5.03 ലക്ഷം കോടി രൂപയുടെ ബോണ്ടുകള്‍ ഇറക്കാന്‍ കേന്ദ്രം
ഈ സാമ്പത്തിക വര്‍ഷം ബോണ്ടുകളിലൂടെ 12.06 ലക്ഷം രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഒക്ടോബര്‍- മാര്‍ച്ച് കാലയളവില്‍ കേന്ദ്രം ബോണ്ടുകള്‍ ഇറക്കുക.;
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 5.03 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഒക്ടോബര്‍-മാര്‍ച്ച് കാലയളവില്‍ കേന്ദ്രം ബോണ്ടുകള്‍ ഇറക്കും. 2021-22 സാമ്പത്തിക വര്‍ഷം ബോണ്ടുകളിലൂടെ 12.06 ലക്ഷം കോടി രൂപ കണ്ടെത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ഇതില്‍ 7.02 ലക്ഷം കോടി രൂപ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ സര്‍ക്കാര്‍ സമാഹരിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി കുടിശിക ഉള്‍പ്പടെയുള്ളവ കൊടുക്കാനാണ് ഈ പണം ഉപയോഗിക്കുക. 21 പ്രതിവാര തവണകളായാകും കേന്ദ്രം ബോണ്ടുകള്‍ ഇറക്കുക.
ഓരോ തവണയും 23000- 24000 കോടി രൂപയുടെ ബോണ്ടുകളായിരിക്കും വില്‍പ്പന നടത്തുന്നത്. രണ്ട്, അഞ്ച്, 10, 14,30, 40 വര്‍ഷത്തെ കാലാവധിയുള്ള സെക്യൂരിറ്റികളും 7-8, 13 വര്‍ത്തെ കാലാവധിയിലുള്ള ഫ്‌ലോട്ടിങ്ങ് റേറ്റ് ബോണ്ടുകളും ഇക്കൂട്ടത്തില്‍ ഉണ്ടാകും. നാലു ശതമാനം മുതല്‍ 15 ശതമാനം വരെയാണ് പലിശ നിരക്ക്. ഫ്‌ലോട്ടിംഗ് റേറ്റ് ബോണ്ടുകള്‍ക്ക് 8.8 ശതമാനം ആയിരിക്കും പലിശ നിരക്ക്.