ജിഎസ്ടി പിരിവിലെ വര്‍ധനവ്: വളര്‍ച്ചയോ ക്ഷീണമോ?

വിശദീകരണത്തില്‍ അപാകതയില്ല. പക്ഷേ, ഇ- വേ ബില്ലുകളുടെ എണ്ണം നാലു ശതമാനം കുറയുമ്പോള്‍ നികുതി 15.9 ശതമാനം കുറയുന്നതില്‍ അല്‍പം അസാധാരണത്വമുണ്ട്.

Update:2022-06-02 12:10 IST

ജിഎസ്ടി (GST) പിരിവില്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോള്‍ ഇത് വലിയൊരു നേട്ടമായി കണക്കാക്കാനാകില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നതിന് പിന്നില്‍ എന്താണ്. മെയ് മാസത്തിലെ ജിഎസ്ടി പിരിവ് 1.41 ലക്ഷം കോടി രൂപയാണ്. ഇതു വളര്‍ച്ചയാണോ ക്ഷീണമാണോ കാണിക്കുന്നതെന്നു സംശയിക്കണം. അതായത് 2021 മേയ് മാസത്തെ അപേക്ഷിച്ചു 44 ശതമാനം വളര്‍ച്ചയുണ്ട് എന്നാണ് രേഖകളില്‍ ഉള്ളതെങ്കിലും ഇത് ഏപ്രിലിലെ 1.67 ലക്ഷം കോടിയില്‍ നിന്നു 15.9 ശതമാനം കുറവാണ്.

കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു വ്യാഖ്യാനിക്കാന്‍ പറ്റുന്ന കണക്കാണിത്. അതു വലിയ കുതിപ്പാണെന്നു സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതേ സമയം ഏപ്രിലിലെ പിരിവ് മാര്‍ച്ച് മാസത്തെ ഇടപാടുകള്‍ക്കുള്ളതാണ്. ധനകാര്യവര്‍ഷാവസാനമെന്ന നിലയില്‍ മാര്‍ച്ചില്‍ ഇടപാടുകള്‍ കൂടുകയാണ് പതിവ്.
ഏപ്രിലിലെ ഇടപാടുകള്‍ക്കുള്ളതാണു മേയിലെ പിരിവ്. മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ ഇടപാടുകള്‍ കുറവാകുന്നതു സ്വാഭാവികം. മാര്‍ച്ചിലെ 7.7 കോടി ഇ-വേ ബില്ലുകളുടെ സ്ഥാനത്ത് ഏപ്രിലില്‍ 7.4 കോടി ഇ-വേ ബില്ലുകളേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെ പോകുന്നു സര്‍ക്കാരിന്റെ വിശദീകരണം.
വിശദീകരണത്തില്‍ അപാകതയില്ല. പക്ഷേ, ബില്ലുകളുടെ എണ്ണം നാലു ശതമാനം കുറയുമ്പോള്‍ നികുതി 15.9 ശതമാനം കുറയുന്നതില്‍ അല്‍പം അസാധാരണത്വമുണ്ട്.
എന്തായാലും ജിഎസ്ടി പിരിവ് (GST Collection) ബജറ്റ് പ്രതീക്ഷയേക്കാള്‍ ഉയര്‍ന്ന തോതില്‍ മുന്നോട്ടു പോകുകയാണ്. അതിനു സാമ്പത്തിക വളര്‍ച്ചയോട് എന്നതിനേക്കാള്‍ വിലക്കയറ്റത്തോടാണു നന്ദി പറയേണ്ടത്. മൊത്ത വിലക്കയറ്റം 15 ശതമാനവും ചില്ലറ വിലക്കയറ്റം 7.8 ശതമാനവും ആയിരിക്കുമ്പോള്‍ നികുതി പിരിവില്‍ ഇതേ പോലുള്ള വളര്‍ച്ച ആശ്ചര്യകരമല്ല എന്നതാണ് സത്യം. അല്ലെങ്കില്‍ വിലക്കയറ്റ സമയത്തെ ചരക്ക് സേവന നികുതി ഉയര്‍ന്ന തോത് മാത്രമല്ലേ കാണിക്കൂ എന്നതാണ് വസ്തുത.


Tags:    

Similar News