കാലവര്‍ഷം ശക്തിയായത് സെപ്റ്റംബറില്‍, ആദ്യ 10 ദിവസം പെയ്തത് കനത്ത മഴ

കാലവര്‍ഷ സീസണില്‍ 35-40 ശതമാനം മഴക്കുറവിന് സാധ്യത

Update:2023-09-12 12:19 IST

Image:rain

കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചത് സെപ്റ്റംബറിലെന്ന് കണക്കുകള്‍. ആദ്യപത്ത് ദിവസം കൊണ്ട് ലഭിച്ചത് പകുതിയിലേറെ മഴ. സാധാരണഗതിയില്‍ സെപ്റ്റബറില്‍ ലഭിക്കേണ്ടത് ശരാശരി 272 മില്ലിമീറ്റര്‍ മഴയാണെങ്കില്‍ ഇത്തവണ ആദ്യ പത്ത് ദിവസം തന്നെ പകുതിയിലേറെ മഴ ലഭിച്ചതായി കാലാവസ്ഥകേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, കാലവര്‍ഷം ശക്തിയാകാറുള്ള ഓഗസ്റ്റില്‍ ചരിത്രത്തിലെ ഏറ്റവും കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ മൊത്തം ലഭിച്ചത് 60 മില്ലിമീറ്റര്‍ മഴ മാത്രമാണ്. സെപ്റ്റംബറിലെ ആദ്യപത്ത് ദിവസംകൊണ്ട് ലഭിച്ചതാകട്ടെ 154 മില്ലിമീറ്റര്‍ മഴയും. സെപ്റ്റംബറില്‍ ലഭിക്കേണ്ട ശരാശരി മഴയുടെ 57ശതമാനം മഴ ഇതിനകം ലഭിച്ചു കഴിഞ്ഞു.

കുറവ് വയനാട്

പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ മഴയുണ്ടായത്. 261 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. ആകെ ലഭിക്കേണ്ട മഴയുടെ നാല് ശതമാനം കൂടുതല്‍ മഴയാണ് ഇതുവരെ ലഭിച്ചത്. എറണാകുളം, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലും 200ലേറെ മില്ലിമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. എറണാകുളത്ത് 207 മി.മീ, കോഴിക്കോട് 206 മി.മീ, ആലപ്പുഴ 201 മി.മീ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. വയനാട്ടിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 83.2 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്.

മഴക്കുറവ് നികത്താനാകില്ല

അതേസമയം സെപ്റ്റബറില്‍ മഴ കൂടുതല്‍ ലഭിക്കുന്നുണ്ടെങ്കിലും ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴക്കുറവ് നികത്താനാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ലഭിച്ചാലും 35-40 ശതമാനം മഴക്കുറവ് ഈ കാലവര്‍ഷം ഉണ്ടായേക്കാമെന്നാണ് സൂചന.
Tags:    

Similar News