വി.പി.എസ് ലേക്‌ഷോറിന്റെ വരുമാനം ₹425 കോടി; 17% ഡിവിഡന്‍ഡ് പ്രഖ്യാപിച്ചു

ലാഭം 34 ശതമാനം വര്‍ധിച്ചു

Update:2023-10-06 10:45 IST

image: twitter.com/drshamsheervp

വി.പി.എസ് ലേക്‌ഷോറിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 57.51 കോടി രൂപയുടെ ലാഭം. 34 ശതമാനമാണ് വര്‍ധന. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 42.88 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 2022 സാമ്പത്തിക വര്‍ഷത്തിലെ 358.59 കോടിയില്‍ നിന്ന് 17.4 ശതമാനം വര്‍ധിച്ച് 424.54 കോടിയായി.

ഓഹരി ഉടമകള്‍ക്ക് 17 ശതമാനം ലാഭവിഹിതം നല്‍കുമെന്ന് വി.പി.എസ് ലേക്‌ഷോർ ചെയര്‍മാന്‍ ഷംഷീര്‍ വയലില്‍ അറിയിച്ചു.
വിദേശത്തുനിന്നെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെ സംവിധാനങ്ങള്‍ ആധുനികവത്കരിക്കുന്നതില്‍ ശ്രദ്ധ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് നിന്ന് ചികിത്സതേടിയെത്തിയ രോഗികളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20,047 ആയി. മുന്‍ വര്‍ഷം ഇത് 6,008 ആയിരുന്നു. നെഫ്രോളജി, മെഡിക്കല്‍ ഓങ്കോളജി, കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, യൂറോളജി, ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് ജി.ഐ സര്‍ജറി വിഭാഗത്തിലാണ് കൂടുതല്‍ പേരും ചികിത്സ തേടിയത്. 53 കരള്‍ മാറ്റ ശസ്ത്രക്രിയകളും 212 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും നടത്തി.

വിദ്യാഭ്യാസം, രോഗ്രപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പിന്തുണ തുടങ്ങിയവയുള്‍പ്പെടെയുള്ള സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 60 ലക്ഷം രൂപ ഇക്കാലയളവില്‍ ചെലവഴിച്ചു. അന്താരാഷ്ട്ര സ്റ്റാന്‍ഡേഡുകള്‍ക്ക് അനുസരിച്ച് ആശുപത്രിയെ ഉയര്‍ത്തുന്നതിനായി കെട്ടിടങ്ങളുടെ നവീകരണവും നടന്നു വരുന്നു.

Tags:    

Similar News