ബിറ്റ്‌കോയിന്‍ റാലി നിലച്ചോ? നിരക്കുകള്‍ കുത്തനെ താഴേക്ക്

പുതുവര്‍ഷ റാലിക്ക് ശേഷം ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന് ഇടിവ്.

Update:2021-01-05 16:10 IST

തിങ്കളാഴ്ച ബിറ്റ്‌കോയിന്‍ കുത്തനെ ഇടിഞ്ഞു. റെക്കോര്‍ഡ് ഉയരത്തില്‍ 34,800 ഡോളറില്‍ സ്പര്‍ശിച്ച നിരക്ക് ഒരു ദിവസം കൊണ്ടാണ് ഇടിഞ്ഞത്. മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ ആണ് ഇപ്പോള്‍ വിലകള്‍. 17 ശതമാനം വരെ ഇടിവാണ് പുതുതായി രേഖപ്പെടുത്തിയത്. ബിറ്റ്‌കോയിന്റെ വിശാലമായ റാലിയുടെ പശ്ചാത്തലത്തില്‍ ഈ നഷ്ടം വളരെ ചെറുതാണ്. കാരണം ഡിസംബറില്‍ മാത്രം 50 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു എന്നതിനാല്‍ തന്നെയാണിത്.

ഈ ഡിജിറ്റല്‍ കറന്‍സി പുതുവര്‍ഷാരംഭത്തില്‍ 34,000 (34800) യുഎസ് ഡോളറിനേക്കാള്‍ ഉയര്‍ന്ന് ഞായറാഴ്ച എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. എന്നാല്‍ ഇന്നലെ ലണ്ടന്‍ സമയം ഉച്ചയ്ക്ക് 12:59 വരെ ബിറ്റ്‌കോയിന്‍ 7 ശതമാനം ഇടിഞ്ഞ് 31,227 യുഎസ് ഡോളറിലെത്തി. 'ഇന്നത്തെ വില്‍പ്പന ഒരു ഓര്‍മ്മപ്പെടുത്തലാണ്, ഇത് താരതമ്യേന പുതിയ അസറ്റ് ക്ലാസ് ആണ്, വളരെ അസ്ഥിരവുമാണ്, വിപണിയില്‍ അതിന്റെ സ്ഥാനവും കണ്ടെത്താനായിട്ടില്ല,'' വില്ലിസ് ഓവന്‍ ലിമിറ്റഡിലെ പേഴ്‌സണല്‍ ഇന്‍വെസ്റ്റ്‌മെന്റ് തലവന്‍ അഡ്രിയാന്‍ ലോകോക്ക് പറഞ്ഞു.
ക്രിപ്റ്റോയുടെ ലോകത്ത് എന്നത്തേയും പോലെ, ഏറ്റവും പുതിയ ചാഞ്ചാട്ടത്തിനുള്ള കാരണങ്ങള്‍ കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ പ്രയാസമാണ് എന്നാണ് നിരീക്ഷകര്‍ പറയുന്നത്. ക്രിപ്റ്റോ കറന്‍സികള്‍ ഒരു മുഖ്യധാരാ അസറ്റ് ക്ലാസായി ഉയര്‍ന്നു വരികയാണെന്നും മൂല്യത്തിന്റെ ഒരു സംഭരണിയായി പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തില്‍ റീറ്റെയില്‍, സ്ഥാപന നിക്ഷേപകരില്‍ നിന്നുള്ള ഊക്കച്ചവടമാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 300 ശതമാനത്തിലധികം ഉയര്‍ന്നതെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഡിസംബര്‍ 16 ന് ആണ് ബിറ്റ്‌കോയിന്റെ റെക്കോര്‍ഡ് 20,000 ഡോളര്‍ മറികടന്നത്. പിന്നീടുള്ള മൂന്നാഴ്ചയ്ക്കുള്ളില്‍ ആയിരുന്നു 34000 ഡോളറിലേക്കുള്ള അതിന്റെ ചാട്ടം. ക്രിപ്‌റ്റോ ബ്രോക്കറേജ് എനിഗ്മ സെക്യൂരിറ്റീസിന്റെ ജോസഫ് എഡ്വേര്‍ഡ്‌സ് അഭിപ്രായപ്പെടുന്നത് ഇത് ഒരു അസ്ഥിര അസറ്റ് ക്ലാസ് എങ്കിലും എപ്പോഴും ആകര്‍ഷകമായി തുടരാവുന്ന ഒന്നാണെന്നാണ്. 
ബാങ്ക് ഓഫ് സിംഗപ്പൂര്‍ കറന്‍സി അനലിസ്റ്റ് മോഹ് സിയോംഗ് സിം അതിന്റെ ഏറ്റവും പുതിയ റാലിയെക്കുറിച്ച് പറയുന്നത് ഡോളറിന്റെ വിപണി ചാഞ്ചാട്ടത്തില്‍ നിന്നുള്ള നിക്ഷേപകരുടെ ഭയമാണ് ക്രിപ്‌റ്റോ കറന്‍സിയിലും പ്രതിഫലിക്കുന്നത് എന്നാണ്. ഏതായാലും ഒരു കുതിച്ചു ചാട്ടത്തിനുശേഷമുള്ള റാലിയിലെ ഒരു ചെറിയ പിന്മാറ്റമായി തന്നെ ഇതിനെ കാണാം.


Tags:    

Similar News