ജി എസ് ടി: ജപ്തി നടപടിക്കെതിരെ സുപ്രീം കോടതി
നികുതി ഉദ്യോഗസ്ഥരുടെ ഇഷ്ടപ്പെട്ട നടപടിയായി ജപ്തി ശരിയല്ലാത്ത സമീപനമെന്ന് സുപ്രിംകോടതി
ചരക്കു-സേവന നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനത്തിന്റെ വസ്തുവഹകള്‍ ജപ്തി ചെയ്യുന്ന നികുതി വകുപ്പിന്റെ നടപടി സുപ്രീം കോടതി വിമര്‍ശിച്ചു. കേസ്സില്‍ അന്തിമവിധി പുറപ്പെടുവിച്ചില്ലെങ്കിലും ജപ്തി നടപടികള്‍ സ്വീകരിച്ചതിന് എതിരെ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ബിസിനസ്സ് വൃത്തങ്ങള്‍ സ്വാഗതം ചെയ്തു. ഹിമാചല്‍ പ്രദേശ് സര്‍ക്കാരും, രാധാകൃഷ്ണ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനവും തമ്മിലുള്ള കേസ്സിലാണ് പരമോന്നത കോടതി ജപ്തിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
എന്തിനും, ഏതിനും ജപ്തി നടപടികള്‍ സ്വീകരിക്കുവാന്‍ നികുതി വകുപ്പിന് അധികാരമില്ല. ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്കു മാത്രമല്ല എല്ലാ നികുതി ഉദ്യോഗസ്ഥരുടെയും ഇഷ്ടപ്പെട്ട നടപടിയാണ് ജപ്തി. ഇത് ശരിയല്ലാത്ത സമീപനമാണ്, കോടതി ചൂണ്ടിക്കാട്ടി. ജപ്തി നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനത്തിന് അവരുടെ ഭാഗം കോടതികളെ ബോധ്യപ്പെടുത്തുന്നതിനുള്ള സാവകാശം ഉണ്ടെങ്കിലും നടപടികളുമായി മുന്നോട്ടു പോവാനുള്ള നിയമപരമായ അവകാശം തങ്ങള്‍ക്കുണ്ടെന്ന നികുതി വകുപ്പിന്റെ വാദത്തെ കോടതി വിമര്‍ശിച്ചു. കോടതികളില്‍ നിന്നും തീര്‍പ്പ് ലഭിക്കുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ ആസ്തികള്‍ പിടിച്ചെടുക്കുന്നതും, മരവിപ്പിക്കുന്നതും ബിസിനസ്സിന്റെ അടച്ചുപൂട്ടലിന് ഇടയാക്കാമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള കഠോരമായ നിയമങ്ങള്‍ മാറ്റം ആവശ്യപ്പെടുന്നു, കോടതി പറഞ്ഞു.
നികുതി ഉദ്യോഗസ്ഥര്‍ ചുമത്തുന്ന ഭീമമായ തുക പലപ്പോഴും ബന്ധപ്പെട്ട അപ്പീല്‍ അധികാരികള്‍ ഗണ്യമായി കുറയ്ക്കുന്ന കാര്യവും രാധാകൃഷ്ണ കേസ്സില്‍ സുപ്രീം കോടതി ഓര്‍മപ്പെടുത്തി. നികുതി ഉദ്യോഗസ്ഥര്‍ 84 വ്യവസായ ഗ്രൂപ്പുകള്‍ക്കായി ചുമത്തിയ 24,966 കോടി രൂപ അപ്പീല്‍ പ്രക്രിയയില്‍ അതിന്റെ നാലില്‍ ഒന്നായി കുറഞ്ഞുവെന്ന ഒരു സിഎജി റിപോര്‍ട്ടിലെ പരാമര്‍ശം കോടതി ചൂണ്ടിക്കാട്ടി. കേസ്സില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നീട്ടി വെച്ചു.