തലസ്ഥാനത്തെ 'സ്മാര്‍ട്ട്' ആക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍
ആശയങ്ങളുമായി 75ഓളം സ്റ്റാർട്ടപ്പ് കമ്പനികൾ
തലസ്ഥാനത്തെ സ്മാര്‍ട്ട് സിറ്റി' ആക്കാനുള്ള ആശയങ്ങളും പരിഹാരങ്ങളും ഉത്പന്നങ്ങളുമായി ഒരു കൂട്ടം സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്ത്. സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് സുസ്ഥിര വികസനത്തിനായുള്ള നഗരത്തിന്റെ ശ്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചിരുന്നു.
ഇത്തരത്തില്‍ സമര്‍പ്പിച്ച ആശയങ്ങളുടെ മൂല്യനിര്‍ണയവും പരിശോധനയും നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത മാസം അവ അന്തിമമാക്കി രണ്ട് മാസത്തിനുള്ളില്‍ നടപ്പാക്കല്‍ ആരംഭിക്കുമെന്ന് സ്മാര്‍ട്ട് സിറ്റി അധികൃതര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് മെറിറ്റ് അടിസ്ഥാനത്തിൽ
75 സ്റ്റാര്‍ട്ടപ്പുകളാണ് സഹകരിക്കാന്‍ താത്പര്യം അറിയിച്ച് എത്തിയത്. ഒരു ആശയം നല്ലതായി കണ്ടെത്തിയാല്‍ അവരെ അവതരണത്തിനായി വിളിക്കും. മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി തിരഞ്ഞെടുക്കുക. മാലിന്യ സംസ്‌കരണം, പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ മുതലായവക്ക് ഒന്നിലധികം സ്റ്റാര്‍ട്ടപ്പുകൾ വ്യത്യസ്ത ആശയങ്ങളും നൂതനമായ പരിഹാരങ്ങളുമായി എത്തിയിട്ടുണ്ട്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഉള്‍പ്പെടുന്ന പദ്ധതിക്കായി രൂപവത്കരിച്ച സാങ്കേതിക സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുക്കുന്നത്. സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ ആവശ്യകതകള്‍ നിറവേറ്റുന്ന ആശയങ്ങളും ഉത്പന്നങ്ങളും പരിഹാരങ്ങളും പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. അതുവഴി സ്റ്റാര്‍ട്ടപ്പുകളെ വലിയ തോതില്‍ അംഗീകാരം നേടാന്‍ സഹായിക്കുന്ന സഹകരണങ്ങള്‍ തുറക്കും.