കോവിഡ് രണ്ടാം തരംഗം മേയ് പകുതിയോടെ രൂക്ഷമാകും രാജ്യത്ത് മരണം 6.65 ലക്ഷമാകും- റിപ്പോര്‍ട്ട്
മെയ് പകുതിയോടെ ആക്ടീവ് കേസുകളുടെ എണ്ണം 35 ലക്ഷമാകും
മേയ് പകുതിയോടെ രാജ്യത്ത് കോവിഡ് 19 മൂലമുള്ള പ്രതിദിന മരണസംഖ്യ 5,600 ലെത്തുമെന്ന് പഠന റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് പഠനം നടത്തിയത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ മാത്രം മൂന്നു ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമാകുമെന്നും പഠനം സൂചിപ്പിക്കുന്നു.
വരും ആഴ്ചകളില്‍ കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാര്യക്ഷമമായ വാകിസ്‌നേഷന്‍ കോവിഡിനെ തുടച്ചു നീക്കാന്‍ സഹായിക്കുകയും ചെയ്യും. ജൂലൈ അവസാനത്തോടെ 85,600 ജീവനെങ്കിലും ഇതിലൂടെ രക്ഷിക്കാനാവുമെന്നാണ് പഠന റിപ്പോര്‍ട്ട്.
നിലവിലെ രോഗപകര്‍ച്ചാ നിരക്കിന്റെയും മരണത്തിന്റെയും അടിസ്ഥാനത്തിലാണ് മേയ് മധ്യത്തോടെ രോഗവ്യാപനം ഏറ്റവും കൂടിയ അവസ്ഥയിലാകുമെന്ന് പ്രവചിക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തില്‍ ആകെ മരിക്കുന്നവരുടെ എണ്ണം ജൂലൈ അവസാനത്തോടെ 6.65 ലക്ഷത്തിലെത്തിയേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് ആകുമ്പോഴേക്കും 3.29 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായേക്കാം.
ഏപ്രില്‍ ആദ്യ ആഴ്ചയെ അപേക്ഷിച്ച് രണ്ടാം ആഴ്ചയില്‍ 71 ശതമാനം രോഗബാധിതരുടെ എണ്ണം കൂടി. 55 ശതമാനം മരണവും കൂടി. സാമൂഹിക അകലം പാലിക്കുന്നതിലും മാസ്‌ക് ഉപയോഗത്തില്‍ വരുത്തിയ വീഴ്ചയുമാണ് രോഗവ്യാപനം വര്‍ധിപ്പിച്ചത്.
24 മണിക്കൂറിനിടെ 3.46 ലക്ഷം കേസുകള്‍, 2,624 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് പുതുതായി റിപ്പോര്‍്ട്ട് ചെയ്തത് 3.46 ലക്ഷം കേസുകള്‍. ഇതോടെ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രാജ്യത്ത് രോഗബാധിതരായവരുടെ ആകെ എണ്ണം 9.94 ലക്ഷമായി. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,66,10,481 ആണ്. അതേസമയം രാജ്യത്തെ മരണ നിരക്കും കുത്തനെ ഉയരുകയാണ്. 2,624 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് കാരണം ജീവന്‍ നഷ്ടമായത്. ഇതുവരെ മരണപ്പെട്ടത് 1,89,544 പേരാണ്. 2,19,838 പേര്‍ ഇന്നലെ രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയത് 1,38,67,977 പേരാണ്.
അതേസമയം മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഉയര്‍ന്ന തോതില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 773 പേരും ഡല്‍ഹിയില്‍ 348 പേരുമാണ് മരണത്തിന് കീഴടങ്ങിയത്.
മേയ് പകുതിയോടെ ആക്ടീവ് കേസുകളുടെ എണ്ണം 35 ലക്ഷമാകും
പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മേയ് പകുതിയോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 35 ലക്ഷമാകും ഐഐടി ശാസ്ത്രജ്ഞര്‍. മേയ് 11-15 ന് ഇടയില്‍ 33-35 ലക്ഷം ആക്ടീവ് കേസ് എന്ന നിലയിലേക്കെത്തുമെന്നാണ് കാണ്‍പൂരിലെയും ഹൈദരാബാദിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഏപ്രില്‍ 25-30 ഓടെ ദില്ലി, ഹരിയാന, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ പുതിയ കേസുകളുടെ എണ്ണം കുത്തനെ ഉയരും.