9 സംസ്ഥാനങ്ങളില്‍ റെയില്‍വേ വികസനത്തിന് 32,500 കോടി; കേരളത്തെ തഴഞ്ഞു
കരകൗശലത്തൊഴിലാളികളുടെ പി.എം വിശ്വകര്‍മ പദ്ധതിക്ക് അംഗീകാരം
രാജ്യത്ത് നിലവിലുള്ള റെയില്‍വേ ലൈന്‍ കപ്പാസിറ്റി വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. റെയില്‍വേയ്ക്കായി 32,500 കോടി രൂപയുടെ ഏഴ് മള്‍ട്ടി-ട്രാക്കിംഗ് പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
ശൃംഖല 2,339 കിലോമീറ്റര്‍ വര്‍ധിപ്പിക്കും
കേന്ദ്രം അനുവദിച്ച 1.18 ലക്ഷം കോടി രൂപയുടെ വിവിധ പദ്ധതികളിലൊന്നില്‍ ഉള്‍പ്പെടുന്നതാണ് റെയില്‍വേയുംട ഈ നവീകരണം. നിലവിലുള്ള റെയില്‍വേ ലൈന്‍ കപ്പാസിറ്റി വര്‍ധിപ്പിക്കാനും ട്രെയിനിന്റെ പ്രവര്‍ത്തനങ്ങളും യാത്രയും സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും ഈ നിര്‍ദ്ദിഷ്ട പദ്ധതികള്‍ സഹായിക്കും.
തടസ്സമില്ലാത്ത മള്‍ട്ടി-മോഡല്‍ കണക്റ്റിവിറ്റിക്കുള്ള പി.എം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴിലാണ് ഈ പദ്ധതികള്‍ വരുന്നത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്ന പദ്ധതി ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള ശൃംഖല 2,339 കിലോമീറ്റര്‍ വര്‍ധിപ്പിക്കും.അതേസമയം കേരളത്തിലെ റെയില്‍വേ വികസനം പദ്ധതിയിലില്ല.
പി.എം വിശ്വകര്‍മ പദ്ധതിക്ക് അംഗീകാരം
കരകൗശലത്തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 13,000 കോടി രൂപ അനുവദിച്ചുകൊണ്ട് 'പിഎം വിശ്വകര്‍മ' പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കരകൗശല തൊഴിലാളികള്‍ക്കായി പ്രതിദിനം 500 രൂപ ധനസഹായം നല്‍കും. ഇവര്‍ക്കായി ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് 15,000 രൂപയും നല്‍കും. ഈ മേഖലയിലുള്ളവര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനായി 5% പലിശ നിരക്കില്‍ 1 ലക്ഷം രൂപ, 2 ലക്ഷം രൂപ എന്നിങ്ങനെ വായ്പ പിന്തുണ നല്‍കും.