ശ്രദ്ധിക്കൂ! കേരള ബിസിനസ് മാറുന്നു

Update:2018-10-21 10:18 IST

ലോകത്തിന്റെ ഏത് കോണില്‍ സംഭവിക്കുന്ന ദുരന്തങ്ങളോടും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളോടും ശരാശരി മലയാളികളുടെ പ്രതികരണം ഓ.. അതൊന്നും ഇവിടെ സംഭവിക്കില്ല; എന്നെ അതൊന്നും ബാധിക്കില്ല എന്ന വിധത്തിലായിരുന്നു.

പ്രമുഖ മനഃശാസ്ത്രഞ്ജന്‍ ഡോ. സി.ജെ ജോണിന്റെ വാക്കുകള്‍ കടമെടുത്താല്‍ 'എന്നെ ഇതൊന്നും ബാധിക്കില്ല സിന്‍ഡ്രോ' മിന്റെ പിടിയില്‍ അകപ്പെട്ടിരുന്ന മലയാളി ബിസിനസ് സമൂഹത്തെ സുഖകരമായ ഒരു ഉറക്കത്തില്‍ നിന്ന് തട്ടിയുണര്‍ത്തി, കുറേ ദുഃസ്വപ്‌നങ്ങളും കൂടി വാരിവിതറിയാണ് അടുത്തിടെയുണ്ടായ മഹാപ്രളയം കടന്നുപോയിരിക്കുന്നത്. കറന്‍സി പിന്‍വലിക്കല്‍ ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയായിരുന്നു. പിന്നീട് ചരക്ക് സേവന നികുതി വന്നു. ഒടുവില്‍ മഹാപ്രളയവും.

യഥാര്‍ത്ഥത്തില്‍ 2014 മുതല്‍ കേരളത്തിലെ ബിസിനസുകള്‍ക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതുമൂലം പല മാറ്റങ്ങള്‍ക്കും നിര്‍ബന്ധിതമായെങ്കിലും അതിനോട് മുഖം തിരിച്ചു നില്‍ക്കാനോ വിമുഖത പ്രകടിപ്പിക്കാനോ ശ്രമിക്കുന്നവരായിരുന്നു ബഹുഭൂരിപക്ഷം സംരംഭകരും.

''നിലവിലുള്ള ബിസിനസ് എങ്ങനെയെങ്കിലും തട്ടിമുട്ടി കൊണ്ടുപോയി, ബാധ്യതകള്‍ തീര്‍ത്ത് പിന്‍വലിയണമെന്നാഗ്രഹിക്കുന്നവരാണ് ഇപ്പോഴും പല ചെറുകിട കച്ചവടക്കാരും ബിസിനസുകാരും. പലരും ഇത് തുറന്ന് സമ്മതിക്കുന്നില്ല. പക്ഷേ സ്വകാര്യ സംഭാഷണത്തില്‍ അവരത് വ്യക്തമാക്കുന്നുണ്ട്,'' സംസ്ഥാനത്തെ വിവിധ തലങ്ങളിലും മേഖലകളിലുമുള്ള സംരംഭകരുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന പ്രമുഖനായൊരു ബിസിനസ് കണ്‍സള്‍ട്ടന്റ് വ്യക്തമാക്കുന്നു.

കേരളത്തിലെ ബിസിനസ് രംഗത്ത് ഇപ്പോള്‍ നടക്കുന്ന മാറ്റങ്ങളെന്താണെന്നറിയാന്‍ സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള സംരംഭകരുമായി സംസാരിച്ചു. സംരംഭകരോട് അടുത്ത ബന്ധം പുലര്‍ത്തുന്ന സ്ട്രാറ്റജിസ്റ്റുകളുമായി ആശയവിനിമയം നടത്തി. പുതിയ അവസരങ്ങളിലേക്ക് സംരംഭകരെ നയിക്കുന്ന ബിസിനസ് കണ്‍സള്‍ട്ടന്റുമാരോടും വിവരങ്ങള്‍ ആരാഞ്ഞു. വ്യവസായ രംഗത്തെ സംഘടനാ പ്രതിനിധികളോടും കാര്യങ്ങള്‍ തിരക്കി.

ഏവരും ഏകശബ്ദത്തില്‍ പറഞ്ഞ ഒന്നുണ്ട്. ഇവിടെ ബിസിനസിലെ ഒരു കാര്യവും ഇനി പ്രവചിക്കാനാവില്ല. എങ്ങനെയെങ്കിലും ബിസിനസ് നടന്നോളും എന്ന ചിന്തയില്‍ നിന്ന് മാറി ബിസിനസിനെ നടത്താന്‍ ഇതുവരെ ചെയ്തതൊന്നും പോര എന്ന വസ്തുത പലരും മനസിലാക്കിയിരിക്കുന്നു. അതോടൊ

പ്പം എല്ലാ രംഗത്തും പ്രകടമായ ചില മാറ്റങ്ങളും വന്നിരിക്കുന്നു.

മാറ്റങ്ങള്‍ എന്തൊക്കെ?

സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടത്തിയ പഠനത്തില്‍ കണ്ടെത്തിയ ശ്രദ്ധേയമായ മാറ്റങ്ങള്‍ ചിലത്.

1. ചെലവ് ചുരുക്കാന്‍ പുതുവഴികള്‍ തേടുന്നു

സംരംഭങ്ങളുടെ നിലനില്‍പ്പിനും ലാഭക്ഷമതയ്ക്കും മുന്‍തൂക്കം നല്‍കുന്നു. എവിടെ നിന്നും എളുപ്പത്തില്‍ പണം ലഭിക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍ ക്യാഷ് ഫളോ ഉറപ്പാക്കാനുള്ള സാധ്യതകളും ബിസിനസ്സുകാര്‍ തേടുന്നു. ആയിരവും പതിനായിരവും ചതുരശ്രയടി വിസ്തീര്‍ണമുള്ള റീറ്റെയ്ല്‍ സ്റ്റോറുകള്‍ സ്വന്തമായുണ്ടെന്ന് അഭിമാനിച്ചിരുന്ന പലരും ഷോറൂം സ്‌പേസ് പരമാവധി കുറയ്ക്കുന്നു. ജപ്പാനിലും മറ്റും സംരംഭങ്ങള്‍ സ്വീകരിക്കുന്നതു പോലെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന, താല്‍പ്പര്യപ്പെടുന്ന സാധനം അവര്‍ക്ക് വേണ്ടിടത്ത് വേണ്ടപ്പോള്‍ എത്തിക്കുന്ന ശൈലിയിലേക്ക് പലരും മാറുന്നു. ഇതുകൊണ്ട് പല മെച്ചങ്ങളുണ്ട്. സ്റ്റോറിന് കുറഞ്ഞ സ്ഥലം മതി. ജീവനക്കാര്‍ കുറച്ചു മതി. ഇലക്ട്രിസിറ്റി കുറഞ്ഞതോതില്‍ ഉപയോഗിച്ചാല്‍ മതി. സ്‌റ്റോക്ക് അധികം സൂക്ഷിക്കേണ്ട. പതിനഞ്ച് മുപ്പത് ദിവസങ്ങള്‍ കൊണ്ട് വിറ്റുപോകാവുന്ന സാധനങ്ങള്‍ മാത്രമേ സംഭരിക്കുന്നുള്ളൂ. വില്‍പ്പന പ്രയാസമായവ കൈയൊഴിയുന്നു. വലിയ റീറ്റെയ്ല്‍ സ്റ്റോറുകള്‍ എന്ന സങ്കല്‍പ്പം മാറി 'ഷോ റൂം' (ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഇടം) എന്ന തലത്തിലേക്ക് മാറ്റം നടക്കുന്നുണ്ട്. ബില്‍ഡിംഗ് മെറ്റീരിയല്‍, ബാത്ത് റൂം ഫിറ്റിംഗ്‌സ്, ലൈറ്റിംഗ് സൊല്യൂഷന്‍, പെയ്ന്റ്‌സ് എന്നീ റീറ്റെയ്ല്‍ രംഗങ്ങളിലാണ് ഇതിപ്പോള്‍ പ്രകടമാകുന്നത്. അധികം വൈകാതെ ഇതര റീറ്റെയ്ല്‍ മേഖലകളിലും ഈ പ്രവണത കണ്ടേക്കാം. പ്രതിസന്ധി ഘട്ടത്തില്‍ അധികമുള്ള ജീവനക്കാരെ കുറയ്ക്കുന്നതിനും അത്യാവശ്യമല്ലാത്ത ചെലവുകള്‍ ഒഴിവാക്കുന്നതിനും പലരും ധൈര്യപൂര്‍വ്വം മുന്നോട്ടുവരുകയാണ്.

2. പ്രൊഫഷണലിസത്തിലേക്ക് ചുവടുമാറ്റം

ബിസിനസുകാര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുന്നു. സ്വയം തൊഴില്‍ എന്ന നിലയില്‍ കൊണ്ടുപോകുന്ന സംരംഭങ്ങള്‍ അധികം വൈകാതെ തകര്‍ന്നടിഞ്ഞേക്കുമെന്ന ധാരണ ശക്തമാകുന്നുണ്ട്. ബിസിനസുകളെ ഗൗരവത്തോടെ കാണുന്നവര്‍ സ്വന്തം സംരംഭത്തിന്റെ ഉള്ളിലേക്ക് നോക്കാനും വേണ്ട മാറ്റങ്ങള്‍ വരുത്താനും ആത്മാര്‍ത്ഥമായി ശ്രമം തുടങ്ങിയിരിക്കുന്നു. കാലാകാലങ്ങളായി തുടര്‍ന്നു പോകുന്ന ശൈലിയില്‍ നിന്ന് മാറി നടന്നാല്‍ മാത്രമേ ഇനി നിലനില്‍പ്പുള്ളൂ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നുണ്ട്. ഇതിന്റെ ഭാഗമായി പലരും സംരംഭത്തില്‍ പ്രൊഫഷണലായ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ ശ്രമിച്ചു തുടങ്ങി. അസംഘടിത രൂപത്തില്‍ പ്രവര്‍ത്തിച്ചിരുന്നവ സംഘടിത രൂപത്തിലേക്ക് മാറാന്‍ നിര്‍ബന്ധിതമാകുന്നു. കേരള ബിസിനസും ഇതോടെ കൂടുതല്‍ സംഘടിതമാകും.

3. നമ്പര്‍ ടു ബിസിനസില്‍ നിന്ന് സുതാര്യ എക്കൗണ്ടിംഗ് രീതികളിലേക്ക്

''ബിസിനസ് ആവശ്യത്തിന് എത്ര പണം വേണമെങ്കിലും തരാന്‍ തയ്യാറായി ഒട്ടനവധി പേര്‍ ബന്ധപ്പെട്ടിരുന്ന കാലഘട്ടമുണ്ട്. പുറത്തു നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ പണം ഒഴുകി വരുകയും ചെയ്തിരുന്നു. പല ബിസിനസുകളിലും സുതാര്യത വളരെ കുറവായിരുന്നു. ഇന്ന് ഇത്തരം ബ്ലാക്ക്മണിയുടെ സ്വാധീനം സംസ്ഥാനത്തെ ബിസിനസില്‍ കുറഞ്ഞു വരികയാണ്,'' മലബാര്‍ മേഖലയിലെ ഒരു ബിസിനസുകാരന്‍ ചൂണ്ടിക്കാട്ടുന്നു.

ചരക്ക് സേവന നികുതി നടപ്പാക്കപ്പെട്ടതോടെ സംരംഭങ്ങളിലെ കണക്കെഴുത്ത് രീതികള്‍ മാറ്റാന്‍ നിര്‍ബന്ധിതരായി. നമ്പര്‍ ടു ബിസിനസില്‍ നിന്ന് സുതാര്യമായ എക്കൗണ്ടിംഗ് പ്രാക്ടീസുകളിലേക്ക് സംസ്ഥാനത്തെ സംരംഭങ്ങള്‍ മാറുകയാണ്.

ബിസിനസുകള്‍ കൃത്യമായി കണക്കെഴുതാതെ ഇന്ന് നിലനില്‍ക്കാന്‍ സാധ്യമല്ല. കറന്‍സി പിന്‍വലിക്കല്‍, ചരക്ക് സേവന നികുതി എന്നിവയ്‌ക്കെല്ലാം പുറമേ കടലാസ് കമ്പനികളെ തുടച്ചുമാറ്റാന്‍ ചട്ടം കര്‍ശനമാക്കിയതോടെ ബിസിനസ് കൂടുതല്‍ സുതാര്യമാകുകയാണ്.

പ്രളയം വന്നതോടെ ബില്ലുകള്‍ സൂക്ഷിക്കുന്നതിന്റെയും ചോദിച്ചു വാങ്ങുന്നതിന്റെയും ആവശ്യകത കുറേക്കൂടി ബിസിനസുകാര്‍ക്കും ജനങ്ങള്‍ക്കും മനസിലായി. തട്ടിക്കൂട്ട് ബിസിനസുകളെ ജനങ്ങള്‍ തന്നെ കൈയൊഴിയുന്ന സ്ഥിതിയായിട്ടുണ്ട്. ''എത്തിക്കലായും പ്രൊഫഷണലായും ബിസിനസ് ചെയ്യുന്നവര്‍ക്കാണ് ഇനി നിലനില്‍പ്പ്. കൃത്യമായി കണക്കെഴുതി, സുതാര്യമായി ബിസിനസ് നടത്തുന്നതോടെ കേരളത്തിലെ സംരംഭകര്‍ക്ക് ബാങ്കുകളില്‍ നിന്നും ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും കൂടുതല്‍ ധനസഹായം ലഭിക്കാനുള്ള സാഹചര്യമൊരുങ്ങും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ബിസിനസുകള്‍ക്ക് നേട്ടമാകും,'' ഈ രംഗത്ത് ചുവടുമാറ്റം നടത്തിയ ഒരു പ്രമുഖ ബിസിനസുകാരന്‍ പറയുന്നു.

4. കേരളത്തിന് പുറത്തേക്ക് നോക്കുന്നു

കേരളത്തില്‍ ഒരു പരിധിവരെ വിപണിയില്‍ വിജയമുണ്ടാക്കിയ കമ്പനികള്‍ രാജ്യാന്തര വിപണിയിലേക്ക് പ്രവേശിക്കാനാണ് പൊതുവേ ആഗ്രഹിച്ചിരുന്നത്. ഇതിന്റെ ഭാഗമായി പലരും മിഡില്‍ ഈസ്റ്റില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. പക്ഷേ അവിടെയും പ്രശ്‌നങ്ങള്‍ വന്നതോടെ ഇതുകൊണ്ട് കാര്യമായ നേട്ടം സംരംഭകര്‍ക്ക് ഇപ്പോഴില്ല. ആ സാഹചര്യത്തില്‍ കേരളത്തിനു പുറത്ത് ഇന്ത്യയ്ക്കകത്തു തന്നെ നോക്കുക - ഠവശിസ യല്യീിറ ഗലൃമഹമ - എന്ന ആശയം പലരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഒരു ചെറിയ മാര്‍ക്കറ്റില്‍ നിന്നു കൊണ്ട് അധികം വളര്‍ച്ച നേടാന്‍ സാധ്യമല്ല എന്ന വിശ്വാസം ശക്തിപ്രാപിക്കുകയാണ്. പ്രളയവും നിപ്പാ വൈറസും വിപണി വിപുലീകരണത്തിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

5. ഇന്‍ഷുറന്‍സ് അനിവാര്യമെന്ന തിരിച്ചറിവ്

ഇന്‍ഷുറന്‍സിനെ കുറിച്ച് കൃത്യമായ അവബോധം സംരംഭകര്‍ക്കിടയില്‍ വരുന്നുണ്ടെന്നതാണ് മറ്റൊരു പ്രവണത. ബാങ്ക് വായ്പ എടുത്താല്‍ അതിനു മാത്രം ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന ശൈലിയൊക്കെ മാറുന്നു. സ്വന്തം ബിസിനസിലെ റിസ്‌കുകളെന്തെന്ന് വിദഗ്ധരുടെ സഹായത്തോടെ വിശകലനം ചെയ്യാനും അതിന് മതിയായ പരിരക്ഷ നേടാനും ശ്രമിക്കുന്നു. സംസ്ഥാനത്തെ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനികളിലെ വിദഗ്ധരുടെ മുന്നില്‍ നിര്‍ദേശം തേടിയും ആവശ്യങ്ങളുടെ നീണ്ടനിരയുമായി നൂറുകണക്കിനാളുകളാണ് വരുന്നത്.

6. നോക്കുന്നത് സുരക്ഷിതമായ സ്ഥലങ്ങള്‍ മാത്രം

പുഴയോരത്ത് സദാസമയവും ഇളം കാറ്റ് വീശുന്നയിടത്ത് ഒരു വീട്. മലയാളിയുടെ ഏറ്റവും ഗൃഹാതുരമായ കാര്യമാണിത്. പ്രളയം വന്നതോടെ ഈ മോഹം ദുസ്വപ്‌നമായി. ആലുവയിലും മറ്റു വാട്ടര്‍ഫ്രണ്ട് അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയില്‍ താമസിക്കുന്നവര്‍ ദിവസങ്ങളോളം വൈദ്യുതിയും കുടിവെള്ളവുമില്ലാതെ കടല്‍ പോലെ പരന്നുകിടക്കുന്ന വെള്ളത്തിന് നടുവില്‍ ഒറ്റപ്പെട്ടു. താഴത്തെ നിലകള്‍ ചെളിയും വെള്ളവും കയറി നശിച്ചു. വില്ലകളില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. കുട്ടനാട്ടിലും സ്ഥിതി വളരെ മോശമായിരുന്നു. കേരളത്തിലെ പല ഭാഗങ്ങളിലും സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസം മാറ്റാന്‍ പലരും തയ്യാറെടുപ്പുകള്‍ തുടങ്ങി. വില്ല പ്രോജക്റ്റിന് സ്ഥലം തേടുന്നവര്‍ ആദ്യം പറയുന്ന നിബന്ധന വെള്ളം കയറാത്ത സ്ഥലം എന്നതാണ്.

പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന, പരമ്പരാഗത വീട് നിര്‍മാണ രീതിയില്‍ നിന്ന് കേരളീയര്‍ അകന്നു പോയിരുന്നു. ആഡംബരത്തിന് പ്രാധാ

ന്യം നല്‍കിയതോടെ പ്രായോഗിക ആവശ്യവും മാറിപ്പോയി. എന്നാല്‍ ഗ്രൗണ്ട് ഫ്‌ളോര്‍ യൂട്ടിലിറ്റി ഏരിയയാക്കി മാറ്റി, ഒന്നാം നില മുതല്‍ വാസയോഗ്യമാക്കുന്ന, ചെലവു കുറഞ്ഞ ഭവന നിര്‍മാണ പ്രോജക്റ്റുകളെ കുറിച്ചൊക്കെ പ്രമുഖ ആര്‍ക്കിടെക്റ്റുമാരുടെ അരികില്‍ അന്വേഷണങ്ങള്‍ ധാരാളമെത്തുന്നു.

7. ഡിജിറ്റൈസേഷന്‍ വ്യാപകമാകുന്നു

ഒരു കംപ്യൂട്ടറിന് സമാനമായ സംഭരണ ശേഷിയുള്ള മൊബീല്‍ ഫോണ്‍ കൈയിലുണ്ടായിരുന്നുവെങ്കിലും അതിപ്രധാനമായ രേഖകളുടെ ഡിജിറ്റല്‍ കോപ്പി അതില്‍ ബിസിനസുകാര്‍ സൂക്ഷിച്ചിരുന്നില്ല. ബാക്ക് അപ്പ് എടുക്കുന്ന ശീലം തന്നെ കുറവായിരുന്നു. ബാക്ക് അപ്പിന് ക്ലൗഡ് പോലുള്ള സംവിധാനം

ഉപയോഗിക്കുന്നവരും ചുരുക്കമായിരുന്നു. കംപ്യൂട്ടറുകള്‍ മുഴുവന്‍ വെള്ളം കയറി നശിച്ചതോടെ പലരുടെയും കൈയില്‍ സ്വന്തം ഇ മെയ്ല്‍ ഐഡി മാത്രമേ ബാക്കിയുണ്ടായുള്ളൂ. ഇതൊരു പാഠമായിട്ടുണ്ട്. രേഖകള്‍ ഡിജിറ്റൈസേഷന്‍ നടത്താനും ശാസ്ത്രീയമായ രീതിയില്‍ ബാക്കപ്പ് സംവിധാനം ഏര്‍പ്പെടുത്താനും സംരംഭത്തില്‍ സിസ്റ്റം കൊണ്ടുവരാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നു.

8. ധാര്‍മികതയ്ക്ക് സ്ഥാനം ഏറുന്നു

ധാര്‍മിക മൂല്യങ്ങളും നൈതികതയും ബിസിനസില്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന ചിന്ത ശക്തമാകുന്നു. വെട്ടിപ്പിടിച്ച് നേടിയതെല്ലാം നഷ്ടപ്പെടാന്‍ ഇരച്ചെത്തുന്ന വെള്ളം മതിയെന്ന് ചിന്ത പലരിലും ശക്തമായിട്ടുണ്ട്. അതുപോലെ തന്നെ വന്‍കിട കോര്‍പ്പറേറ്റുകള്‍ മാത്രമല്ല, സാധാരണ സംരംഭകര്‍ വരെ സമൂഹത്തോടുള്ള തങ്ങളുടെ കടമ നിറവേറ്റാന്‍ സ്വയം മുന്നോട്ടു വരുന്നു.

9. പഴയശൈലികള്‍ മാറ്റുന്നു

സംസ്ഥാനത്ത് കാല്‍ നൂറ്റാണ്ടിലും അതിലും ഏറെ കാലമായും വിജയകരമായി നിലനില്‍ക്കുന്ന സംരംഭങ്ങള്‍ പോലും ഇപ്പോള്‍ നഷ്ടത്തിന്റെ കയ്പ് അറിയുകയാണ്. തന്റെ സംരംഭക ജീവിതത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു പ്രതിസന്ധിയെന്ന് തുറന്നുപറയുന്നവരുമുണ്ട്. ഇതുവരെ അവര്‍ക്ക് നേട്ടം സമ്മാനിച്ചിരുന്ന ബിസിനസ് മോഡല്‍ ഇപ്പോള്‍ പണ്ടേ പോലെ ഫലിക്കുന്നില്ല. ട്രാവല്‍, മീഡിയ, വ്യാപാരം, ഹോസ്പിറ്റാലിറ്റി എന്നുവേണ്ട എല്ലാ രംഗത്തും മാറ്റങ്ങള്‍ അതിവേഗമാണ് നടക്കുന്നത്. അതും അപ്രതീക്ഷിതമായും. പ്രവചനാതീതമായ ഈ ഘട്ടത്തില്‍ പഴയ രീതിയും ചിന്താഗതിയും ഇനി തുടര്‍ന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവുണ്ട്.

10. പ്രകൃതിസൗഹൃദം, സഹജീവി സ്‌നേഹം

മനുഷ്യത്വമാണ് മുന്നില്‍ എന്നതും ഏവരും തിരിച്ചറിയുന്നുണ്ട്. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ദുരന്തമുഖങ്ങളില്‍ കൂട്ടായി സഹജീവികള്‍ മാത്രമേ കാണൂ. അവരോട് കരുതലും കരുണയും അനിവാര്യമാണെന്ന ബോധ്യവും വന്നു. പ്രകൃതി വിഭവങ്ങളെ ആര്‍ത്തിയോടെ ചൂഷണം ചെയ്യരുതെന്നും ഉള്ളിന്റെ ഉള്ളിലെങ്കിലും സ്വയം പറയുന്നുണ്ട്. റവന്യു രേഖകളില്‍ മാറ്റം വരുത്തി കൃഷി ഭൂമി കരഭൂമി ആക്കാന്‍ സാധിച്ചാലും പ്രകൃതിയുടെ രേഖയില്‍ അത് മാറില്ലെന്നും വെള്ളം അവിടെ കെട്ടിനില്‍ക്കുമെന്നുമൊക്കെ ബിസിനസുകാര്‍ തന്നെ അടക്കം പറഞ്ഞു തുടങ്ങി. പ്രകൃതിയെ ദ്രോഹിച്ചാല്‍ ഇപ്പോഴല്ലെങ്കില്‍ എപ്പോഴെങ്കിലും തിരിച്ചു കിട്ടുമെന്നും നേടിയതെല്ലാം അതില്‍ ഇല്ലാതാകുമെന്നുമുള്ള ഭയവും അതില്‍ നിന്നുള്ള പരിസ്ഥിതിയോടുള്ള ബഹുമാനവും സംരംഭങ്ങളില്‍ കണ്ടുവരുന്നുണ്ട്.

മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് മുന്നേറുന്ന സംരംഭങ്ങള്‍ക്കേ നിലവിലെ സാഹചര്യത്തില്‍ നിലനില്‍പ്പുള്ളൂ. സ്വസ്ഥമായൊരു ചട്ടകൂടില്‍ ഒതുങ്ങി നിന്ന് ബിസിനസ് ചെയ്യാന്‍ ഇനി സാധിക്കില്ല. അതുകൊണ്ട് നൂതനമായ ആശയങ്ങള്‍ ബിസിനസ് നടത്തിപ്പില്‍ ഉള്‍ച്ചേര്‍ക്കേണ്ടത് നിലനില്‍പ്പിന്റെ കൂടി കാര്യമാണ്.

Similar News