ബജറ്റ് 2023: പ്രമുഖരുടെ പ്രതികരണങ്ങള്‍
ഈ ബജറ്റ് ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും;
സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. വികസനം മുന്നില്‍ കണ്ട് മൂലധന നിക്ഷേപം 10 ലക്ഷം കോടിയായി ഉയര്‍ത്തും. 33 ശതമാനം വര്‍ധനവാണ് മൂലധന നിക്ഷേപത്തില്‍ വരുന്നത്. ഈ ബജറ്റിനെ കുറിച്ച് പ്രമുഖ വ്യവസായികളുടെ പ്രതികരണങ്ങളറിയാം.
എം.എ യൂസഫലി
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുന്‍ ഗണനാ മേഖലകളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു കേന്ദ്ര ബജറ്റെന്ന് വ്യവസായി എം.എ യൂസഫലി. കണക്ടിവിറ്റി, ഭക്ഷ്യസുരക്ഷ, നൈപുണ്യ വികസന മേഖലകള്‍ എന്നിവ ശക്തിപ്പെടുത്തുന്നതില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളാണ് ബജറ്റിനെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 50 പുതിയ വിമാനത്താവളങ്ങള്‍, ജലഗതാഗതപാതകളുടെ വികസനവും ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക ഘടനയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്.
മാത്രമല്ല ആഗോള ബിസിനസുകളെയും നിക്ഷേപകരെയും ആകര്‍ഷിക്കുന്ന ഒരു പ്രധാന കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം കൂടുതല്‍ ഉയരും. ഭക്ഷ്യസുരക്ഷയാണ് കാര്‍ഷിക മേഖലകയ്ക്കും സമൂഹത്തിനും ദീര്‍ഘകാല നേട്ടമുണ്ടാക്കുന്ന മറ്റൊരു പ്രധാന മേഖല. പ്രാഥമികമായി യുവജനങ്ങള്‍ക്ക് പ്രാമുഖ്യമുള്ള രാജ്യമെന്ന നിലയില്‍ ദേശിയ ഡിജിറ്റല്‍ ലൈബ്രറി, നൈപുണ്യ വികസന കേന്ദ്രങ്ങള്‍, പുതിയ് നഴ്സിംഗ് കോളേജുകല്‍ തുടങ്ങിയ മേഖലകളില്‍ ബജറ്റ് കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
ഈ ബജറ്റ് ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും നമ്മുടെ സാമ്പത്തിക വികസനത്തിനും തൊഴില്‍ മേഖലയ്ക്കും ഉപകാരപ്രദമാകുന്ന വിധത്തില്‍ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുമെന്നും തനിക്ക് ഉറപ്പുണ്ടെന്നും എം.എ യൂസഫലി പറഞ്ഞു.
വി പി നന്ദകുമാര്‍, മണപ്പുറം ഫിനാന്‍സ് എം ഡി & സി.ഇ.ഒ
'എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ സ്വയംതൊഴില്‍ സംരംഭകരേയും ചെറുകിട വ്യവസായങ്ങളേയും സഹായിക്കും. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും മൂലധന ചെലവുകള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കിയത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പുതിയ സംരംഭകത്വ അവസരങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ്. 2023-24 ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനം ഒരു പക്ഷെ വ്യക്തിഗത ആദായ നികുതി ഇളവുകളായിരിക്കും. നികുതി ഇളവുള്ള വാര്‍ഷിക വരുമാന പരിധി അഞ്ച് ലക്ഷം രൂപയില്‍ നിന്നും ഏഴ് ലക്ഷമാക്കി ഉയര്‍ത്തിയത് ലക്ഷക്കണക്കിന് മധ്യവര്‍ഗ ഇന്ത്യക്കാര്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമാണ്. പുതിയ നികുതി ഘടനയില്‍ ഏറ്റവും ഉയര്‍ന്ന സര്‍ചാര്‍ജ് നിരക്ക് 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. ഈ നിര്‍ദേശങ്ങള്‍, ഇന്ത്യയുടെ വളര്‍ച്ചയെ സുസ്ഥിരപ്പെടുത്തുന്നതിന് ഏറെ സഹായകമാകുമെന്നാണ് എന്റെ അഭിപ്രായം. ഏകദേശം ജിഡിപിയുടെ 60 ശതമാനത്തോളം വരുന്ന സ്വകാര്യ ഉപഭോഗത്തെ ഇത് പ്രോത്സാഹിപ്പിക്കുകയും സമ്പദ് വ്യവസ്ഥയില്‍ ഡിമാന്‍ഡ് സൃഷ്ടിക്കാനും ഇതുകാരണമാകും. മറ്റൊരുതരത്തില്‍, ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന ഘടകമായ സാമ്പത്തിക ആസ്തികളില്‍ ഗാര്‍ഹിക സമ്പാദ്യ നിരക്ക് ഉയര്‍ത്തുന്നതിലേക്കും നയിക്കും'.
കെ പോള്‍ തോമസ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം ഡി & സി.ഇ.ഒ
ഗ്രാമീണ മേഖലയിലെ യുവ കാര്‍ഷിക സംരംഭകര്‍ക്കായി പ്രഖ്യാപിച്ച അഗ്രികള്‍ചര്‍ ആക്സിലറേറ്റര്‍ ഫണ്ട് അഗ്രിടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ ഗുണകരമാകും. 6000 കോടി രൂപയുടെ പിഎം മത്സ്യ സമ്പദ് യോജന കേരളത്തിനും പ്രത്യേകിച്ച് മത്സ്യതൊഴിലാളി സമൂഹത്തിനും ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണ്. ഗോത്ര സമൂഹങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികളും എടുത്തുപറയേണ്ട പ്രധാന പ്രഖ്യാപനമാണ്. നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുനിസിപ്പല്‍ ബോണ്ട് ഇറക്കാന്‍ ആവശ്യമായ വായ്പാ ശേഷി നേടിക്കൊടുക്കാന്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കേരളത്തിലെ നഗരസഭകള്‍ക്കും പ്രയോജനം ചെയ്യും. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ പദ്ധതിക്കായി വലിയ തുക നീക്കിവച്ചത് ഗ്രാമീണ മേഖലകളിലെ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് വലിയ പിന്തുണയാകും. മൊത്തത്തില്‍, എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍പ്പെടുത്തിയുള്ള സാമ്പത്തിക വളര്‍ച്ചയും രാജ്യത്തിന്റെ മുന്നേറ്റവുമാണ് ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്'
അദീബ് അഹമ്മദ്, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍
പരമ്പരാഗതവും വളര്‍ന്നുവരുന്നതുമായ മേഖലകളില്‍ തുല്യ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സന്തുലിതമായ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത് എന്ന് ലുലു ഫൈനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്. സാങ്കേതികവിദ്യയും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും കെട്ടിപ്പടുക്കുക എന്നതാണ് ഇനി മുന്നോട്ടുള്ള മാർഗമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ രണ്ട് അടിസ്ഥാന ശക്തികളായ യുവാക്കളുടെയും ചെറുകിട സംരംഭങ്ങളുടെയും അഭിലാഷങ്ങള്‍ കണക്കിലെടുക്കുന്ന ബജറ്റാണിത്. എംഎസ്എംഇകള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പ്ലാന്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം വേഗത്തിലുള്ള സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സാധ്യമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാന്‍ ഒരു പൊതു തിരിച്ചറിയല്‍ രേഖയാക്കാനും എംഎസ്എംഇകളെ ഉള്‍പ്പെടുത്തുന്നതിനായി ഡിജിലോക്കറിലെ സേവനങ്ങളുടെ വ്യാപ്തി വിപുലീകരിക്കാനുമുള്ള തീരുമാനം ഉപയോക്തൃ ഡോക്യുമെന്റേഷന്‍ മെച്ചപ്പെടുത്തും. ഇത് ഈ ബിസിനസുകള്‍ക്കിടയില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്ന എന്‍ബിഎഫ്‌സികളുടെയും സാമ്പത്തിക സാങ്കേതികവിദ്യകളുടെയും ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു-സ്വകാര്യ മേഖലകളെ ഒരുമിച്ച് കൊണ്ടുവന്ന് ടൂറിസം വ്യവസായം വളര്‍ത്താനുള്ള പദ്ധതി മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായകമാകും. 50 അധിക വിമാനത്താവളങ്ങള്‍ തുറക്കാനുള്ള പദ്ധതി മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക സാധ്യതകള്‍ മെച്ചപ്പെടുത്തുമെന്നും അദീബ് അഹമ്മദ് പറഞ്ഞു.
രമേഷ് കല്യാണരാമന്‍
ഘടനാപരമായ നയത്തിലൂടെയും നിയന്ത്രണാധിഷ്ഠിത ചട്ടക്കൂടിലൂടെയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ തങ്ങള്‍ അഭിനന്ദിക്കുന്നതായി കല്യാണ് ജ്വല്ലേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. 2023 ലെ യൂണിയന്‍ ബജറ്റ് പുരോഗമനപരമാണ്. കൂടുതല്‍ തുല്യവും സുസ്ഥിരവുമായ ഭാവിയിലേക്ക് ഇത് നയിക്കുന്നു. ഇന്ത്യന്‍ ബിസിനസുകള്‍ ആഗോള തലത്തില്‍ പ്രബലമായി ഉയര്‍ന്നുവരുന്നത് ഉറപ്പാക്കാന്‍ ദ്രുതഗതിയിലുള്ള ഡിജിറ്റൈസേഷന് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നികുതി സ്ലാബിലെ മാറ്റങ്ങള്‍ മൂലം ഡിസ്‌പോസിബിള്‍ വരുമാനം വര്‍ധിക്കുന്നത് ചെലവ് ശേഷി മെച്ചപ്പെടുത്തുമെന്നും സംഘടിത ജ്വല്ലറി റീട്ടെയില്‍ വ്യവസായം ഉള്‍പ്പെടെയുള്ള മൊത്തത്തിലുള്ള ഉപഭോക്തൃ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും തങ്ങള്‍ക്ക് ഉറപ്പുണ്ട്. നമ്മുടെ വ്യവസായത്തിന്റെ നട്ടെല്ലായ പരമ്പരാഗത കരകൗശലത്തൊഴിലാളികളെയും കരകൗശല വിദഗ്ധരെയും ശാക്തീകരിക്കുന്നതിനുള്ള ഒരു മുന്‍കൈയെടുക്കലാണ് പ്രധാനമന്ത്രി വിശ്വകര്‍മ്മ കൗശല്‍ സമ്മാന്‍ പരിപാടി പോലുള്ള സംരംഭങ്ങള്‍.
ഇത്തരം പദ്ധതികള്‍ മാറുന്ന കാലത്തിനനുസരിച്ച് സ്വയം സജ്ജരാക്കാനും നവീകരിക്കാനും അവരെ പ്രാപ്തരാക്കും. സ്വര്‍ണ്ണം, വജ്രം, മറ്റ് വിലയേറിയ കല്ലുകള്‍ പതിച്ച ആഭരണങ്ങള്‍ എന്നിവയിലാണ് തങ്ങളുടെ പ്രാഥമിക ശ്രദ്ധ എന്നതിനാല്‍ വെള്ളിയുടെ ഇറക്കുമതി തീരുവയിലെ വര്‍ധനവ് ഞങ്ങളെ (കല്യണ്‍ ജ്വല്ലേഴ്സ്) കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ബജറ്റ് ശോഭനവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണെന്നും രമേഷ് കല്യാണരാമന്‍ പറഞ്ഞു.
ഡോ. വികെ വിജയകുമാര്‍
വിഷമകാലത്തെ മികച്ച ബജറ്റാണിതെന്ന് പ്രമുഖ ധനകാര്യ വിദഗ്ധനും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റുമായ ഡോക്ടര്‍ വി കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സ്ഥിരനിക്ഷേപ ലക്ഷ്യം 5.9 ശതമാനമാക്കുന്ന ധനപരമായ ഏകീകരണം, 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള മൂലധന ചിലവുകളില്‍ 24 ശതമാനം എന്ന വന്‍തോതിലുള്ള വര്‍ധന, 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യ വിതരണം തുടരാനും, ഇടത്തരക്കാര്‍ക്ക് നികുതിയിളവ് നല്‍കാനുമുള്ള തീരുമാനം എന്നിവ എല്ലാം ഉള്‍ക്കൊള്ളുന്ന ബജറ്റ് എന്ന ഖ്യാതിയാണ് നല്‍കുന്നത്.
ഭയപ്പെട്ടതുപോലെ ഓഹരികളില്‍ നിന്നുള്ള ലാഭത്തിന് ഏര്‍പ്പെടുത്തിയ എല്‍ടിസിജി നികുതി വര്‍ധിപ്പിക്കാതിരുന്നത് ഓഹരി വിപണിയില്‍ ആഹ്ളാദം പകര്‍ന്നതായും അദ്ദേഹം നിരീക്ഷിച്ചു. പുതിയ ബജറ്റിലെ നിര്‍ദേശങ്ങള്‍ ടാക്സ് സിസ്റ്റം കൂടുതല്‍ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. പേഴ്സണല്‍ ഇന്‍കം ടാക്സില്‍ പൊതുവെ ഉണ്ടായിരുന്ന പ്രതീക്ഷ എക്സംപ്ഷന്‍ ലിമിറ്റ് നാലോ അഞ്ചോ ലക്ഷമായി വര്‍ധിപ്പിക്കുമെന്നതായിരുന്നു.
അതില്‍ പ്രതീക്ഷിച്ച വര്‍ധനവുണ്ടായില്ലെങ്കിലും ടാക്സ് റിബേറ്റ് ലിമിറ്റ് അഞ്ച് ലക്ഷം എന്നുള്ളത് ഏഴ് ലക്ഷം വരെയായി വര്‍ധിപ്പിച്ചത് ശ്രദ്ധേയമാണ്. പ്രായോഗികമായി നോക്കിയാല്‍ ഈ സ്ലാബ് തിരഞ്ഞെടുക്കുന്ന ഏഴ് ലക്ഷം വരെ വരുമാനമുള്ള ആളുകള്‍ക്ക് ടാക്സ് കൊടുക്കേണ്ടി വരില്ല. അതിലേക്ക് കൂടുതല്‍ ആളുകള്‍ വരുമെന്നാണ് കരുതുന്നത്. നിലവില്‍ പല ഇളവുകളും പലരും ദുരുപയോഗം ചെയ്യുന്നുണ്ട്.
ആദായനികുതിയിലെ പ്രധാനമായ ഒരു പോരായ്മ 6.5 കോടി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ 50 ശതമാനവും സീറോ ടാക്സാണ് എന്നതാണ്. എന്നാല്‍ സീറോ ടാക്സ് നല്‍കുന്നവരുടെ യഥാര്‍ഥ ഡാറ്റ സര്‍ക്കാരിന്റെ പക്കലുണ്ട്. ആ ഡാറ്റ ഉപയോഗിച്ച് വസ്തുതകള്‍ ശരിയായി മനസ്സിലാക്കാനും അവര്‍ക്ക് കഴിയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റില്‍ പുതിയ സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ സ്‌കീമിലുള്ളവര്‍ക്ക് പുതിയ സ്‌കീമിലേക്ക് മാറാന്‍ പര്യാപ്തമായ ഇളവുകള്‍ ബജറ്റിലുണ്ട്. അങ്ങനെയൊരു മാറ്റമുണ്ടാകേണ്ടത് അനിവാര്യവുമാണെന്ന് വിജയകുമാര്‍ വ്യക്തമാക്കി.
കെ സി ജീവന്‍കുമാര്‍
വലിയ തോതിലുള്ള മാറ്റങ്ങളുണ്ടാക്കാന്‍ സാധ്യതയില്ലാത്ത സന്തുലിത ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ചതെന്ന് സാമ്പത്തിക വിദഗ്ധനും ജിയോജിത് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറി സര്‍വീസസ് മേധാവിയുമായ കെ സി ജീവന്‍കുമാര്‍ അഭിപ്രായപ്പെട്ടു. മൂലധന നിക്ഷേപം ഏഴരലക്ഷം കോടിയില്‍ നിന്നും 10 ലക്ഷം കോടിയാക്കിയതും സംസ്ഥാനങ്ങള്‍ക്കുള്ള പലിശരഹിത വായ്പ ഒരുവര്‍ഷം കൂടി ദീര്‍ഘിപ്പിച്ചതും പ്രധാനമന്ത്രി ആവാസ് യോജനക്ക് 79,000 കോടിരൂപ വകയിരുത്തിയതും, ഐ ടി ബേസ്ഡ് അഗ്രികള്‍ച്ചറിനുള്ള പ്രോത്സാഹനം, 2200 കോടിയുടെ ഹോര്‍ട്ടികള്‍ച്ചറല്‍ പാക്കേജ്, ഫിഷറീസ് സെക്ടറിനുള്ള ആറായിരം കോടിയുടെ വകയിരുത്തല്‍ തുടങ്ങി ശ്രദ്ധ ചെലുത്തേണ്ട ചില മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കാണുന്നുണ്ട്.
രണ്ടുലക്ഷം രൂപവരെ രണ്ടു വര്‍ഷത്തേക്ക് ഏഴര ശതമാനം പലിശക്ക് വായ്പ കിട്ടുന്ന പുതിയ മഹിളാ സമ്മാന്‍ സ്‌കീം, സീനിയര്‍ സിറ്റിസന്‍സിനുള്ള 15 ലക്ഷത്തിന്റെ പദ്ധതിയുടെ പരിധി 30 ലക്ഷമാക്കിയത്, പോസ്റ്റല്‍ സ്‌കീമിലെ നിക്ഷേപ പരിധി നാലര ലക്ഷത്തില്‍ നിന്ന് ഒമ്പതും പതിനഞ്ചും ലക്ഷം വരെയാക്കിയതും നിക്ഷേപ മേഖലയില്‍ എടുത്തു പറയാന്‍ കഴിയുന്ന പദ്ധതികളാണ്. ആദായനികുതി സ്ലാബുകളുടെ കാര്യത്തില്‍ നടപ്പാക്കിയ പരിഷ്‌കാരത്തിലൂടെ കൂടുതല്‍ നികുതിദായകരെ പുതിയ സ്‌കീമുകളിലേക്ക് കൊണ്ടുവന്ന് ടാക്സ് കാല്‍ക്കുലേഷന്‍ സുതാര്യമാക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
15 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ആള്‍ക്ക് പുതിയ സ്‌കീം പ്രകാരം ഒന്നര ലക്ഷം ടാക്സ് നല്‍കണം. എന്നാല്‍ കഴിഞ്ഞ തവണത്തെ സ്ലാബ് അനുസരിച്ചാണെങ്കില്‍ ഇത് 1,87,00 ആണ്. 37,500 രൂപയുടെ കുറവാണ് ഇവിടെ ഉണ്ടാകുന്നത്. ഒമ്പത് ലക്ഷം വരെ വരുമാനമുള്ള ആള്‍ക്ക് 45,000 രൂപവരെയാണ് പുതിയ സ്ലാബനുസരിച്ച് നികുതി നല്‍കേണ്ടത്. പഴയ സ്ലാബ് പ്രകാരം അത് 60,000 രൂപയാണ്. 15000 രൂപയുടെ കുറവ്. പുതിയ സ്‌കീമിലേക്ക് മാറുമ്പോള്‍ 15 ലക്ഷം വരെയുള്ളവര്‍ക്ക് ഇത്തരത്തിലുള്ള വ്യത്യാസമുണ്ടാകും.
ഏഴ് ലക്ഷം രൂപവരെ വരുമാനമുള്ളവരെ റിബേറ്റില്‍ ഉള്‍പ്പെടുത്തി നികുതി ഒഴിവാക്കിക്കൊടുത്തുവെന്നത് പ്രധാനപ്പെട്ട കാര്യം. മുമ്പ് ഈ പരിധി 5 ലക്ഷമായിരുന്നു.ഇതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് പരമാവധി നിക്ഷേപകരെ പുതിയ സ്‌കീമിലേക്ക് കൊണ്ടുവരികയും ആദായനികുതി സംവിധാനം സുതാര്യമാക്കുകയുമാണ്. നികുതിദായകര്‍ ടാക്സ് സേവ് ചെയ്യാന്‍ വേണ്ടി പലതരം നിക്ഷേപ പദ്ധതികളിലേക്ക് പോകുന്ന രീതിയാണ് ഇപ്പോഴുള്ളത്.
ബാങ്ക് എഫ് ഡി, സീനിയര്‍ സിറ്റിസന്‍ സ്‌കീം, യുലിപ്, ഇ ഐ എസ്എസ്, പിപിഎഫ് തുടങ്ങിയവയിലൂടെയാണ് ഇത് സാധ്യമായിരുന്നത്. ഇളവ് ഇല്ലാത്തതിനാല്‍ ഇനി അധികമാരും അവയില്‍ നിക്ഷേപിക്കാന്‍ പോകില്ല. ആ പണം മാര്‍ക്കറ്റില്‍ വരുമെന്നും ജി എസ് ടിയായും മറ്റും ഖജനാവിലേക്കെത്തുമെന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. പക്ഷെ ഇതിന്റെ ഫലമായി ഇന്‍ഷുറന്‍സ് പോലുള്ളവയുടെ ആകര്‍ഷണം നഷ്ടമാകുകയാണ്. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരി വില ഇന്നലെ തന്നെ ഇടിഞ്ഞത് ഇതിന്റെ സൂചനയാണെന്ന് ജീവന്‍കുമാര്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സ്
കേന്ദ്ര ബജറ്റില്‍ ചെറുകിട വ്യാപാരികളെ പൂര്‍ണമായും അവഗണിച്ചുവെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റ്. പി. വെങ്കിട്ടരാമ അയ്യരും സെക്രട്ടറി ജനറല്‍ എസ്.എസ് മനോജും പറഞ്ഞു. എല്ലാ മേഖലകളേയും സ്പര്‍ശിച്ചതും പൊതുവെ വികസനോന്മുഖമായതെന്നും വിശേഷിപ്പിക്കാവുന്ന ബജറ്റില്‍ ഈ രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് അടിത്തറ പാകുന്ന എട്ട് കോടിയില്‍ പരം വരുന്ന ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്കായി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല. നികുതിനിര്‍ണയത്തില്‍ ആംനെസ്റ്റി സ്‌കീം പ്രഖ്യാപിക്കാത്തതും തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു.