വിദേശനാണ്യ കരുതല്‍ ശേഖരം 550.14 ബില്യണ്‍ ഡോളറിലെത്തി; മൂന്നാം ആഴ്ചയിലും വര്‍ധന

ആര്‍ബിഐയുടെ വിദേശനാണ്യ കരുതല്‍ ധനത്തിന്റെ വലിയൊരു ഭാഗം യുഎസ് ഗവണ്‍മെന്റ് ബോണ്ടുകളുടെ രൂപത്തിലാണ്

Update: 2022-12-03 05:03 GMT

Image for Representation Only 

രാജ്യത്ത് വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും വര്‍ധിച്ചു. നവംബര്‍ 25ന് അവസാനിച്ച ആഴ്ചയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) വിദേശനാണ്യ കരുതല്‍ ശേഖരം 2.9 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 550.14 ബില്യണ്‍ ഡോളറിലെത്തി. അതില്‍ 487.29 ബില്യണ്‍ ഡോളറിന്റേതാണ് വിദേശ കറന്‍സികള്‍. വിദേശ കറന്‍സി ആസ്തി 3 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നതാണ് ഈ വര്‍ധനവിന് കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നിരുന്നാലും, സ്വര്‍ണ്ണ ശേഖരം 73 ദശലക്ഷം ഡോളര്‍ കുറഞ്ഞ് 39.94 ബില്യണ്‍ ഡോളറായി. യുഎസ് പണപ്പെരുപ്പത്തില്‍ പ്രതീക്ഷിച്ചതിലും വലിയ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനവിന്റെ വേഗത കുറയ്ക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ മാസത്തെ രൂപയുടെ നേട്ടത്തിന് കാരണമായത്. യുഎസ് ഡോളര്‍ സൂചിക കഴിഞ്ഞ മാസം 5 ശതമാനത്തോളം ദുര്‍ബലമായിരുന്നു.

യുഎസ് ഡോളര്‍ ദുര്‍ബലമായതിനാല്‍ ഉയര്‍ന്ന ആഗോള പലിശനിരക്ക് മൂലം റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരം വരും മാസങ്ങളില്‍ അതിന്റെ വിദേശ കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുമെന്ന് പല സാമ്പത്തിക വിദഗ്ധരും പറയുന്നു. ആര്‍ബിഐയുടെ കരുതല്‍ ധനത്തിന്റെ വലിയൊരു ഭാഗം യുഎസ് ഗവണ്‍മെന്റ് ബോണ്ടുകളുടെ രൂപത്തിലാണ്.

ഒക്ടോബറില്‍ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 524 ബില്യണ്‍ ഡോളറിലേക്ക് ഇടിഞ്ഞ കരുതല്‍ ശേഖരം ഇപ്പോള്‍ ഡോളര്‍ സൂചിക താഴ്ന്നതോടെ ഉയരുകയാണ്. നവംബര്‍ 18ന് അവസാനിച്ച ആഴ്ചയിലെ വിദേശനാണ്യ കരുതല്‍ ശേഖരം 547.25 ബില്യണ്‍ ഡോളറായിരുന്നു.

Tags:    

Similar News