റെയില്‍വേയുടെ ടിക്കറ്റ് വരുമാനം റെക്കോഡ് ഉയരത്തില്‍
യാത്രാടിക്കറ്റ് വരുമാനം 63,000 കോടി; പെന്‍ഷന് സ്വന്തം പണവും
യാത്രക്കാരില്‍ നിന്നുള്ള ടിക്കറ്റ് വരുമാനത്തില്‍ പുതിയ ഉയരം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 61 ശതമാനം വര്‍ദ്ധിച്ച് 63,300 കോടി രൂപയിലെത്തി. 2021-22ല്‍ 39,214 കോടി രൂപയായിരുന്നു. ചരക്കുനീക്കത്തില്‍ നിന്നുള്ള വരുമാനം 15 ശതമാനം ഉയര്‍ന്ന് 1.62 ലക്ഷം കോടി രൂപയായി. 2.39 ലക്ഷം കോടി രൂപയാണ് കഴിഞ്ഞവര്‍ഷത്തെ മൊത്തം വരുമാനം. ഇതും റെക്കോഡാണ്. 2021-22ലെ 1.91 ലക്ഷം കോടി രൂപയേക്കാള്‍ 25 ശതമാനമാണ് വളര്‍ച്ച.
പെന്‍ഷന് മുഴുവന്‍ പണം
വരുമാനം മികച്ചനിലയില്‍ മെച്ചപ്പെട്ടതോടെ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റെയില്‍വേയ്ക്ക് പെന്‍ഷന്‍ വിതരണത്തിനുള്ള തുക പൂര്‍ണമായി കണ്ടെത്താനും കഴിഞ്ഞു. 98.14 ശതമാനമാണ് കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന അനുപാതം (ഓപ്പറേറ്റിംഗ് റേഷ്യോ). വരുമാനവും ചെലവും തമ്മിലെ അനുപാതമാണിത്. ഇത് റെയില്‍വേ ലക്ഷ്യമിട്ട നിരക്കിനുള്ളില്‍ തന്നെയാണെന്നത് കഴിഞ്ഞവര്‍ഷം നേട്ടമായി. 2.37 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞവര്‍ഷത്തെ ചെലവ്; 2021-22ലെ ചെലവ് 2.06 ലക്ഷം കോടി രൂപയായിരുന്നു. ഇതിന് മുമ്പുള്ള മൂന്ന് വര്‍ഷങ്ങളിലും പെന്‍ഷന്‍ വിതരണത്തിനുള്ള പണം കണ്ടെത്താന്‍ ധനമന്ത്രാലയത്തെ സമീപിക്കേണ്ട സ്ഥിതിയിലായിരുന്നു റെയില്‍വേ.