പ്രവചനങ്ങളെയും മറികടന്ന് ഇന്ത്യ; ജി.ഡി.പിയില്‍ കഴിഞ്ഞവർഷം 7.2% വളര്‍ച്ച

ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന നേട്ടം നിലനിര്‍ത്തി; നാലാംപാദ വളര്‍ച്ച 6.1%

Update:2023-05-31 22:09 IST

Image : Canva

റിസര്‍വ് ബാങ്കിന്റെയും പ്രമുഖ ധനകാര്യസ്ഥാപനങ്ങളുടെയും പ്രവചനങ്ങളെയാകെ നിഷ്പ്രഭമാക്കി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യ 6.8 ശതമാനം വളരുമെന്നായിരുന്നു റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ ഏഴ് ശതമാനമായിരുന്നു. എസ്.ബി.ഐ., റോയിട്ടേഴ്‌സ്, ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയവയെല്ലാം ശരാശരി 7 ശതമാനം വളര്‍ച്ചയാണ് വിലയിരുത്തിയിരുന്നത്.

അതേസമയം, 2021-22ലെ 9.1 ശതമാനത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷത്തെ ജി.ഡി.പി വളര്‍ച്ച കുറഞ്ഞു. കൊവിഡ് പ്രതിസന്ധി നിറഞ്ഞുനിന്ന 2020-21ലെ നെഗറ്റീവ് 6.6 ശതമാനത്തില്‍ നിന്ന് തിരിച്ചുകയറിയതിനാലാണ് 2021-22ലെ വളര്‍ച്ച 9 ശതമാനം കവിയാന്‍ കാരണം. 2021-22ല്‍ ജി.ഡി.പി മൂല്യം 149.26 ലക്ഷം കോടി രൂപയായിരുന്നു. ഇതാണ് കഴിഞ്ഞവര്‍ഷം 7.2 ശതമാനം ഉയര്‍ന്ന് 160.06 ലക്ഷം കോടി രൂപയായത്.
നാലാംപാദത്തിലും മുന്നേറ്റം
പ്രവചനങ്ങളെ കവച്ചുവച്ച നേട്ടമാണ് കഴിഞ്ഞവര്‍ഷത്തെ നാലാംപാദമായ ജനുവരി-മാര്‍ച്ചിലും ഇന്ത്യ നേടിയത്. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 4 ശതമാനത്തില്‍ നിന്ന് 6.1 ശതമാനത്തിലേക്ക് ജി.ഡി.പി വളര്‍ച്ച മുന്നേറി. റിസര്‍വ് ബാങ്ക് 5.1 ശതമാനവും എസ്.ബി.ഐ 5.5 ശതമാനവും റോയിട്ടേഴ്‌സ് 5 ശതമാനവുമായിരുന്നു പ്രവചിച്ചിരുന്നത്.
നാലാംപാദ ജി.ഡി.പി മൂല്യം 41.12 ലക്ഷം കോടി രൂപയില്‍ നിന്ന് 43.62 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞവര്‍ഷത്തെ ഒന്നാംപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജി.ഡി.പി വളര്‍ച്ച 13.1 ശതമാനവും രണ്ടാംപാദത്തില്‍ (ജൂലായ്-സെപ്തംബര്‍) 6.2 ശതമാനവും മൂന്നാംപാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) 4.5 ശതമാനവുമായിരുന്നു.
ആളോഹരിയിലും മികവ്
കഴിഞ്ഞവര്‍ഷം അറ്റ ആളോഹരി ജി.ഡി.പി (Net Per Capita GDP) 1.09 ലക്ഷം രൂപയില്‍ നിന്ന് 6.1 ശതമാനം ഉയര്‍ന്ന് 1.15 ലക്ഷം രൂപയായി. അറ്റ ആളോഹരി വരുമാനം (Net Per Capita Income) 92,583 രൂപയില്‍ നിന്ന് 98,374 രൂപയായി; വര്‍ദ്ധന 6.3 ശതമാനം.
കരുത്തായി കൃഷിയും മാനുഫാക്ചറിംഗും
കഴിഞ്ഞപാദത്തില്‍ (ജനുവരി-മാര്‍ച്ച്) കൃഷി, മാനുഫാക്ചറിംഗ്, നിര്‍മ്മാണം (Construction), വ്യാപാരം തുടങ്ങിയ മേഖലകളാണ് മികച്ച വളര്‍ച്ചയ്ക്ക് പിന്തുണയേകിയത്. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 4.1 ശതമാനത്തില്‍ നിന്ന് 5.5 ശതമാനത്തിലേക്ക് കാര്‍ഷിക വളര്‍ച്ച മെച്ചപ്പെട്ടു.
2.3 ശതമാനത്തില്‍ നിന്ന് 4.3 ശതമാനത്തിലേക്കാണ് ഖനന (Mining) മേഖല വളര്‍ന്നത്. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിശേഷണമുള്ള മാനുഫാക്ചറിംഗ് മേഖല 0.6 ശതമാനത്തില്‍ നിന്ന് 4.5 ശതമാനത്തിലേക്ക് വളര്‍ന്നത് വലിയ നേട്ടമായി. 4.9 ശതമാനത്തില്‍ നിന്ന് 10.4 ശതമാനത്തിലേക്കാണ് നിര്‍മ്മാണ മേഖല വളര്‍ന്നത്. 6.7ല്‍ നിന്ന് 6.9 ശതമാനത്തിലേക്കാണ് വൈദ്യുതോത്പാദന വളര്‍ച്ച.
വ്യാപാരം, ഹോട്ടല്‍, ഗതാഗതം എന്നീ മേഖലയുടെ വളര്‍ച്ച 5ല്‍ നിന്ന് 9.1 ശതമാനത്തിലേക്കും ധനകാര്യം, റിയല്‍ എസ്‌റ്റേറ്റ് എന്നീ മേഖലയുടെ വളര്‍ച്ച 4.6ല്‍ നിന്ന് 7.1 ശതമാനത്തിലേക്കും ഉയര്‍ന്നു. പൊതുഭരണം, പ്രതിരോധം എന്നീ മേഖലയുടെ വളര്‍ച്ച 5.2ല്‍ നിന്ന് 3.1 ശതമാനത്തിലേക്ക് കുറഞ്ഞു.
മാനുഫാക്ചറിംഗ്: വാര്‍ഷിക വളര്‍ച്ചയില്‍ നിരാശ
കഴിഞ്ഞപാദത്തില്‍ വന്‍ കുതിപ്പ് നടത്തിയെങ്കിലും മാനുഫാക്ചറിംഗ് മേഖലയുടെ കഴിഞ്ഞവര്‍ഷത്തെ മൊത്തത്തിലുള്ള വളര്‍ച്ച കനത്ത നിരാശയാണ് നല്‍കുന്നത്. 2021-22ലെ 11.1 ശതമാനത്തില്‍ നിന്ന് 1.3 ശതമാനത്തിലേക്ക് വളര്‍ച്ച കൂപ്പുകുത്തി. ആദ്യപാദങ്ങളിലെ സാമ്പത്തിക ഞെരുക്കം, അസംസ്‌കൃതവസ്തുക്കളുടെ ലഭ്യതക്കുറവ് തുടങ്ങിയ കാരണങ്ങളാണ് തിരിച്ചടിയായത്.
വാര്‍ഷികാടിസ്ഥാനത്തില്‍ കൃഷി, ഖനനം, വ്യാപാരം, ധനകാര്യം എന്നീ മേഖലകളും വളര്‍ച്ച മെച്ചപ്പെടുത്തി. വൈദ്യുതി, നിര്‍മ്മാണം, പൊതുഭരണം എന്നീ വിഭാഗങ്ങള്‍ രേഖപ്പെടുത്തിയത് വളര്‍ച്ചാ ഇടിവാണ്.
തിളങ്ങി ഇന്ത്യ
റഷ്യ-യുക്രെയിന്‍ യുദ്ധം, പണപ്പെരുപ്പം, പലിശ വര്‍ദ്ധന തുടങ്ങി നിരവധി പ്രതിസന്ധികള്‍ നിറഞ്ഞാടിയിട്ടും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജര്‍) സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യ 6.1 ശതമാനം വളര്‍ന്നപ്പോള്‍ ഈ രംഗത്തെ മുഖ്യ എതിരാളിയായ ചൈനയുടെ വളര്‍ച്ച 4.5 ശതമാനം മാത്രം.
അമേരിക്ക (1.3 ശതമാനം), യു.കെ (0.1 ശതമാനം), ഫ്രാന്‍സ് (0.2 ശതമാനം), ജപ്പാന്‍ (1.6 ശതമാനം), ബ്രസീല്‍ (2.4 ശതമാനം), ഇന്‍ഡോനേഷ്യ (5.03 ശതമാനം), സൗദി അറേബ്യ (3.9 ശതമാനം) എന്നിവയും ഇന്ത്യയെക്കാള്‍ പിന്നിലാണ്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ശക്തിയായ ജര്‍മ്മനി കഴിഞ്ഞപാദത്തില്‍ കുറിച്ചത് നെഗറ്റീവ് 0.3 ശതമാനം വളര്‍ച്ചയാണ്.
കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും വെല്ലുവിളി
ജി.ഡി.പി വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ടത് കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നല്‍കുന്നത് വലിയ ആശ്വാസമാണ്. എന്നാല്‍, വളര്‍ച്ചയില്‍ സ്ഥിരത ഉറപ്പാക്കുകയെന്ന വലിയ വെല്ലുവിളിയാണ് കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും മുന്നിലുള്ളത്.
അമേരിക്കയും യൂറോപ്പും വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തിന്റെ പടിവാതിലിലാണ്. മാന്ദ്യക്കാറ്റ് ഇന്ത്യയെ ബാധിക്കാതെ നോക്കേണ്ടതുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ശേഷിക്കേ, സാമ്പത്തിക മേഖലയെ ഉലയ്ക്കാതെയുള്ള പരിഷ്‌കാര നടപടികളിലേക്ക് കേന്ദ്രത്തിന് കടക്കേണ്ടി വരും. ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഈ വര്‍ഷം ഉറപ്പായും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാം.
നിലവില്‍ രാജ്യത്തെ അടിസ്ഥാന പലിശനിരക്ക് ഉയര്‍ന്ന നിലയിലാണെന്ന വെല്ലുവിളി സാമ്പത്തികമേഖല നേരിടുന്നുണ്ട്. പലിശനിരക്ക് ഇനിയും ഉയര്‍ത്താതെ, ജി.ഡി.പി വളര്‍ച്ചയെ പിന്തുണയ്ക്കുന്ന ധനനയത്തിനാകും റിസര്‍വ് ബാങ്കിന്റെ ഊന്നല്‍. പണപ്പെരുപ്പം കുറഞ്ഞ് നില്‍ക്കുന്നത് ഇതിന് അനുകൂല ഘടകവുമാണ്.
Tags:    

Similar News