വിദേശനാണ്യ ശേഖരത്തില്‍ റെക്കോഡിട്ട് ഇന്ത്യ, ഇനി മുന്നില്‍ മൂന്ന് രാജ്യങ്ങള്‍ മാത്രം, രൂപയ്ക്കും കരുത്താകും
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഒരാഴ്ചയ്ക്കുള്ളിൽ 12.588 ബില്യൺ ഡോളറാണ് വർധിച്ചത്
ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഓരോ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് നിലവില്‍ ഇന്ത്യ.
വിദേശനാണ്യ കരുതൽ ശേഖരത്തിൻ്റെ കാര്യത്തിൽ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് രാജ്യം. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം സെപ്റ്റബറില്‍ 700 ബില്യൺ ഡോളറിന് മുകളിലെത്തിയിരുന്നു.അതേസമയം ഒക്ടോബറില്‍ ഫോറെക്സ് കരുതൽ ശേഖരം 684.805 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു. ഏറ്റവും വലിയ വിദേശനാണ്യ കരുതൽ ശേഖരത്തില്‍ ലോകത്ത് നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ. ചൈന, ജപ്പാന്‍, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് മുന്നിലുളളത്.
സെപ്റ്റംബറില്‍ 704 ബില്യൺ ഡോളര്‍
സെപ്റ്റംബർ 27 ന് അവസാനിച്ച ആഴ്ചയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 704.885 ബില്യൺ ഡോളറില്‍ ഫോറെക്സ് ശേഖരം എത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദേശനാണ്യ ശേഖരം ഉയരുന്നത് അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ നിന്ന് ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളെ സഹായിക്കുന്ന ഘടകമാണ്. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം അടുത്ത ഒരു വർഷകാലത്തെ ഇറക്കുമതിക്ക് ആവശ്യമായ നിലയില്‍ എത്തിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഒരു രാജ്യത്തിൻ്റെ സെൻട്രൽ ബാങ്കിൻ്റെയോ മോണിറ്ററി അതോറിറ്റിയുടെയോ കൈവശമുള്ള ആസ്തികളെയാണ് ഫോറെക്സ് ശേഖരം അഥവാ ഫോറിൻ എക്സ്ചേഞ്ച് റിസർവ്സ് എന്നു പറയുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സാധാരണയായി യു.എസ് ഡോളറിലാണ് സൂക്ഷിക്കുന്നത്.
രൂപ ശക്തമാകുമ്പോൾ ആർ.ബി.ഐ തന്ത്രപരമായി ഡോളർ വാങ്ങുകയും ദുർബലമാകുമ്പോൾ വിൽക്കുകയും ചെയ്യുന്ന നയമാണ് സ്വീകരിക്കുന്നത്. ഇത് രൂപയെ താരതമ്യേന സ്ഥിരതയുളള കറന്‍സിയാക്കി മാറ്റുന്നുണ്ട്. രൂപയില്‍ വലിയ തോതില്‍ ചാഞ്ചാട്ടം രേഖപ്പെടുത്താത്തത് ഇന്ത്യൻ ആസ്തികളെ നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാക്കുന്നു. കൂടുതൽ പ്രവചനാത്മകമായ മികച്ച പ്രകടനം നിക്ഷേപകര്‍ക്ക് ലഭിക്കും എന്നതാണ് ഇതിന് കാരണം.