പണപ്പെരുപ്പം 'ആശ്വാസ' പരിധിയില്‍; കേരളത്തിലും വലിയ കുറവ്

ദേശീയതലത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം മാര്‍ച്ചില്‍ 5.66 ശതമാനം; കേരളത്തില്‍ 5.76 ശതമാനം

Update:2023-04-12 18:28 IST

രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലനിലവാരം കുറയുന്നുവെന്ന് സൂചിപ്പിച്ച് മാര്‍ച്ചില്‍ റീട്ടെയില്‍ പണപ്പെരുപ്പം (Retail Inflation) റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ പരിധിയായ 6 ശതമാനത്തിന് താഴെയെത്തി. ഫെബ്രുവരിയിലെ 6.44 ശതമാനത്തില്‍ നിന്ന് 5.66 ശതമാനമായാണ് മാര്‍ച്ചില്‍ പണപ്പെരുപ്പം കുറഞ്ഞതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. 2021 ഡിസംബറിന് ശേഷം കുറിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കുമാണിത്.

റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയില്‍ പണപ്പെരുപ്പമാണ്. ഇത് 2 മുതല്‍ 6 ശതമാനത്തിനുള്ളില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. തുടര്‍ച്ചയായ രണ്ട് മാസങ്ങളില്‍ 6 ശതമാനത്തിനുമേല്‍ നിലനിന്ന ശേഷമാണ് മാര്‍ച്ചില്‍ പണപ്പെരുപ്പം ആശ്വാസനിരക്കിലേക്ക് താഴ്ന്നത്. കഴിഞ്ഞ ജനുവരിയില്‍ പണപ്പെരുപ്പം 6.52 ശതമാനമായിരുന്നു. 2022 മാര്‍ച്ചില്‍ 6.95 ശതമാനവുമായിരുന്നു.

ഭക്ഷ്യവില താഴേക്ക്
റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ 40 ശതമാനം സംഭാവന ചെയ്യുന്ന ഉപയോക്തൃ ഭക്ഷ്യവില സൂചികയുടെ വളര്‍ച്ച (Food Inflation) ഫെബ്രുവരിയിലെ 5.95 ശതമാനത്തില്‍ നിന്ന് 4.79 ശതമാനത്തിലേക്ക് കുറഞ്ഞതാണ് മാര്‍ച്ചില്‍ നേട്ടമായത്. 2022 മാര്‍ച്ചില്‍ ഇത് 7.68 ശതമാനമായിരുന്നു.
പലിശഭാരം കുറയും
റീട്ടെയില്‍ പണപ്പെരുപ്പം കുറഞ്ഞാല്‍ മുഖ്യ പലിശനിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകും. ഈമാസം ആദ്യവാരം നടന്ന പണനയ നിര്‍ണയ യോഗത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ നിലനിര്‍ത്തിയിരുന്നു. റിപ്പോ നിരക്ക് 6.50 ശതമാനമായാണ് നിലനിര്‍ത്തിയത്. തുടര്‍ച്ചയായി ആറ് യോഗങ്ങളില്‍ പലിശനിരക്ക് വര്‍ദ്ധിപ്പിച്ച ശേഷമാണ് കഴിഞ്ഞ യോഗത്തില്‍ നിരക്ക് വര്‍ദ്ധന വേണ്ടെന്ന് തീരുമാനിച്ചത്. പണപ്പെരുപ്പം കുറഞ്ഞുനിന്നാല്‍, ജൂണിലെ യോഗത്തിലും റിസര്‍വ് ബാങ്ക് പലിശനിലനിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്‌തേക്കാം.
കേരളത്തിനും ആശ്വാസം
കേരളത്തിലും വിലക്കയറ്റം ശമിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചിലെ റീട്ടെയില്‍ പണപ്പെരുപ്പം സംസ്ഥാനത്ത് ഫെബ്രുവരിയിലെ 6.27 ശതമാനത്തില്‍ നിന്ന് 5.76 ശതമാനമായി താഴ്ന്നു. ഡിസംബറിലെ 5.92 ശതമാനത്തില്‍ നിന്ന് കേരളത്തില്‍ പണപ്പെരുപ്പം ജനുവരിയില്‍ 6.45 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നത് ആശങ്കയായിരുന്നു.
കഴിഞ്ഞമാസം കേരളത്തിലെ ഗ്രാമതലത്തില്‍ പണപ്പെരുപ്പം ഫെബ്രുവരിയിലെ 6.55 ശതമാനത്തില്‍ നിന്ന് 5.97 ശതമാനത്തിലേക്കും നഗരങ്ങളില്‍ 5.77 ശതമാനത്തില്‍ നിന്ന് 5.45 ശതമാനത്തിലേക്കും കുറഞ്ഞു. 22 മേജര്‍ (വലിയ) സംസ്ഥാനങ്ങളില്‍ രാജ്യത്ത് തെലങ്കാനയിലാണ് പണപ്പെരുപ്പം ഏറ്റവും കൂടുതല്‍, 7.63 ശതമാനം. ഡല്‍ഹിയിലാണ് ഏറ്റവും കുറവ്, 3.44 ശതമാനം.
Tags:    

Similar News