കുതിക്കുന്നു, ബ്രെന്റ് ക്രൂഡ് ഓയ്ല്‍ വില ഒമ്പത് വര്‍ഷത്തെ ഏറ്റവും ഉയരത്തില്‍
ക്രൂഡ് ഓയില്‍ വില ബാരലിന് 118.22 ഡോളര്‍ എന്ന തോതിലാണ് ലണ്ടനില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം (Russia-Ukraine War) രൂക്ഷമായതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിലെ ബ്രെന്റ് ക്രൂഡ് ഓയ്ല്‍ വില (Crudeoil) ഒമ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 118.22 ഡോളര്‍ എന്ന തോതിലാണ് ലണ്ടനില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. 2013 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയ്ല്‍ കയറ്റുമതിക്കാരായ റഷ്യക്കുനേരെ വിവിധ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിന്റെയും സംഘര്‍ഷം രൂക്ഷമായതിന്റെയും പശ്ചാത്തലത്തില്‍ ക്രൂഡ് ഓയ്ല്‍ വിതരണം തടസപ്പെടുമോ എന്ന ഭീതി ഉടലെടുത്തതോടെയാണ് ക്രൂഡ് ഓയ്ല്‍ വില കുത്തനെ ഉയരാന്‍ തുടങ്ങിയത്.
യുഎസില്‍, വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ഓയ്ല്‍ വില ബാരലിന് 114.70 ഡോളറായി ഉയര്‍ന്നു. ഇത് 11 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇന്ത്യയില്‍, മുംബൈയിലെ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) ക്രൂഡ് ഫ്യൂച്ചര്‍ ബാരലിന് 5.14 ശതമാനം ഉയര്‍ന്ന് 8,667 രൂപയായി.
ആഗോള എണ്ണ വിതരണത്തിന്റെ 10 ശതമാനവും റഷ്യയില്‍ നിന്നാണ്. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം കസാക്കിസ്ഥാന്‍ പോലുള്ള മേഖലയിലെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.