ജി എസ് ടി: നികുതി പിരിവിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കപ്പെട്ടേക്കും

അസംസ്‌കൃത വസ്തുക്കള്‍ക്കുള്ള കൂടിയ നികുതി സംരംഭകര്‍ക്ക് വന്‍ തിരിച്ചടി. നികുതിയിലെ അന്തരം മൂലം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാനാകാതെ സംരംഭകര്‍;

Update:2021-03-04 16:05 IST

ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഈ മാസം ചേരുന്ന ജി എസ്ടി കൗണ്‍സില്‍ യോഗത്തിലുണ്ടാകും. വസ്ത്രം, വളം, ചെരിപ്പ് നിര്‍മാണം തുടങ്ങിയ മേഖലകളിലെ നികുതി ഘടനയിലെ അപാകതകള്‍ പരിഹരിക്കുന്ന കാര്യം നേരത്തെ തന്നെ ജി എസ് ടി കൗണ്‍സിലിന്റെ പരിഗണനയിലുള്ളതാണ്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് റവന്യു വരവ് കുറഞ്ഞതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയ സാഹചര്യത്തിലാണ് നികുതി ഘടനയിലെ പോരായ്മകള്‍ പരിഹരിക്കാനുള്ള നീക്കം.

അസംസ്‌കൃത വസ്തുക്കള്‍ക്ക് കൂടിയ നികുതിയും അന്തിമ ഉല്‍പന്നങ്ങള്‍ക്ക് കുറഞ്ഞ നികുതിയും ഈടാക്കുന്നതിലെ പൊരുത്തക്കേടുകളും വിവിധ വ്യവസായ മേഖലകളില്‍ അത് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധിയും പരിഹരിക്കപ്പെടണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ടാക്‌സ് നിരക്ക് മൂലം ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംരംഭകര്‍. ഇത് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ജി എസ് ടി കൗണ്‍സിലിലുള്ളവര്‍ മനസ്സിലാക്കുന്നു.

ഈ സാഹചര്യത്തിലാണ് ഈ മാസം ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം പ്രതീക്ഷിക്കുന്നത് എന്ന് മിന്റ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അസംസ്‌കൃത വസ്തുക്കളുടെ നികുതി നിരക്കില്‍ കുറവു വരുത്തിയോ അന്തിമ ഉല്‍പന്നങ്ങളുടെ നിരക്കില്‍ വര്‍ധന വരുത്തിയോ പ്രശ്‌നം പരിഹരിക്കാനാകും. കേന്ദ്ര ധനമന്ത്രി അധ്യക്ഷയും സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളുമായ ജി എസ് ടി കൗണ്‍സില്‍ യോഗത്തിന്റെ തീയതി ഇനിയും തീരുമാനിച്ചിട്ടില്ല.

കോവിഡ് പ്രതിസന്ധി വേളയില്‍ അന്തിമ ഉല്‍പന്നങ്ങളുടെ ജി എസ് ടി കളക്ഷനെയും റീട്ടെയില്‍ വിലയെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് നേരത്തെ ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ ജി എസ് ടി കൗണ്‍സിലിന് കഴിയാതെ പോയത്. കോവിഡ് അനന്തര ലോക്ഡൗണ്‍ ചരക്കുസേവന നികുതി പിരിവിനെ വലിയ തോതില്‍ ബാധിച്ചിരുന്നു. ആറു മാസക്കാലം പാളംതെറ്റിയോടിയ ജി എസ് ടി കളക്ഷന്‍ കഴിഞ്ഞ സെപ്തംബറോടെയാണ് ട്രാക്കിലേക്ക് കയറിയത്. തുടര്‍ന്നുള്ള മാസങ്ങളില്‍ നികുതി പിരിവ് കൂടുതല്‍ മെച്ചപ്പെട്ടു. കഴിഞ്ഞ അഞ്ച് മാസമായി ഒരു ട്രില്യണ് മുകളിലാണ് നികുതി വരവ്. ഇതോടെ ജി എസ് ടിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അപാകതകള്‍ക്ക് പരിഹാരം കാണുന്നതിന് അരങ്ങൊരുങ്ങുകയാണ്.

നികുതി നിരക്കിലെ അപാകതകള്‍ ബിസിനസ് സംരംഭങ്ങളിലേക്കുള്ള ഫണ്ട് വരവിനെ പ്രതികൂലമായി ബാധിച്ചെന്ന് ഫിന്‍ടെക്‌സ് പ്ലാറ്റ്‌ഫോമായ ക്ലിയര്‍ ടാക്‌സിന്റെ സി ഇ ഒ അര്‍ചിത് ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് എടുക്കാന്‍ കഴിയാതെ കുന്നുകൂടിയത് ബിസിനസിന്റെ വര്‍ക്കിംഗ് ക്യാപിറ്റലില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറയുന്നു.

ചെരിപ്പുകള്‍, കൈകൊണ്ട് നൂല്‍ക്കുന്ന നൂലുകള്‍ എല്‍ ഇ ഡി ലൈറ്റുകള്‍ തുടങ്ങിയ സംരംഭങ്ങളിലും ഇന്‍പുട്ട് ജി എസ് ടി ഔട്ട്പുട്ട് ജി എസ് ടിയേക്കാള്‍ കൂടുതലായത് കനത്ത പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഡി വി എസ് അഡൈ്വസേഴ്‌സ് എല്‍ എല്‍ പിയുടെ സ്ഥാപകന്‍ ദിവാകര്‍ വിജയസാരഥി പറയുന്നു. ഉയര്‍ന്ന ഇന്‍പുട് ടാക്‌സ് നല്‍കേണ്ടിവന്നതും റീഫണ്ട് തടസപ്പെട്ടതും ബിസിനസ് സംരംഭങ്ങളുടെ വര്‍ക്കിംഗ് ക്യാപിറ്റലിനെ ഗുരുതരമായി ബാധിച്ചു. റിഫണ്ടിന് വേണ്ടി നിയമനടപടികളിലേക്ക് നീങ്ങേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ധനകാര്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത് ഇത്തരം കാര്യങ്ങളില്‍ പരിഹാരം ഉടനെയുണ്ടാകുമെന്നാണ്. ജി എസ് ടി കൗണ്‍സില്‍ യോഗം ഇതിനുള്ള വേദിയാകുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

Tags:    

Similar News