കേരള കമ്പനിയായ ടോളിന്‍സിന്റെ ഐ.പി.ഒയ്ക്ക് തുടക്കമായി, അനലിസ്റ്റുകളുടെ റേറ്റിംഗ് ഇങ്ങനെ

ഗ്രേ മാര്‍ക്കറ്റ് പ്രീമിയവും വിശദാശംങ്ങളും നോക്കാം

Update:2024-09-09 15:08 IST

കേരളം ആസ്ഥാനമായ, ടയര്‍ കമ്പനികളിലൊന്നായ ടോളിന്‍സ് ടയേഴ്‌സ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) ഇന്ന് തുടക്കമായി. മാന്യമായ പ്രതികരണമാണ് ഐ.പി.ഒയ്ക്ക് ലഭിക്കുന്നത്. റീറ്റെയില്‍ നിക്ഷേപകര്‍ക്കായി നീക്കി വച്ച ഓഹരികള്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.

230 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഐ.പി.ഒയില്‍ 215-226 രൂപയാണ് ഓഹരിക്ക് വില നിശ്ചയിച്ചിരിക്കുന്നത്.
200 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 30 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
സെപ്റ്റംബര്‍
 11ന് ഐ.പി.ഒ അവസാനിക്കും. അര്‍ഹരായ നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് സെപ്റ്റംബര്‍ 12ന് ഓഹരി വരവ് വയ്ക്കും. സെപ്റ്റംബര്‍ 16നാണ് ലിസ്റ്റിംഗ് പ്രതീക്ഷിക്കുന്നത്.

അനലിസ്റ്റുകളുടെ അഭിപ്രായം

മാന്യമായ ഓഹരി വാല്വേഷനും കമ്പനിയുടെ ശക്തമായ സാമ്പത്തിക പ്രകടനങ്ങളും കണക്കിലെടുത്ത് ഐ.പി.ഒയ്ക്ക് 'സബ്സ്‌ക്രൈബ്' റേറ്റിംഗ് ആണ് മിക്ക അനലിസ്റ്റുകളും നല്‍കുന്നത്.

സമാന മേഖലയിലെ കമ്പനികളുമായി നോക്കുമ്പോള്‍ ഓഹരിയുടെ അപ്പര്‍ പ്രൈസ്ബാന്‍ഡ് 226 രൂപയാണെന്നത് മാന്യമാണെന്ന് ഇന്‍ഡ്‌സെക് സെക്യൂരിറ്റീസ് ഇൻസ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് സരള്‍ സേത് പറയുന്നു. 2021- 2022 സാമ്പത്തിക വര്‍ഷം മുതല്‍ 2024 സാമ്പത്തിക വര്‍ഷം വരെ വരുമാനത്തില്‍ 42 ശതമാനം, എബിറ്റ്ഡ 176 ശതമാനം, ലാഭം 542 ശതമാനം എന്നിങ്ങനെ സംയോജിത വാര്‍ഷിക വരുമാന വളര്‍ച്ച നേടിയിട്ടുണ്ട്.
ടയര്‍ റീട്രെഡിംഗിലെ മുന്‍ നിരക്കാരായ ടോളിന്‍സ് ടയര്‍ നിര്‍മാണത്തിലും ശ്രദ്ധേയരാണ്. ഏയ്‌റോസ്‌പേസ്, ഡിഫന്‍സ് സെക്ടറുകളിലേക്കും റേഡിയല്‍ ടയര്‍ മാര്‍ക്കറ്റിലേക്കും പ്രവര്‍ത്തനം വിപുലപ്പടുത്താനുള്ള ലക്ഷ്യത്തിലുമാണ് എന്നത് അനുകൂലമായ ഘടകങ്ങളാണ്. 
ദീര്‍ഘകാല ലക്ഷ്യത്തോടെ ഓഹരിയില്‍ നിക്ഷേപിക്കാമെന്നാണ് സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് അനലിസ്റ്റ് പറയുന്നത്. ഉത്പന്നങ്ങളിലെ വൈവിധ്യവും രാജ്യത്തും പുറത്തുമായുള്ള വലിയ ഉപഭോക്തൃ നിരയും കമ്പനിക്കുണ്ടെന്ന് ഇവര്‍ പറയുന്നു.
ഓഹരി വിപണിക്കു പുറത്തുള്ള അനൗദ്യോഗിക വിപണിയില്‍ (ഗ്രേ മാര്‍ക്കറ്റ്) 25 രൂപ പ്രീമിയത്തിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. അതായത് ഓഹരിയുടെ ഉയര്‍ന്ന വിലയായ 226 രൂപയില്‍ നിന്ന് 11 ശതമാനത്തോളം ഉയര്‍ന്ന് 251 രൂപയില്‍. 
ലിസ്റ്റിംഗ് വില കണക്കുകൂട്ടാന്‍ അനൗദ്യോഗികമായി ഗ്രേ മാര്‍ക്കറ്റ് വിലയാണ് അടിസ്ഥാനമാക്കാറുള്ളത്. പക്ഷെ ചിലപ്പോള്‍ വലിയ വ്യത്യാസങ്ങള്‍ ഇതിലുണ്ടാകാറുമുണ്ട്.

ടോളിന്‍സ് ടയര്‍

ടോളിന്‍സ് ടയര്‍ ബ്രാന്‍ഡില്‍ ചെറു വാണിജ്യ വാഹനങ്ങള്‍, കാര്‍ഷിക വാഹനങ്ങള്‍, ഇരുചക്ര/മുച്ചക്ര വാഹനങ്ങള്‍ എന്നിവയ്ക്ക് ടയറുകള്‍ നിര്‍മിച്ചു നല്‍കി വരുന്ന, കാലടി മറ്റൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടോളിന്‍സ് ടയേഴ്സ്. പുതിയ ടയര്‍ നിര്‍മിക്കുന്നതിനൊപ്പം ട്രെഡ്സ് ടയര്‍ രംഗത്തും സജീവമാണ്. ടോളിന്‍സിന് മൂന്ന് നിര്‍മാണ യൂണിറ്റുകളാണുള്ളത്. രണ്ടെണ്ണം കാലടിയിലെ മറ്റൂരിലും മറ്റൊന്ന് യു.എ.ഇയിലെ അല്‍ ഹംറ ഇന്‍ഡസ്ട്രീയല്‍ സോണിലുമാണ്.

2024 സാമ്പത്തികവര്‍ഷം 227 കോടി രൂപയുടെ വരുമാനം നേടാന്‍ ടോളിന്‍സിന് സാധിച്ചിരുന്നു. 26 കോടി രൂപയാണ് ലാഭം. വരുമാനത്തിന്റെ 76 ശതമാനം റീട്രെഡ് ടയറുകളുടെ വില്പനയില്‍ നിന്നായിരുന്നു. 172 കോടി രൂപയാണ് ഈ വിഭാഗത്തില്‍ നിന്ന് നേടിയത്. പുതിയ ടയറുകളുടെ വില്പനയില്‍ നിന്നുള്ള വരുമാനം 55 കോടി രൂപയാണ്. 12 കോടി രൂപയാണ് കയറ്റുമതിയില്‍ നിന്ന് സ്വന്തമാക്കിയത്. ആകെ വരുമാനത്തിന്റെ അഞ്ച് ശതമാനം വരുമിത്.

ഇന്ത്യ കൂടാതെ മിഡില്‍ ഈസ്റ്റ്, ആസിയാന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു. നിലവില്‍ 18 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്.

Tags:    

Similar News