ഇന്നും ഇന്ധനവില കൂട്ടി: ഈ മാസം വര്‍ധിപ്പിച്ചത് 17 തവണ

ആറ് മാസത്തിനിടെ 58 ാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്

Update:2021-06-29 11:25 IST

രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചു. ഈ മാസം ഇത് 17 ാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്ത് പെട്രോളിന്‌ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍വില 100.79 ആയി ഉയര്‍ന്നു. 95.74 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ 99.03 രൂപയും 94.08 രൂപയുമാണ് യഥാക്രമം പെട്രോളിന്റെയും ഡീസലിന്റെയും ഇന്നത്തെ വില. ഈ വര്‍ഷം ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

ഇന്നും ഇന്ധനവില വര്‍ധിച്ചതോടെ ദേശീയ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ പെട്രോള്‍ വില 105 ന് അടുത്തെത്തി. പെട്രോളിന് 104.90 രൂപയും ഡീസലിന് 96.72 രൂപയുമാണ് ഇവിടത്തെ വില. പെട്രോളിന് 34 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. മെട്രോ നഗരങ്ങളില്‍ ബംഗളൂരുവാണ് മുംബൈയ്ക്ക് പിറകിലുള്ളത്. ബാംഗ്ലൂരില്‍ പെട്രോള്‍ വില 102.11 രൂപയായും ഡീസലിന് ഒരു ലിറ്ററിന് 94.54 രൂപയുമായും ഉയര്‍ന്നു. ഡല്‍ഹിയില്‍ പെട്രോളിന് 98.81 രൂപയും ഡീസലിന് 89.18 രൂപയുമാണ് പുതുക്കിയ വില. കൊല്‍ക്കത്തയില്‍ പെട്രോളിന് 98.64 രൂപയായും ഡീസലിന് 92.03 രൂപയായുമാണ് ഉയര്‍ന്നത്.
അതേസമയം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇന്ധനനികുതിയില്‍ 300 ശതമാനത്തിലധികമാണ് വര്‍ധനവുണ്ടായത്. 2014 ല്‍ പെട്രോളിന് 9.48 രൂപയായിരുന്ന കേന്ദ്രനികുതി 31.50 ആയാണ് ഉയര്‍ന്നത്. ഡീസലിന് 3.56 ആയിരുന്ന കേന്ദ്രനികുതി 31.50 ആയാണ് ഉയര്‍ത്തിയത്.


Tags:    

Similar News