ശാസ്ത്രീയ ഉപകരണങ്ങളുടെ ഉയര്‍ന്ന ജിഎസ്ടി; പുനഃപരിശോധനക്കൊരുങ്ങി കേന്ദ്രം

വിവിധ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കായുള്ള ഫണ്ടിംഗിനായി വരാനിരിക്കുന്ന ബജറ്റില്‍ ഒരു വിഹിതം വകയിരുത്താനും സാധ്യതയുണ്ട്

Update: 2022-12-12 05:24 GMT

ശാസ്ത്രീയ ഉപകരണങ്ങളുടെ ചരക്ക് സേവന നികുതി 5 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ത്തിയ വിഷയം കേന്ദ്രം പുനഃപരിശോധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 18 ന് നടന്ന 47-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതിന്റെ നിരക്കുയര്‍ത്തിയത്. ഇന്ത്യയുടെ ഗവേഷണ ശേഷിയെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രലോകം വിമര്‍ശിച്ചിരുന്നു.

ഈ വര്‍ധനവിനെത്തുടര്‍ന്ന് ശാസ്ത്ര സാങ്കേതിക വകുപ്പും, സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് കൗണ്‍സിലും പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറുടെ ഓഫീസും ധനകാര്യ മന്ത്രാലയവുമായി വിഷയം ചര്‍ച്ച ചെയ്തു. ശാസ്ത്ര, ലബോറട്ടറി ഗവേഷണങ്ങളില്‍ ഇത്തരമൊരു വര്‍ധനവ് കനത്ത ആഘാതങ്ങളുണ്ടാക്കുമെന്ന് ശാസ്ത്ര വിഭാഗം ധനകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു.

ജിഎസ്ടി വര്‍ധന പൂര്‍ണമായി പിന്‍വലിക്കാന്‍ സാധിക്കില്ല. എന്നാല്‍ ലബോറട്ടറി ഉപകരണങ്ങള്‍ക്കും മറ്റുമായി ഗവേഷണ സ്ഥാപനങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത വിധത്തില്‍ നികുതി ഘടനയില്‍ മാറ്റം കൊണ്ടു വരാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് ഗവേഷണ വിഭാഗം പ്രതീക്ഷിക്കുന്നത്. വിവിധ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കായുള്ള ഫണ്ടിംഗിനായി വരാനിരിക്കുന്ന ബജറ്റില്‍ ഒരു വിഹിതം വകയിരുത്താനും സാധ്യതയുണ്ട്.

ജൂലൈ 18 ന് ചണ്ഡീഗഡില്‍ നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ 47-ാമത് യോഗത്തിലാണ് ശാസ്ത്രീയ ഉപകരണങ്ങള്‍ ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് പൊതു ധനസഹായമുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് അനുവദിച്ച 5 ശതമാനം ജിഎസ്ടിയുടെ 2017 ലെ ഇളവ് നിരക്ക് പിന്‍വലിച്ചു. പിന്നീട് ശാസ്ത്രീയ ഉപകരണങ്ങളുടെ ജിഎസ്ടി നിരക്ക് 12 ശതമാനം മുതല്‍ 18 ശതമാനം വരെ നിശ്ചയിച്ചു.

Tags:    

Similar News