സര്‍ക്കാരിന്റെ കൃഷി ഗവേഷണ കേന്ദ്രവുമായി കൈകോര്‍ത്ത് ആമസോണ്‍ ഇന്ത്യ

കാര്‍ഷിക രീതികള്‍ മെച്ചപ്പെടുത്തുന്നതിനും കാര്‍ഷിക ലാഭവും വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കും

Update:2023-06-12 10:45 IST

രാജ്യത്തെ കൃഷി മെച്ചപ്പെടുത്തുന്നതിന് കര്‍ഷകരെ സഹായിക്കാമെന്ന് ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി കമ്പനി കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ത്തു.

ആമസോണ്‍ ഇന്ത്യയുടെ 'കിസാന്‍ സ്റ്റോറില്‍' ഉള്‍പ്പെടുന്ന കര്‍ഷകര്‍ക്ക് വിവിധ വിളകളുടെ ശാസ്ത്രീയമായ കൃഷിയെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കാനും മികച്ച വിളവും വരുമാനവും നേടാന്‍ അവരെ സഹായിക്കുന്നതിനും സര്‍ക്കാരിന്റെ കൃഷി ഗവേഷണ വിഭാഗമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചുമായാണ് (ഐ.സി.എ.ആര്‍) ക്മ്പനി കരാറിലേര്‍പ്പെട്ടത്.

കാര്‍ഷിക ലാഭം വര്‍ധിപ്പിക്കും

ആമസോണ്‍ ഫ്രെഷ് വഴി ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള പുത്തന്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്. കാര്‍ഷിക രീതികള്‍ മെച്ചപ്പെടുത്തുന്നതിനും കാര്‍ഷിക ലാഭവും വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും ആമസോണ്‍ പറയുന്നു.

വീട്ടുപടിക്കല്‍ എത്തിക്കും

ഐ.സി.എ.ആറിന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ യു എസ് ഗൗതം, ആമസോണ്‍ ഫ്രഷ് സപ്ലൈ ചെയിന്‍, കിസാന്‍ എന്നിവയുടെ പ്രൊഡക്റ്റ് ലീഡര്‍ സിദ്ധാര്‍ഥ് ടാറ്റ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 2021 സെപ്റ്റംബറിലാണ് ആമസോണ്‍ പ്ലാറ്റ്ഫോമില്‍ 'കിസാന്‍ സ്റ്റോര്‍' വിഭാഗം ആരംഭിച്ചത്. കര്‍ഷകര്‍ക്ക് കൃഷി ചെയ്യുന്നതിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കുന്ന ഒന്നാണ് കിസാന്‍ സ്റ്റോര്‍.

Tags:    

Similar News