സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത ഉയരും, ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറച്ച് ഐഎംഎഫ്
ആഗോള തലത്തില്‍ നേരിടുന്ന പ്രതിസന്ധികളും കേന്ദ്ര ബാങ്കിന്റെ നയങ്ങളില്‍ ഉണ്ടായ മാറ്റവും രാജ്യത്തിന്റെ വളര്‍ച്ച കുറയ്ക്കുമെന്ന് ഐഎംഎഫ്. സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത 2023ല്‍ വളരെ കൂടുതലാണെന്ന സൂചനയാണ് ഐഎംഎഫ് നല്‍കുന്നത്
2022-23 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.4 ശതമാനം ആയിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി( ഐഎംഎഫ് -IMF). നേരത്തെ ഇന്ത്യ 8.2 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ഐഎംഎംഫ് വിലയിരുത്തല്‍. ആഗോള തലത്തില്‍ നേരിടുന്ന പ്രതിസന്ധികളും കേന്ദ്ര ബാങ്കിന്റെ നയങ്ങളില്‍ ഉണ്ടായ മാറ്റവും ആണ് വളര്‍ച്ചാ പ്രവചനം പുതുക്കി നിശ്ചയിക്കാന്‍ കാരണം.
ചൈന, യുഎസ്, യുറോപ്യന്‍ മേഖല, യുകെ എന്നിവയുടെ വളര്‍ച്ചാ നിരക്കും പുതുക്കിയ വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ ഐഎംഎഫ് കുറച്ചിട്ടുണ്ട്. യുഎസിന്റെ വളര്‍ച്ചാ പ്രവചനം 3.7ല്‍ നിന്ന് 2.3 ശതമാനം ആയി ആണ് കുറച്ചത്. ചൈനയുടെ സമ്പദ് വ്യവസ്ഥ 3.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രവചനം. യുറോ മേഖല 2.6 ശതമാനവും യുകെ 3.2 ശതമാനവും വളര്‍ച്ച നേടുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. 2022ല്‍ ആഗോള ജിഡിപിയില്‍ 3.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിന് ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി വീണ്ടും റീപോ റേറ്റ് വര്‍ധിപ്പിച്ചേക്കും എന്നാണ് സൂചന.
സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത 2023ല്‍ വളരെ കൂടുതലാണെന്ന സൂചനയാണ് ഐഎംഎഫ് നല്‍കുന്നത്. 2023ലെ നാലാം പാദത്തില്‍ യുഎസിന്റെ റിയല്‍ ജിഡിപി വളര്‍ച്ച 0.6 ശതമാനം മാത്രമായിരിക്കുമെന്നും മാന്ദ്യം ഒഴിവാക്കുക ശ്രമകരമായിരിക്കുമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.