സ്വര്‍ണത്തിന് പിന്നാലെ നികുതി വെട്ടിപ്പിനും പി.എം.എല്‍.എ; നിരീക്ഷിക്കാന്‍ ഇ.ഡിയും
കള്ളപ്പണം, നികുതി വെട്ടിപ്പ്, തീവ്രവാദ ഫണ്ടിംഗ്: ഉപയോക്താക്കള്‍ക്കുമേല്‍ നിരീക്ഷണം കടുപ്പിച്ച് കേന്ദ്രം
കള്ളപ്പണവും നികുതി വെട്ടിപ്പും തീവ്രവാദ ഫണ്ടിംഗും മയക്കുമരുന്ന് വ്യാപാരവും തടയാനുള്ള നടപടികളുടെ ഭാഗമായി ചരക്ക്-സേവന നികുതിയെയും (ജി.എസ്.ടി/GST) പണം തിരിമറി തടയല്‍ നിയമത്തിന് (പി.എം.എല്‍.എ/PMLA) കീഴിലാക്കി കേന്ദ്രസര്‍ക്കാര്‍. നികുതിദായകരുടെ ജി.എസ്.ടി അടവ്, റിട്ടേണ്‍ സമര്‍പ്പണം എന്നിവ സംബന്ധിച്ച് പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് പുറമേ ഇനി പി.എല്‍.എം.എ പ്രകാരം ഇ.ഡിയുടെ അന്വേഷണവും നേരിടേണ്ടിവരും.
പി.എം.എല്‍.എ നിയമം - 2002ലെ സെക്ഷന്‍ 66 (1)(iii) പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജി.എസ്.ടി നെറ്റ്‌വര്‍ക്ക് (ജി.എസ്.ടി.എന്‍/GSTN) പോര്‍ട്ടലും തമ്മില്‍ വിവരങ്ങള്‍ കൈമാറണമെന്ന സര്‍ക്കുലര്‍ കഴിഞ്ഞദിവസം ധനമന്ത്രാലയത്തിന് കീഴിലെ റവന്യൂ വകുപ്പ് പുറത്തിറക്കി.
ഇതുവരെ നികുതി വെട്ടിപ്പ് സംബന്ധിച്ച് അന്വേഷിച്ചിരുന്നത് നികുതി വകുപ്പും കസ്റ്റംസുമായിരുന്നു. വ്യാജ ജി.എസ്.ടി ഇന്‍വോയ്‌സ്, ഇന്‍പുട്ട് ക്രെഡിറ്റ് ടാക്‌സ് അനധികൃതമായി തട്ടിയെടുക്കാനുള്ള വ്യാജ രേഖകള്‍ തുടങ്ങിയ സംബന്ധിച്ച് ഇ.ഡിയും ഇനിമുതല്‍ അന്വേഷിക്കും.
നിരീക്ഷണം കടുപ്പിച്ച് കേന്ദ്രം
10 ലക്ഷം രൂപയ്ക്കുമേല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കളുടെ വിവരങ്ങള്‍ വ്യാപാരികള്‍ രേഖപ്പെടുത്തി കേന്ദ്ര റവന്യൂ വകുപ്പിന് കീഴിലെ ഫൈനാന്‍സ് ഇന്റലിജന്‍സ് യൂണിറ്റിന് (എഫ്.ഐ.യു) കൈമാറണമെന്ന സർക്കുലർ ധനമന്ത്രാലയം രണ്ടുവര്‍ഷം മുമ്പ് പുറത്തിറക്കിയിരുന്നു. ഇനിമുതല്‍ എഫ്.ഐ.യുവിന് പുറമേ ഇ.ഡിക്കും ഇതേ വിവരങ്ങള്‍ കൈമാറണമെന്ന സര്‍ക്കുലര്‍ അടുത്തിടെയും ധനമന്ത്രാലയം പുറത്തിറക്കിയിരുന്നു.
നികുതിദായകരുടെ ബാങ്കിടപാടുകള്‍ നിരീക്ഷിക്കാനുള്ള നീക്കങ്ങള്‍ക്ക് ജി.എസ്.ടി വകുപ്പും തുടക്കമിട്ടിരുന്നു. അനര്‍ഹമായി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നേടുന്നതിന് തടയിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നടപടികള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ പി.എം.എല്‍.എ പ്രകാരം നികുതിദായകരുടെ വിവരങ്ങള്‍ ഇ.ഡിക്കും കൈമാറണമെന്ന പുതിയ സര്‍ക്കുലര്‍.
ജി.എസ്.ടി സംബന്ധിച്ച വിവരങ്ങൾ എഫ്.ഐ.യുവിന് കൈമാറണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഫലത്തിൽ, നികുതി വെട്ടിപ്പ് സംബന്ധിച്ച് ഇനിമുതൽ ഇ.ഡിയും എഫ്.ഐ.യുവും അന്വേഷിക്കും.