വിദേശനാണ്യ ശേഖരം വീണ്ടും ഉയരുന്നു
ശേഖരം വര്‍ദ്ധിക്കുന്നത് നാലാഴ്ചയ്ക്ക് ശേഷം
ഇന്ത്യയുടെ വിദേശ നാണ്യശേഖരം മാര്‍ച്ച് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 150 കോടി ഡോളര്‍ ഉയര്‍ന്ന് 56,240 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തുടര്‍ച്ചയായ നാലാഴ്ചത്തെ ഇടിവിന് ശേഷമാണ് ശേഖരം ഉയരുന്നത്.
വിദേശനാണ്യ ആസ്തി (ഫോറിന്‍ കറന്‍സി അസറ്റ്/എഫ്.സി.എ) 120 കോടി ഡോളര്‍ ഉയര്‍ന്ന് 49,710 കോടി ഡോളറിലെത്തിയത് വിദേശ നാണ്യശേഖരം കൂടാന്‍ സഹായിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു ശതമാനത്തോളം കൂടിയതും നേട്ടമായി.
രൂപയുടെ തിരിച്ചുവരവ് നേട്ടമായി
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ മുന്‍ ആഴ്ചകളില്‍ വിദേശ നാണ്യശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായിരുന്നു. ഇത് ആ ആഴ്ചകളില്‍ വിദേശ നാണ്യശേഖരം താഴാനും ഇടവരുത്തുകയായിരുന്നു. നിലവില്‍ ഇന്ത്യയുടെ 9.4 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമാണ് വിദേശ നാണ്യശേഖരം.