നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ ഏഴ് മാസങ്ങളില്‍ ധനക്കമ്മി 7.58 ലക്ഷം കോടി രൂപ
ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മൊത്തം വരവ് 13.86 ലക്ഷം കോടി രൂപയും മൊത്തം ചെലവ് 21.44 ലക്ഷം കോടി രൂപയുമാണ്
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍ വരെയുള്ള ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയുടെ ധനക്കമ്മി 7.58 ലക്ഷം കോടി രൂപയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കിയതിന്റെ 45.6 ശതമാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 36.3 ശതമാനമായിരുന്നു. അന്ന് ബജറ്റിലെ അന്തരം 5.47 ലക്ഷം കോടി രൂപയും.
ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മൊത്തം വരവ് 13.86 ലക്ഷം കോടി രൂപയും മൊത്തം ചെലവ് 21.44 ലക്ഷം കോടി രൂപയുമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 60.7 ശതമാനവും 54.3 ശതമാനവുമാണിത്. റവന്യൂ വരുമാനം 13.50 ലക്ഷം കോടി രൂപയാണ്. ഇതില്‍ നികുതി വരുമാനം 11.71 ലക്ഷം കോടി രൂപയും നികുതിയിതര വരുമാനം 1.79 ലക്ഷം കോടി രൂപയുമാണ്.
റവന്യൂ കമ്മി സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 38.8 ശതമാനത്തോടെ 3.85 ലക്ഷം കോടി രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക അന്തരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 6.7 ശതമാനത്തില്‍ നിന്ന് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 6.4 ശതമാനമായി കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.