ട്രെന്‍ഡ് പതുക്കെ മാറുകയാണ്.
പെണ്‍കുട്ടികള്‍ തന്നെ വിവാഹത്തിന് സ്വര്‍ണം വേണ്ട എന്ന മുദ്രാവാക്യവുമായി രംഗത്ത് എത്തുന്നു. സ്ത്രീധനം എന്ന സമ്പ്രദായത്തില്‍ തന്നെ പൊളിച്ചെഴുത്ത്. തന്റെ പേരില്‍ വീടോ സ്ഥലമോ വാങ്ങിച്ചു തന്നാല്‍ മതിയെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
അളവ് കുറച്ചു, മറ്റ് മാര്‍ഗങ്ങളും തേടുന്നു
മലബാറാണ് സ്വര്‍ണത്തിന്റെ പ്രിയപ്പെട്ട ഒരിടം. അവിടെ നിന്നു തന്നെ തുടങ്ങാം. മലബാര്‍ മേഖലയില്‍ വിവാഹ സമയത്ത് വധുവിന് നല്‍കുന്ന സ്വര്‍ണത്തിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് സംസാരം. മധ്യ വര്‍ഗ കുടുംബങ്ങളില്‍ അഞ്ചു വര്‍ഷം മുമ്പ് 40 മുതല്‍ 50 പവന്‍ വരെ നല്‍കിയിരുന്നെങ്കില്‍ ഇന്ന് അത് പരമാവധി 20 പവനായി കുറഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ പരമാവധി പത്തു പവന്റെ സ്വര്‍ണാഭരണങ്ങളാണ് വധു ധരിക്കുന്നത്. ധനിക കുടുംബങ്ങളില്‍ ഇപ്പോഴും 100 പവനിലേറെ നല്‍കുന്നവരുമുണ്ട്.
വില വര്‍ധിക്കുമ്പോള്‍ വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നതിന്റെ ബജറ്റ് കൂടുന്നുണ്ടെന്ന് പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിന്റെ ചെയര്‍മാന്‍ എം.പി അഹമ്മദ് ധനം ഓണ്‍ലൈനിനോട് പറഞ്ഞു. ''വില വര്‍ധിക്കുമ്പോള്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവ് കുറയുന്നുണ്ട്. എന്നാല്‍ കൂടിയ ബജറ്റിലാണ് വിവാഹ പാര്‍ട്ടികള്‍ ഇപ്പോള്‍ വാങ്ങുന്നത്. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞിട്ടില്ല. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ഡ്യൂട്ടി കുറച്ചത് വില്‍പ്പന കൂടാന്‍ കാരണമായിട്ടുണ്ട്.'' എം.പി.അഹമ്മദ് പറയുന്നു.
വിവാഹ സമയത്ത് വീട്ടിലുള്ള പഴയ സ്വര്‍ണം മാറ്റിയെടുക്കുന്ന രീതിയാണ് ഇപ്പോള്‍ കൂടുതലുമുള്ളത്. പുതിയതായി പത്തോ പതിനഞ്ചോ പവനൊക്കെ വാങ്ങുന്നവരുമുണ്ട്. ഗള്‍ഫ് കുടുംബങ്ങളില്‍ ഗൃഹനാഥന്‍മാര്‍ പല സമയങ്ങളിലായി കൊണ്ടു വന്ന സ്വര്‍ണമാണ് വിവാഹ സമയത്ത് ഉപയോഗിക്കുന്നത്. അതു കൊണ്ടു തന്നെ പുതിയതായി കൂടുതല്‍ സ്വര്‍ണം വാങ്ങേണ്ടി വരുന്നില്ല. കാരറ്റ് കൂടിയ ഗള്‍ഫ് സ്വര്‍ണം മാറ്റി കാരറ്റ് കുറഞ്ഞ പുതിയ സ്വര്‍ണം എടുക്കുമ്പോള്‍ കൂടുതല്‍ എണ്ണം ലഭിക്കുകയും ചെയ്യുന്നു. ''ഗള്‍ഫില്‍ ജോലി ചെയ്ത 15 വര്‍ഷത്തിനിടയില്‍ കൊണ്ടു വന്ന 30 ഓളം പവന്‍ സ്വര്‍ണമാണ് എന്റെ മകളുടെ വിവാഹത്തിന് അടുത്തിടെ ഉപയോഗിച്ചത്. അതു കൊണ്ട് ഉയര്‍ന്ന വിലയില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങേണ്ടി വന്നില്ല.'' സൗദിയില്‍ പ്രവാസിയായ മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശി ഹബീബ് പറയുന്നു.
മധ്യ കേരളത്തില്‍ അടുത്തിടെയായി സ്വര്‍ണത്തോട് അമിതമായ താത്പര്യം കാണുന്നില്ല. വിവാഹ ആവശ്യങ്ങള്‍ക്കായി പുതിയ സ്വര്‍ണം വാങ്ങുന്നവരുണ്ടെങ്കിലും അതു മാത്രമാണ് വേണ്ടതെന്ന ചിന്ത പലരും ഒഴിവാക്കുന്നുണ്ട്. തെക്കന്‍ കേരളത്തില്‍ സ്വര്‍ണം, പണം, വില കൂടിയ കാറുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ വരന് നല്‍കുന്നത് പതിവാണ്. വിവാഹ ദിവസം വധു അണിയുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ വരന്റെ അടുത്ത ബന്ധുക്കള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ സമ്മാനിക്കേണ്ടതുണ്ട്. ആദ്യകാലങ്ങളില്‍ വധുവിന് 100 പവന്‍ സ്വര്‍ണമൊക്കെ സമ്മാനിച്ചിരുന്ന മധ്യവര്‍ഗ കുടുംബങ്ങള്‍ ഇപ്പോള്‍ രീതി മാറ്റി. സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ നിക്ഷേപമെന്ന നിലയില്‍ ഇ-ഗോള്‍ഡ്, നാണയങ്ങള്‍, ഡയമണ്ട്, പ്ലാറ്റിനം തുടങ്ങിയവ വാങ്ങുന്നവരുമുണ്ട്. ഹല്‍ദി, മൈലാഞ്ചി കല്യാണം തുടങ്ങിയ ആഘോഷങ്ങള്‍ക്ക് വേണ്ടി മാത്രമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ലൈറ്റ് വെയ്റ്റ് മന്ത്രം
സ്വര്‍ണ വില വര്‍ധിച്ചതോടെ ഭാരം കൂടിയ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അതേസമയം, ഭാരം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ക്കും ഡയമണ്ട് ആഭരണങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടുതലാണ്. പെണ്‍കുട്ടികള്‍ക്കും സ്വര്‍ണത്തില്‍ പൊതിഞ്ഞു നില്‍ക്കുന്നതിനോട് താത്പര്യമില്ല. ഭാരം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ 18 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിക്കുന്നത്. ഇതിന് താരതമ്യേന വില കുറവാണ്. ഇന്നത്തെ വില നിലവാരം നോക്കിയാല്‍ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ത്തിന് 7,375 രൂപയാണെങ്കില്‍ 18 കാരറ്റിന് 6,075 രൂപയേ ഉള്ളൂ. ആയിരം രൂപയിലധികം വ്യത്യാസമുണ്ട്.
ഇതിലും ചെലവു കുറഞ്ഞ ഒരു ഗ്രാം ആഭരണങ്ങളും ഇപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ട്രെന്‍ഡാണ്. പോക്കറ്റ് ഒട്ടും ചോരാതെ ഭംഗിയുള്ള ആഭരണങ്ങള്‍ സ്വന്തമാക്കാം. മോഷ്ടിക്കപ്പെടുമെന്ന ഭയവും വേണ്ട എന്നതാണ് ഇതിന്റെ ആകര്‍ഷണം. മിക്ക ജുവലറികളും ഭാരം കുറഞ്ഞ ആഭരണങ്ങളുടെ വലിയ നിര തന്നെ ഒരുക്കുന്നുണ്ട്.
പഴയ സ്വര്‍ണം കാത്തുസൂക്ഷിച്ച്
പഴയ സ്വര്‍ണം മാറ്റിയെടുക്കുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ ജുവലറികളില്‍ വില്‍പ്പന കുറഞ്ഞിട്ടില്ല. നേരത്തെ 50 പവന്‍ സ്വര്‍ണം എന്നതായിരുന്നു കണക്കെങ്കില്‍ ഇപ്പോള്‍ അത് കൈയ്യിലുള്ള തുകയ്ക്ക് അനുസരിച്ചായി. അതായത് 20 ലക്ഷം രൂപയുടെ സ്വര്‍ണം അല്ലെങ്കില്‍ 10 ലക്ഷം രൂപയുടെ സ്വര്‍ണം എന്നിങ്ങനെ. എന്നാല്‍ കയ്യിലുള്ള സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണം കുറവാണ്. സ്വര്‍ണ വില കൂടുമ്പോള്‍ പൊതുവേ വിപണിയില്‍ ഡിമാന്‍ഡില്‍ കുറവു വരാറില്ലെങ്കിലും വില കുറയുമ്പോള്‍, ഇനിയും കുറയുമെന്ന കരുതി കാത്തിരിക്കുന്നവരുന്നവരാണ് കൂടുതലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷറര്‍ എസ്.അബ്ദുല്‍ നാസര്‍ പറയുന്നു.
സ്വര്‍ണ എക്‌സ്‌ചേഞ്ച്
പഴയ സ്വര്‍ണം എക്‌സേചേഞ്ച് ചെയ്യുന്നത് പഴയതു പോലെ തുടരുന്നുണ്ട്. ഡയമണ്ട് ആഭരണങ്ങളില്‍ സ്റ്റഡഡ് മോഡലുകള്‍ക്കും വിവിധ കളറുകള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചു. വിവാഹ സമയത്ത് സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ഗോള്‍ഡ് ഉപയോഗിക്കുന്ന രീതി മലബാറിലെ മധ്യവര്‍ഗ കുടുംബങ്ങളില്‍ ഇപ്പോഴും തുടരുന്നുണ്ട്. സ്വര്‍ണത്തിന് വില വര്‍ധിച്ചതോടെ ഇത്തരം കൃത്രിമ ആഭരണങ്ങള്‍ വില്‍ക്കുന്ന കടകളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. തിരൂര്‍ പൊന്ന് എന്ന പേരില്‍ പ്രശസ്തമായ ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ഇന്ന് കോഴിക്കോട് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ സാധാരണക്കാര്‍ക്കിടയില്‍ വ്യാപകമായി വിറ്റുപോകുന്നുണ്ട്. പത്തു ഗ്രാമിന് 7,000 മുതല്‍ 15,000 രൂപ വരെയാണ് ഡിസൈനുകള്‍ക്ക് അനുസരിച്ച് ഇവയുടെ വില. വാടകക്കും ഇവ നല്‍കുന്നുണ്ട്. 1,700 രൂപ മുതല്‍ 2,500 രൂപ വരെയാണ് ഓരോ ആഭരണങ്ങള്‍ക്കും ദിവസ വാടക.
സ്വര്‍ണത്തിന് പകരമായി വീട്, ഫ്‌ളാറ്റ്, സ്ഥലം
സ്വര്‍ണത്തിന് പകരം പെണ്‍മക്കള്‍ക്ക് വിവാഹ സമയത്ത് വസ്തു നല്‍കുന്ന രീതിയും ഇപ്പോള്‍ വ്യാപകമാകുന്നു. അത്യാവശ്യം ധരിക്കാനുള്ള സ്വര്‍ണമാണ് വിവാഹസമയത്ത് വാങ്ങുന്നത്. സ്വര്‍ണം ഒരു ആസ്തിയെന്ന നിലയില്‍ മകള്‍ക്ക് സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പകരം അവര്‍ക്ക് താമസിക്കാന്‍ ഒരു ഫ്‌ളാറ്റോ വീടോ വാങ്ങി നല്‍കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ഒരു റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. സ്വര്‍ണത്തിന്റെ വില ഇത്രയും ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് അത് വാങ്ങി നല്‍കിയില്‍ പിന്നീട് വില ഇടിഞ്ഞാല്‍ അപ്പോഴുണ്ടാകുന്ന നഷ്ടം കണക്കാക്കിയാണ് അദ്ദേഹം ഇത് പറയുന്നത്.
പ്രൈവറ്റ് കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി നോക്കുന്ന അങ്കിത വീട്ടുകാരോട് തന്റെ കല്യാണത്തിന്റെ കാര്യത്തില്‍ മുന്നോട്ടുവച്ച ഏക നിബന്ധന സ്വര്‍ണം ഇല്ലാതെ കല്യാണം നടത്തണമെന്നതാണ്. നാട്ടുകാരെ കാണിക്കാന്‍ ഇത്രയും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വാങ്ങുന്നതിനോട് യോജിപ്പില്ല എന്നതാണ് പ്രധാന കാരണം. എന്നാല്‍ അതു മാത്രമല്ല, ഇത്രയും വിലകൊടുത്ത് സ്വര്‍ണം വാങ്ങി പിന്നീട് ലോക്കറില്‍ വയ്ക്കുന്നതിനേക്കാള്‍ പെണ്‍കുട്ടികളുടെ പേരില്‍ അവര്‍ക്കായൊരു വീടോ ഫ്ളോറ്റോ വാങ്ങി നല്‍കിയാല്‍ പ്രതിസന്ധി സമയത്ത് അവര്‍ക്ക് അത് ഉപകരിക്കുമെന്നും അങ്കിത ചൂണ്ടിക്കാട്ടുന്നു.