കേരളത്തിന്റെ വേഗ റെയില്‍ പദ്ധതിക്കു 'ഗ്രീന്‍ സിഗ്‌നല്‍'

Update:2019-12-18 14:58 IST

തിരുവനന്തപുരത്തു നിന്ന് നാലു മണിക്കൂര്‍ കൊണ്ട് കാസര്‍കോട്ട് എത്താനാകുന്ന സെമി- ഹൈ സ്പീഡ് റെയില്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യത തെളിഞ്ഞു. 532 കി.മീറ്റര്‍ വരുന്ന പാത പണിയാനുള്ള പദ്ധതിക്ക് റെയില്‍വെ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കി.11 ജില്ലകളില്‍ സ്ഥലമെടുപ്പിനായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ആകാശ സര്‍വേ തിങ്കളാഴ്ച തുടങ്ങും.

പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കലും നഷ്ടപരിഹാരം നിശ്ചയിക്കലും ഉള്‍പ്പെടെ പ്രാഥമിക നടപടികളുമായി ഇനി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാം. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി ചെലവിടാനും അനുമതിയുണ്ട്.പദ്ധതിക്ക് പണം മുടക്കാന്‍ പലരും സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു.

ഒരാഴ്ചയ്ക്കകം സര്‍വേ പൂര്‍ത്തിയാക്കി, അന്തിമ അലൈന്‍മെന്റ് നിശ്ചയിച്ച് ജനുവരിയില്‍ വിശദ പദ്ധതിരേഖ കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് നീക്കം.നിലവിലെ യാത്രാസമയം 13 മണിക്കൂറില്‍ അധികം വരുന്നുണ്ട്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 3.52 മണിക്കൂര്‍ മതിയാകും.ട്രെയിനിന്റെ പ്രതീക്ഷിത വേഗത  180- 200 കി.മീറ്റര്‍. സെമി-ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്കൊപ്പം 10 ജില്ലകളില്‍ ഉപഗ്രഹനഗരങ്ങള്‍ (സാറ്റലൈറ്റ് സിറ്റികള്‍) സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.

തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് 24 മിനിട്ട്, കോട്ടയത്തേക്ക് 1.03 മണിക്കൂര്‍, എറണാകുളത്തേക്ക് 1.26 മണിക്കൂര്‍, തൃശൂര്‍ വരെ 1.54 മണിക്കൂര്‍, കോഴിക്കോട് വരെ 2.37മണിക്കൂര്‍, കാസര്‍കോട് വരെ 3.52 മണിക്കൂര്‍ എന്നിങ്ങനെയാകും യാത്രാസമയം. പദ്ധതിയുടെ മൊത്തം ചെലവ് 66,405 കോടി. ഏറ്റെടുക്കേണ്ട ഭൂമി -1226.45 ഹെക്ടര്‍. ഭൂമി ഏറ്റെടുക്കല്‍ ചെലവ് - 8,656 കോടി. 2024ല്‍ പദ്ധതി പൂര്‍ത്തിയാവുമെന്നാണു പ്രതീക്ഷ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News