സാമ്പത്തിക മാന്ദ്യം വരുന്നു, പലിശ നിരക്ക് 27 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ദീര്‍ഘകാല സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങിയേക്കുമെന്ന സൂചനയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കുന്നത്

Update:2022-08-05 12:17 IST

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തി. 0.50 ശതമാനം ഉയര്‍ന്ന് 1.75 ശതമാനമാണ് നിലവില്‍ രാജ്യത്തെ പലിശ നിരക്ക്. 27 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ദീര്‍ഘകാല സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങിയേക്കുമെന്ന സൂചനയാണ് കേന്ദ്ര ബാങ്ക് നല്‍കുന്നത്.

1997ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് വിടുതല്‍ ലഭിച്ച ശേഷം ആദ്യമായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒറ്റത്തവണ പലിശ നിരക്ക് 0.50 ശതമാനത്തോളം ഉയര്‍ത്തുന്നത്. താമസിയാതെ പണപ്പെരുപ്പം 13 ശതമാനത്തിലെത്തും എന്നാണ് വിലയിരുത്തല്‍. റഷ്യ യുറോപ്പിലേക്കുള്ള ഗ്യാസ് വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് ശേഷം ഇംഗ്ലണ്ടില്‍ വില ഇരട്ടിയോളം ആണ് വര്‍ധിച്ചത്.

പണപ്പെരുപ്പം ഒക്ടോബറില്‍ 13.3 ശതമാനം വര്‍ധിച്ച് 2023 മുഴുവന്‍ ഉയര്‍ന്ന നിലയില്‍ തുടരും. 1980ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. 2052 ഓടെ 2 ശതമാനത്തിലേക്ക് പണപ്പെരുപ്പം കുറയുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍. ഡോളറിനെതിരെ ബ്രിട്ടീഷ് കറന്‍സിയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുകയാണ്. നിലവില്‍ 1.21 യുഎസ് ഡോളറാണ് ഒരു ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിംഗിന്റെ മൂല്യം.

Tags:    

Similar News