ഫെഡറൽ ബാങ്കിന് കരുത്തിൻ്റെ വൻമതിൽ തീർത്ത് ശ്യാം ശ്രീനിവാസൻ പടിയിറങ്ങി; 14 വർഷത്തെ ഇന്നിങ്സിന് തിരശീല

ഫെഡറല്‍ ബാങ്കിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച വളര്‍ച്ച കൈവരിച്ച കാലഘട്ടമെന്ന സുവര്‍ണ ചരിത്രമെഴുതിയാണ് ശ്യാം ശ്രീനിവാസന്‍ 'ക്യാപ്റ്റന്‍' പദവിയൊഴിയുന്നത്

Update:2024-09-21 17:38 IST

സുദീര്‍ഘമായൊരു തകര്‍പ്പന്‍ ഇന്നിംഗ്‌സ് കാഴ്ചവെച്ച് ഫെഡറല്‍ ബാങ്കിന്റെ 'ക്യാപ്റ്റന്‍' പദവി ശ്യാം ശ്രീനിവാസന്‍ ഒഴിയുമ്പോള്‍ സുവര്‍ണലിപികളില്‍ കുറിച്ചത് നേട്ടങ്ങളുടെ നീണ്ട പട്ടിക. 2010 സെപ്റ്റംബര്‍ 23നാണ് ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ & ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ശ്യാം ശ്രീനിവാസന്‍ ചുമതലയേല്‍ക്കുന്നത്.  14 വര്‍ഷത്തിനു ശേഷം ഇന്ന് അദ്ദേഹം പദവിയൊഴിയുകയാണ്. ബാങ്കിന്റെ ചരിത്രത്തില്‍ തന്നെ സുദീര്‍ഘമായ കാലയളവില്‍ നേതൃപദവി വഹിച്ച ബാങ്കിംഗ് പ്രൊഫഷണലാണ് ശ്യാം ശ്രീനിവാസന്‍. ഒപ്പം ബാങ്കിന്റെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ലീഡറും. ഫെഡറല്‍ ബാങ്ക് അക്ഷരാര്‍ത്ഥത്തില്‍ രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിച്ചത് ഈ കാലയളവിലാണ്.

ടെക്‌നോളജി മുതല്‍ ബ്രാന്‍ഡ് പ്രതിച്ഛായയില്‍ വരെ മാറ്റം

ബാങ്കിനെ അടിമുടി പ്രൊഫഷണലാക്കി പുതുതലമുറ ബാങ്കുകളെ വെല്ലുംവിധം ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളിച്ചത് ശ്യാം ശ്രീനിവാസൻ്റെ ദീർഘ വീക്ഷണമാണ്. Digital at the fore, human at the core എന്ന ഫിലോസഫി തന്നെ ഫെഡറല്‍ ബാങ്കില്‍ കൊണ്ടുവന്നത് ശ്യാം ശ്രീനിവാസനാണ്. ആലുവ ആസ്ഥാനമായ കേരള ബാങ്ക് എന്നതിൽ നിന്ന് ദേശത്തിന്റെ അതിരുകള്‍ നിശ്ചയിക്കാത്ത വിധമുള്ള ദേശീയ ബാങ്ക് എന്ന തലത്തിലേക്ക് ഫെഡറല്‍ ബാങ്ക് ശ്യാം ശ്രീനിവാസന്റെ സാരഥ്യത്തില്‍ വളര്‍ന്നു.

പരന്ന വായന ഇഷ്ടപ്പെടുന്ന ശ്യാം ശ്രീനിവാസന്‍ ടെക്‌നോളജി രംഗത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ബാങ്കിംഗ് വിദഗ്ധന്‍ കൂടിയാണ്. ബാങ്കിംഗ് ടെക്‌നോളജി രംഗത്ത് ഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചന സ്വഭാവത്തോടെയാണ് ശ്യാം ശ്രീനിവാസന്‍ പങ്കുവെച്ചിരുന്നത്. ഫെഡ് മൊബൈല്‍, ഫെഡ്‌നെറ്റ്, ഫെഡ്ബുക്ക് എന്നിങ്ങനെയുള്ള ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളിലൂടെ വേറിട്ടൊരു കസ്റ്റമര്‍ എക്‌സ്പീരിയന്‍സാണ് ഫെഡറല്‍ ബാങ്ക് നല്‍കിയത്. അതുപോലെ ഒട്ടനവധി ഫിന്‍ടെക് കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ നൂതനമായ നിരവധി ചുവടുവെയ്പ്പുകളും ഇക്കാലഘട്ടത്തില്‍ ബാങ്ക് നടത്തി. ഇക്കാലയളവിൽ രാജ്യാന്തര തലത്തില്‍ ഫെഡറൽ ബാങ്കിന്റെ  പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കപ്പെട്ടു. പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റില്‍.

നേട്ടങ്ങളുടെ നീണ്ട പട്ടിക

ശ്യാം ശ്രീനിവാസന്‍ നേതൃപദവിയിലെത്തുമ്പോള്‍ ബാങ്കിന്റെ വിപണി മൂല്യം 6,321 കോടിയായിരുന്നത് ഇപ്പോള്‍ 45,291 കോടിയായി ഉയര്‍ന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് (വായ്പകളും നിക്ഷേപങ്ങളും) 63,008 കോടിയില്‍ നിന്ന് 4.61 ലക്ഷം കോടിയായി. വരുമാനം 1,942 കോടിയായിരുന്നത് 11,373 കോടിയായും ലാഭം 465 കോടിയില്‍ നിന്ന് 3,721 കോടി രൂപയായും വളര്‍ന്നു. ബാങ്കിന്റെ ശാഖകള്‍ 672ല്‍ നിന്ന് 1,504 ആയപ്പോള്‍ എ.ടി.എമ്മുകള്‍ 732ല്‍ നിന്ന് 2,015 ആയി.

ഇക്കാലയളവിനിടെ ദേശീയതലത്തിലെ ഒട്ടേറെ പുരസ്‌കാരങ്ങളും ഫെഡറല്‍ ബാങ്കിനെ തേടിയെത്തി.

ക്രിക്കറ്റ് പ്രേമിയായ ശ്യാം ശ്രീനിവാസന്‍

ശ്യാം ശ്രീനിവാസന്റെ സിരകളിലുണ്ട് ക്രിക്കറ്റ് ലഹരി. ഇന്ത്യന്‍ ക്രിക്കറ്റിലെ വന്മതില്‍ എന്ന വിശേഷണമുള്ള രാഹുല്‍ ദ്രാവിഡിനോടും അദ്ദേഹത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തോടും ആരാധനയും. ക്രിക്കറ്റ് ബാറ്റുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ഇന്ന് അദ്ദേഹത്തിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കിയത്.

ശ്യാം ശ്രീനിവാസന്‍ സ്ഥാനമൊഴിയുമ്പോള്‍ ഫെഡറല്‍ ബാങ്കിനെ നയിക്കാനെത്തുന്നത് കെ.വി. സുബ്രഹ്‌മണ്യനാണ്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്റ്ററായിരുന്നു ഇദ്ദേഹം.

Tags:    

Similar News