ഇന്ത്യന്‍ നിര്‍മിത ഐഫോണിന്റെ കയറ്റുമതി കൂടി
ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയുടെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആപ്പിള്‍ കമ്പനിയുടെ സംഭാവന 2022 ല്‍ 25 ശതമാനമായി ഉയര്‍ന്നു;
പ്രീമിയം ഫോണുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ 2022-ല്‍ ഇന്ത്യന്‍ നിര്‍മിത ആപ്പിള്‍ ഐഫോണ്‍ കയറ്റുമതി 65 ശതമാനം ഉയര്‍ന്നതായി കൗണ്ടര്‍പോയിന്റ് വ്യക്തമാക്കി. ഇന്ത്യയിലെ ആപ്പിള്‍ ഐഫോണ്‍ നിര്‍മാണ കമ്പനികളായ ഫോക്സ്‌കോണ്‍ ഹോന്‍ ഹായ്, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവര്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയില്‍ ഭാഗമായതാണ് ആപ്പിളിന്റെ കയറ്റുമതിയിലെ വളര്‍ച്ചയുടെ മറ്റൊരു കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വിപണി മൂല്യത്തിലും മുന്നില്‍
ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയുടെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആപ്പിള്‍ കമ്പനിയുടെ സംഭാവന 2021 ല്‍ 12 ശതമാനമായിരുന്നത് 2022 ല്‍ 25 ശതമാനമായി ഉയര്‍ന്നു. 2022-ല്‍ ഇന്ത്യയിലെ മികച്ച 10 ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സേവന കമ്പനികളില്‍ ഫോക്സ്‌കോണ്‍ ഹോന്‍ ഹായ്, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവ ഉള്‍പ്പെടുന്നവെന്നും റിപ്പോര്‍ട്ട് പറയുന്നു.
മൊത്ത കയറ്റുമതി കുറഞ്ഞു
അതേസമയം ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട്ഫോണിന്റെ മൊത്തത്തിലുള്ള കയറ്റുമതി 2022 ല്‍ 3 ശതമാനം കുറഞ്ഞതായും കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കി. വര്‍ഷത്തിന്റെ രണ്ടാം പകുതിയിലുണ്ടായ ആഗോള പ്രശ്‌നങ്ങള്‍ മൂലം ഉപഭോക്തൃ ഡിമാന്‍ഡ് കുറഞ്ഞതാണ് ഈ ഇടിവിന് പിന്നിലെ പ്രധാന കാരണം. എന്നിരുന്നാലും വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം സ്മാര്‍ട്ട്ഫോണുകളുടെ കയറ്റുമതി 34 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.