റെയില്‍വേ, ഊര്‍ജ മേഖലകളിലേക്കും കടക്കുന്നു; ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത

മൂന്ന് കമ്പനികള്‍ ഏറ്റെടുത്തു, 1,000 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെ നേടി

Update:2024-01-23 19:02 IST

Image by Canva

വലിയ വാഹനങ്ങള്‍ക്ക് എന്‍ജിന്‍, സസ്പെന്‍ഷന്‍, ആക്‌സില്‍ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായി 1981ല്‍ പ്രവര്‍ത്തനം ആരംഭിച്ച രാംകൃഷ്ണ ഫോര്‍ജിംഗ്സ് (Ramkrishna Forgings Ltd) ചില കമ്പനികളെ ഏറ്റെടുത്ത് പുതിയ ബിസിനസ് മേഖലകളിലേക്ക് കടക്കുകയാണ്. ക്വാളിഫൈഡ്  ഇൻസ്റ്റിറ്റ്യൂഷണല്‍ പ്ലേസ്മെന്റ് (QIP) വഴി 1,000 കോടി രൂപ സമാഹരിച്ചത് വായ്പ തിരിച്ചടവിനും ഉത്പാദന ശേഷി വര്‍ധിപ്പിക്കാനും വിനിയോഗിക്കും. അറ്റ കടം 593 കോടി രൂപയില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 500 കോടി രൂപയായി കുറയും.

1. മൂന്ന് കമ്പനികളെ ഏറ്റെടുത്തത് വഴി ബിസിനസ് വൈവിധ്യവത്കരണം നടപ്പാക്കാന്‍ സാധിക്കും. മള്‍ട്ടി ടെക്ക് ഓട്ടോ എന്ന കമ്പനിയെ ഏറ്റെടുത്തതിലൂടെ വാണിജ്യ വാഹനങ്ങള്‍, റെയില്‍വേ പദ്ധതികള്‍ എന്നിവയക്ക് ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ സാധിക്കും. ഈ കമ്പനിയില്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കും. ജെ.എം.ടി ഓട്ടോ എന്ന കമ്പനിയെ ഏറ്റെടുത്തതിലൂടെ ഊര്‍ജ മേഖലയിലേക്കും പ്രവേശിക്കാന്‍ കഴിഞ്ഞു. ഏറ്റെടുത്ത മറ്റൊരു കമ്പനിയായ എ.സി.ഐ.എല്‍ പ്രമുഖ കമ്പനികളായ ഹോണ്ട, മാരുതി സുസുകി, എസ്‌കോര്‍ട്‌സ്, ഹോളണ്ട് ട്രാക്റ്റര്‍ തുടങ്ങിയ കമ്പനികള്‍ക്ക് കൃത്യതയുള്ള ഓട്ടോ, ട്രാക്റ്റര്‍ ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്നു.
2. കൂടുതല്‍ റെയില്‍വെ പദ്ധതികള്‍ ഏറ്റെടുക്കാനായി ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് കമ്പനിയുമായി 51:49 അനുപാതത്തില്‍ പുതിയ പങ്കാളിത്ത കമ്പനി ആരംഭിച്ചു. റെയില്‍വേയ്ക്ക് ഫോര്‍ജ്ഡ് ചക്രങ്ങള്‍ നല്‍കാനായിട്ടുള്ള സമ്മത പത്രം ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം 2,28,000 ഫോര്‍ജ്ഡ് ചക്രങ്ങള്‍ നിര്‍മിക്കാനുള്ള ഫാക്റ്ററി സ്ഥാപിക്കും. 2025-26 അവസാനം പ്രവര്‍ത്തിച്ചു തുടങ്ങും. 20 വര്‍ഷത്തേക്ക് 12,226 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കി നല്‍കേണ്ടത്.
3. വാം (warm), കോള്‍ഡ് (cold) ഫോര്‍ജിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നത് വഴി പുതിയ ഗിയര്‍ അസംബ്ലികള്‍ ഉണ്ടാക്കി നല്‍കാന്‍ സാധിക്കും.
4. 2018-19 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ ആഭ്യന്തര ബിസിനസില്‍ 8 ശതമാനം, കയറ്റുമതി ബിസിനസില്‍ 24 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിച്ചു.
5. ഭാരം കുറഞ്ഞ വാഹനങ്ങളുടെ ഘടകങ്ങളുടെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര, വിദേശ കമ്പനികളുടെ കരാറുകള്‍ ലഭിച്ചിട്ടുണ്ട്.
6. 2023-24 ഡിസംബര്‍ പാദത്തില്‍ ആഭ്യന്തര വരുമാനം 32.3 ശതമാനം വര്‍ധിച്ച് 554.5 കോടി രൂപയായി. കയറ്റുമതി വരുമാനം 4.1 ശതമാനം ഉയര്‍ന്ന് 340.47 കോടി രൂപയുമായി. മൊത്തം വരുമാനം 20.1 ശതമാനം വര്‍ധിച്ച് 904.4 കോടി രൂപയിലെത്തി. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 30 ശതമാനം വര്‍ധിച്ച് 224.62 കോടി രൂപയായി. EBITDA മാര്‍ജിന്‍ 21.2 ശതമാനം. അറ്റാദായം 42 ശതമാനം വര്‍ധിച്ച് 86.86 രൂപയായി.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 845 രൂപ
നിലവില്‍ വില - 763.35
Stock Recommendation by Dolat Capital Market. 

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News