തിളക്കമാര്‍ന്ന നേട്ടവുമായി ഈ പൊതുമേഖലാ കമ്പനി, ₹289 കോടിയുടെ പുതിയ ഓര്‍ഡര്‍
മള്‍ട്ടി നാഷണല്‍ കമ്പനികള്‍ അടക്കമുള്ളവയില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് ഓര്‍ഡര്‍ കരസ്ഥമാക്കിയത്
പ്രവര്‍ത്തന ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന ഓര്‍ഡര്‍ നേട്ടവുമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ അങ്കമാലിയിലെ ട്രാന്‍സ്‌ഫോമേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് (ടെല്‍ക്ക്). 38 ട്രാന്‍സ്ഫമറുകള്‍ക്കായുള്ള 289 കോടി രൂപയുടെ ഓര്‍ഡറാണ് ഈ പൊതുമേഖലാ സ്ഥാപനം കരസ്ഥമാക്കിയത്. ഹൈദരാബാദ് ആസ്ഥാനമായ മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡില്‍ നിന്നാണ് ഓര്‍ഡര്‍. മധ്യപ്രദേശിലെ എം.പി ഇന്‍ട്രാ സ്റ്റേറ്റ് ട്രാന്‍സ്മിഷന്‍ പാക്കേജ്-1ന് വേണ്ടിയുള്ള ഈ ട്രാന്‍സ്‌ഫോമറുകള്‍ അടുത്ത ജനുവരി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറണം.
കേരള ഗവണ്‍മെന്റിന്റെയും എന്‍.ടി.പി.സിയുടെയും സംയുക്ത സംരംഭമാണ് 1966ല്‍ ആരംഭിച്ച ടെല്‍ക്. കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 192 കോടി രൂപയുടെ വിറ്റുവരവും 5 കോടി രൂപ ലാഭവും നേടിയിരുന്നു.