കേരളം ₹5,000 കോടി 'കടം' ചോദിച്ചു; വെട്ടി ₹3,000 കോടിയാക്കി കേന്ദ്ര സർക്കാർ
ക്ഷേമപെന്‍ഷനുള്ള തുകയ്ക്കായി സഹകരണ സംഘങ്ങളില്‍ കണ്ണുംനട്ട് സര്‍ക്കാര്‍;
ഏപ്രില്‍ ഒന്നിന് ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷത്തില്‍ (2024-25) കേരളത്തിന് 37,512 കോടി രൂപ കടമെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും ഇതിനുള്ള അനുമതി വൈകുന്നു. നിലവിലെ സാമ്പത്തികഞെരുക്കം മറികടക്കാന്‍ ഇടക്കാല ആശ്വാസമായി 5,000 കോടി രൂപ കടമെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 3,000 കോടി രൂപ എടുക്കാനുള്ള താത്കാലിക അനുമതിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.
3,000 കോടി രൂപ കടമെടുക്കാനുള്ള കടപ്പത്രങ്ങള്‍ കേരളം വൈകാതെ പുറത്തിറക്കും. തദ്ദേശസ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ കഴിഞ്ഞവര്‍ഷത്തെ പാസാകാതെയുള്ള ബില്ലുകള്‍ പാസാക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശികയുടെ ഒരു ഗഡു വീട്ടാനും ഈ തുക വിനിയോഗിക്കുമെന്നാണ് സൂചനകള്‍.
ഈ വര്‍ഷവും കടുംവെട്ട്
കേരളത്തിന് അര്‍ഹതപ്പെട്ട വായ്പാപരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ കടുംവെട്ട് നടത്തുന്നതായി ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 13,608 കോടി രൂപ അധികമായി കടമെടുക്കാന്‍ കേരളത്തെ സുപ്രീം കോടതി അനുവദിക്കുകയും ചെയ്തിരുന്നു.
നടപ്പുവര്‍ഷം 37,512 കോടി രൂപ കടമെടുക്കാനാണ് കേരളത്തിന് അവകാശമുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഇതിനുള്ള അനുമതി നല്‍കിയിട്ടില്ല. അതേസമയം, കിഫ്ബിയും പെന്‍ഷന്‍ ഫണ്ട് ബോര്‍ഡും മുന്‍വര്‍ഷങ്ങളിലെടുത്ത കടം നടപ്പുവര്‍ഷത്തെ തുകയില്‍ നിന്ന് കേന്ദ്രം വെട്ടിക്കുറച്ചേക്കുമെന്ന് സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ ഈ വര്‍ഷം കേരളത്തിന് 25,500 കോടി രൂപയോളമേ കടമെടുക്കാനാകൂ. ഇത് കേരളവും കേന്ദ്രവും തമ്മിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കാന്‍ ഇടവരുത്തും.
ക്ഷേമപെന്‍ഷന്‍: ഇനി പ്രതീക്ഷ സഹകരണ ബാങ്കുകള്‍
ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനുള്ള പണം കണ്ടെത്താനായി സംസ്ഥാന സര്‍ക്കാര്‍ സഹകരണ സംഘങ്ങളെയും സഹകരണ ബാങ്കുകളെയും സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2,000 കോടി രൂപയാകും ഇത്തരത്തില്‍ സമാഹരിച്ചേക്കുക.
സഹകരണ ബാങ്കുകള്‍ നിക്ഷേപ സമാഹരണയജ്ഞത്തിലൂടെ ഈ വര്‍ഷാദ്യം 24,000 കോടി രൂപ സമാഹരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വായ്പയ്ക്കായി സര്‍ക്കാര്‍ സഹകരണ സംഘങ്ങളെ ഉന്നംവയ്ക്കുന്നത്.
ഒരു വര്‍ഷക്കാലയളവിലാണ് വായ്പ എടുക്കുക. നേരത്തേയും ഇത്തരത്തില്‍ സര്‍ക്കാര്‍ സഹകരണ സംഘങ്ങളില്‍ നിന്ന് കടമെടുത്തിട്ടുണ്ട്. ഇതില്‍ തിരിച്ചടവ് കാലാവധി അവസാനിച്ചിട്ടും 4,000 കോടിയോളം രൂപ ഇനിയും തിരിച്ചടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനിടെയാണ്, കൂടുതല്‍ വായ്പയ്ക്കായി ഇപ്പോള്‍ വീണ്ടും സഹകരണ സംഘങ്ങളെ സമീപിക്കാനൊരുങ്ങുന്നത്.