അവശ്യസാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വില കൂട്ടാനൊരുങ്ങി സപ്ലൈകോ

വില ഉയര്‍ത്താതെ പിടിച്ചു നില്‍ക്കാനാകില്ല, നിലനില്‍പ്പിന് 500 കോടി ഉടന്‍ വേണം

Update: 2023-10-23 16:17 GMT

Representational image by Canva

പൊതുവിപണിയില്‍ വിലക്കയറ്റം കുതിച്ചുയരവേ അരി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില കൂട്ടാനൊരുങ്ങി സപ്ലൈകോ. ഇതു  സംബന്ധിച്ച് സപ്ലൈകോ സര്‍ക്കാരിന് കത്ത് നല്‍കി. 2016 മുതല്‍ വില ഉയരാതെ പിടിച്ചു നിര്‍ത്തിയിരിക്കുന്ന 13 ഇനം അവശ്യവസ്തുക്കളുടെ വില പരിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സപ്ലൈകോ സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്. വിപണിയിലെ വില നിയന്ത്രകര്‍ ആകേണ്ട സപ്ലൈകോ തന്നെ വില കൂട്ടാനൊരുങ്ങുന്നതു പൊതുജനങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുക.

500 കോടി ഉടന്‍ വേണം
വിതരണക്കാര്‍ക്ക് 600 കോടി രൂപയിലേറെ കുടിശിക ഇനത്തില്‍ സപ്ലൈകോ നല്‍കാനുണ്ട്. അടിയന്തരമായി 500 കോടി രൂപ ലഭിച്ചില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ പണം നല്‍കാതെ സാധനങ്ങള്‍ ലഭ്യമാക്കാനാകില്ലെന്ന നിലപാടിലാണ് വിതരണക്കാരും. അതുകൊണ്ടു തന്നെ സപ്ലൈകോയുടെ പല വില്‍പ്പന കേന്ദ്രങ്ങളിലും പല സാധനങ്ങളും സ്റ്റോക്കില്ല. സബ്‌സിഡിയുള്ള സാധനങ്ങള്‍ക്കായാണ് കൂടുതല്‍ പേരും സപ്ലൈകോയെ ആശ്രയിക്കുന്നത്. ഇവ വാങ്ങാനെത്തുമ്പോള്‍ സബ്‌സിഡി ഇല്ലാത്ത സാധനങ്ങളും വാങ്ങുമെന്നതാണ് സപ്ലോയുടെ വരുമാനം നിലനിര്‍ത്താന്‍ സഹായിക്കുന്നത്. എന്നാല്‍ സബ്‌സിഡി സാധനങ്ങളുടെ ലഭ്യത കുറഞ്ഞത് സപ്ലൈകോയുടെ മൊത്തം വിറ്റുവരവി
നെ
 ബാധിക്കുന്നുണ്ട്. 
പൊതുവിപണിയില്‍ 1,400 രൂപ വില വരുന്ന 13 ഇന സാധനങ്ങള്‍ 756 രൂപയ്ക്കാണ് സപ്ലൈകോയില്‍ ലഭിക്കുന്നത്. ഇതു കൂടാതെ തേയില, വിവിധ കറിപ്പൊടികള്‍ തുടങ്ങിയവയും വില കുറച്ചു നല്‍കുന്നുണ്ട്. 

2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 13 അവശ്യ വസ്തുക്കള്‍ക്കും വില വര്‍ധിപ്പിച്ചിട്ടില്ല. എല്‍.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് അവശ്യവസ്തുക്കളുടെ വില കൂട്ടില്ല എന്നുള്ളത്. മുന്‍പ് സപ്ലൈകോ വില വര്‍ധന ആവശ്യപ്പെട്ടപ്പോഴെല്ലാം സര്‍ക്കാര്‍ അത് നിരാകരിച്ചിരുന്നു.

സര്‍ക്കാര്‍ പ്രതിസന്ധിയില്‍

അതേസമയം ലോക്‌സഭാ തിരിഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വില കൂട്ടാനുള്ള സപ്ലൈകോയുടെ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാരിനു പ്രയാസമായിരിക്കും. വില വര്‍ധിപ്പിക്കാതെ  സാമ്പത്തിക സഹായം നല്‍കാന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ച് അത്ര എളുപ്പവുമല്ല.
പൊതുവിപണിയില്‍ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ സപ്ലൈകോ കൂടി വില ഉയര്‍ത്തിയാല്‍ പൊതുജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും. മാസം 35-45 ലക്ഷം പേര്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നുണ്ടെന്നാണ് സപ്ലൈകോയുടെ കണക്ക്. വിപണി ഇടപെടലിനും സപ്ലൈകോയുടെ ഭാവിക്കും ഉചിതമായ തീരുമാനം വേണമെന്നാണ് ഭക്ഷ്യ വകുപ്പ് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനമെടുക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.
Tags:    

Similar News