സ്‌കെയില്‍ അപ് ഫ്യൂഷന്‍ ബിസിനസ് കോണ്‍ക്ലേവിന് നാളെ തുടക്കം
ലക്ഷ്യമിടുന്നത് 50 പുതിയ സംരംഭങ്ങളും അതിലൂടെ 1,000 തൊഴിലവസരങ്ങളും
ഇന്ത്യയിലെ ആദ്യത്തെ ഫ്യൂഷന്‍ ബിസിനസ് കോണ്‍ക്ലേവായ സ്‌കെയില്‍ അപ് 2024 നാളെ പെരിന്തല്‍മണ്ണയില്‍ ആരംഭിക്കുന്നു. രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത സെഷനുകളില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രഗല്‍ഭരായ വ്യവസായ പ്രമുഖരും ബിസിനസ് പരിശീലകരും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും വിദ്യാര്‍ത്ഥികളും പ്രവാസികളും പൊതുജനങ്ങളും കോണ്‍ക്ലേവില്‍ സംവദിക്കും.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 50 പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കുകയും അതിലൂടെ 1,000 തൊഴിലവസരങ്ങള്‍ നല്‍കുകയുമാണ് ഈ കോണ്‍ക്ലേവിന്റെ പ്രഥമ ലക്ഷ്യം. അതോടൊപ്പം, ചെറുകിട സംരംഭകര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കി അവരെ ആഗോളവിപണി വരെ എത്തിക്കുന്നതിനായി ആരംഭിക്കുന്ന ScaleUp Village പദ്ധതിയുടെ തുടക്കം കുറിക്കല്‍ കൂടിയാണ് ScaleUp കോണ്‍ക്ലേവ്. മടങ്ങി വരുന്ന പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതികളും ഇതിലൂടെ ഒരുങ്ങുന്നുണ്ട്.
ബൂട്ട്ക്യാംപും കുക്കത്തോണും
എല്ലാ വര്‍ഷവും പെരിന്തല്‍മണ്ണയില്‍ നടക്കാന്‍ പോകുന്ന ഈ കോണ്‍ക്ലേവിന്റെ ആദ്യത്തെ എഡിഷനായ സ്‌കെയില്‍ അപ് 2024-ല്‍ വിവിധ സെമിനാറുകള്‍ക്ക് പുറമേ സംരംഭകര്‍ക്കായുള്ള ബിസിനസ് ബൂട്ട്ക്യാംപ്, ആതുരസേവനരംഗത്തെ നൂതനാശയങ്ങള്‍ കണ്ടെത്താനുള്ള മെഡിക്കല്‍ ഹാക്കത്തോണ്‍, ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കാവുന്ന (D2C) ഫുഡ് പ്രൊഡക്റ്റുകളുടെ മത്സരമായ കുക്കത്തോണ്‍, നിക്ഷേപകര്‍ക്ക് മുന്‍പില്‍ ബിസിനസ് ആശയങ്ങള്‍ അവതരിപ്പിക്കുന്ന ലൈവ് ഐഡിയ പിച്ചിങ്, ടെക് & നോണ്‍ ടെക് ശില്‍പശാലകള്‍ എന്നിവയും നടക്കുന്നു.
എക്‌സിബിഷനുകളും ബിസിനസ് സ്റ്റാളുകളും
വാണിജ്യവ്യവസായരംഗങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരേയും നൂതനമായ ആശയങ്ങള്‍ കൊണ്ട് ബിസിനസില്‍ ശ്രദ്ധയമായ നേട്ടങ്ങള്‍ കൈവരിച്ചവരേയും ആദരിക്കുന്ന സ്‌കെയില്‍ അപ് കോണ്‍ക്ലേവില്‍ പ്രശസ്തരായ കലാകാരന്മാര്‍ അണിനിരക്കുന്ന കലാസാംസ്‌ക്കാരിക പരിപാടികളും എക്‌സിബിഷനുകളും നിരവധി ബ്രാന്റുകളുടെ ബിസിനസ് സ്റ്റാളുകളും ഒരുക്കിയിരിക്കുന്നു.
കേരള വ്യവസായ വകുപ്പ് മന്ത്രിയായ പി. രാജീവ് ഉദ്ഘാടനം ചെയ്യുന്ന കോണ്‍ക്ലേവില്‍ അധ്യക്ഷന്‍ നജീബ് കാന്തപുരം എം.എല്‍.എയും മുഖ്യാതിഥി ഡോ. ആസാദ് മൂപ്പനും മുഖ്യപ്രഭാഷണം മുന്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായിരിക്കും.
രജിസ്‌ട്രേഷനും, മറ്റു വിവരങ്ങള്‍ക്കുമായി സ്‌കെയില്‍ അപ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, www.scaleupconclave.com.