റഷ്യയ്ക്ക് പിന്നാലെ ഇന്ത്യക്ക് ഡിസ്‌കൗണ്ട് എണ്ണയുമായി വെനസ്വേലയും

വെനസ്വേലയുടെ എണ്ണയ്ക്കുള്ള വിലക്ക് നീക്കി അമേരിക്ക

Update: 2023-10-31 12:30 GMT

Image courtesy: canva

വെനസ്വേലയില്‍ നിന്ന് ഇന്ത്യ വീണ്ടും ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ഒരുങ്ങുന്നു. നേരത്തെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന എണ്ണയുടെ ഏകദേശം പത്തിലൊന്ന് സംഭാവന ചെയ്ത രാജ്യമാണ് വെനസ്വേല. എന്നാല്‍ 2017-2019 കാലയളവില്‍ വെനസ്വേലന്‍ എണ്ണ കയറ്റുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ വാങ്ങല്‍ നിലയ്ക്കുകയായിരുന്നു. വെനസ്വേലയ്ക്കെതിരായ എണ്ണ, വ്യാപാരം, സാമ്പത്തിക ഉപരോധത്തില്‍ ഇപ്പോള്‍ ഇളവ് വരുത്തിയതോടെയാണ് ഇന്ത്യ എണ്ണ ഇറക്കുമതിക്കായി വീണ്ടും വെനസ്വേലന്‍ വിപണിയെ ആശ്രയിക്കാനൊരുങ്ങുന്നത്.

വില ഉയരുന്നു

ലോകത്തെ ഏറ്റവും വലിയ ഉല്‍പാദകരായ സൗദി അറേബ്യയും റഷ്യയും വിതരണം വെട്ടിക്കുറച്ചതോടെ ജൂലൈ മുതല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ 30 ശതമാനത്തോളം വില കുതിച്ചുയര്‍ന്നു. ഇതിനിടെ ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതോടെ ക്രൂഡോയില്‍ വില വീണ്ടും ഉയരുന്ന സാഹചര്യമുണ്ടായി.

എണ്ണ ആവശ്യകതയുടെ 80 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയ്ക്ക് 90 ഡോളര്‍ നിലവാരത്തിന് മുകളില്‍ ക്രൂഡോയില്‍ വില തുടരുന്നത് വെല്ലുവിളിയാണ്. നിലവില്‍ റഷ്യ ഇന്ത്യക്ക് ഡിസ്‌കൗണ്ട് നിരക്കിലാണ് ക്രീഡ് ഓയില്‍ നല്‍കുന്നത്. വെനസ്വേലയുടെ എണ്ണയും ഇന്ത്യക്ക് ഡിസ്‌കൗണ്ട് നിരക്കിലാകും ലഭിക്കുക.

Tags:    

Similar News