യു.എസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യയെ ബാധിക്കുമോ?

Update: 2018-06-21 07:00 GMT

ഇരുപതിനായിരം കോടി രൂപയുടെ ചൈനീസ് ഇറക്കുമതിക്കുകൂടി തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം ഒന്നുകൂടി മുറുകിയിരിക്കുകയാണ്. ഇതിൽ നമുക്കെന്ത് കാര്യം എന്ന് ചിന്തിച്ചേക്കാം? യു.എസ്സും ചൈനയും തമ്മിൽ വ്യാപാര ബന്ധമുള്ളതുകൊണ്ടുതന്നെ ഇന്ത്യക്കും ഇതിൽ കഷ്ട-നഷ്ടങ്ങൾ വരാം.

ട്രേഡ് യുദ്ധത്തിന്റെ ഫലങ്ങൾ ഏറ്റവും ആദ്യം പ്രകടമാവുക ഡിമാൻഡ് -സപ്ലൈ ശൃംഖലയിലായിരിക്കും. ഏതെങ്കിലും ഒരു സാധനത്തിന്റെ -അസംസ്‌കൃത പദാർത്ഥമായാലും ഉൽപന്നമായാലും --ലഭ്യത കുറഞ്ഞാൽ ഉപഭോക്താക്കൾ അതിന് നൽകേണ്ട വില കൂടും. തീരുവ വർധിപ്പിക്കുന്നത്തിലൂടെ ഉണ്ടാകുന്ന വിലക്കയറ്റവും അവസാനം ഉപഭോക്താവിന്റെ ചുമലിൽ വരും.

വ്യാപാരയുദ്ധം രൂക്ഷമായാൽ ഡോളറിന്റെ മൂല്യം ഇടിയാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കയറ്റുമതി വരുമാനം കുറയും.

ബേസ് മെറ്റലുകളുടെ ലോകത്തെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയാണ്. ട്രേഡ് യുദ്ധം ഇന്നത്തെ സാഹചര്യത്തിൽ ഇവയുടെ വില കുറയാൻ കാരണമാകും. ബേസ് മെറ്റലുകളുടെ വില താഴുന്നത് പല ഇന്ത്യൻ കമ്പനികളുടെയും വരുമാനത്തെ ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഇനി യു.എസ്സിന്റെ ക്രൂഡ് ഓയിൽ ചൈന വേണ്ടെന്ന് വച്ചാൽ ഒരു പക്ഷെ ഇന്ധന വില താഴാൻ അത് കാരണമാകും. കാരണം, ചൈനയ്ക്ക് എണ്ണ വെസ്റ്റ് ഏഷ്യയിൽ നിന്നും മറ്റും വാങ്ങാൻ കഴിഞ്ഞാലും, ചൈനയുടെ അത്ര വലിയ മാർക്കറ്റ് കണ്ടു പിടിക്കുക യു.എസ്സിന് എളുപ്പമായിരിക്കില്ല. ഇന്ധന വില കുറയുന്നത് എന്തുകൊണ്ടും ഇന്ത്യയ്ക്ക് നന്നായിരിക്കും.

ചൈനയ്ക്ക് പകരം യു.എസ്സിന് ഒരു നല്ല കയറ്റുമതി പങ്കാളിയാകാൻ ഇന്ത്യയ്ക്ക് കഴിയുമോ? അങ്ങിനെയെങ്കിൽ അത് വലിയ ഒരു അവസരമായിരിക്കും. ടെക്സ്റ്റൈൽ, ജ്വല്ലറി എന്നീ മേഖലകളിൽ ഇന്ത്യയ്ക്ക് നല്ല സ്വാധീനം ഉണ്ട്. എന്നാൽ ചൈനയുടെ കയറ്റുമതി കൂടുതൽ വൈവിധ്യവൽക്കരിക്കപ്പെട്ടതായതിന ാൽ ഇന്ത്യയ്ക്ക് ആ വിടവ് നികത്താൻ വളരെക്കാലം വേണ്ടി വരും.

ട്രംപ് ഭരണകൂടം അമേരിക്കൻ ഉത്പാദകരെ സംരക്ഷിക്കുന്നതിനായി ഇറക്കുമതി ചെയ്യപ്പെടുന്ന സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും തീരുവയും ഏർപ്പെടുത്തിയതു മുതലാണ് ട്രേഡ് യുദ്ധം ആരംഭിച്ചത്. ഇതുവഴി, 241 ദശലക്ഷം ഡോളർ അധികച്ചെലവാണ് ഇന്ത്യയ്ക്ക് വന്നിരിക്കുന്നത്. ഇതിനെതിരെ 30 ഇറക്കുമതി വസ്തുക്കളുടെ കസ്റ്റംസ് തീരുവ 50 ശതമാനം വരെ കൂട്ടാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

എങ്ങിനെയൊക്കെ നോക്കിയാലും ഒരു വ്യാപാര യുദ്ധത്തിൽ നഷ്ടങ്ങളുടെ കണക്കുകളാണ് അധികവും. ഇതിൽ ആരും വിജയിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

Similar News