2020 ഒക്ടോബര്‍ 2 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം
തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയും ഇടിഞ്ഞ് 545.652 ബില്യണ്‍ ഡോളറിലേക്ക്
2020 ഒക്ടോബര്‍ 2 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് രാജ്യത്തെ ഫോറെക്‌സ് റിസര്‍വ് (Forex Reserve). വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയും ഇടിഞ്ഞതോടെ സെപ്റ്റംബര്‍ 16 വരെയുള്ള കണക്കുകള്‍ പ്രകാരം 545.652 ബില്യണ്‍ ഡോളറായി കുറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് (RBI) ഇന്ത്യയുടെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് ഡാറ്റ പ്രകാരം കഴിഞ്ഞ ആഴ്ചയുടെ അവസാനത്തില്‍ കരുതല്‍ ശേഖരം 550.871 ബില്യണ്‍ ഡോളറായിരുന്നു.
മൂല്യനിര്‍ണയത്തിലെ മാറ്റങ്ങളാണ് കരുതല്‍ ശേഖരത്തിലെ ഇടിവിന് കാരണമായതെങ്കിലും, ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലിലുകള്‍ കാരണമാണ് കൂടുതല്‍ ഇടിവ് സംഭവിച്ചത് എന്നാണ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Also Read : യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന ഏതൊക്കെ ഓഹരികളെ ബാധിക്കും, നിക്ഷേപകര്‍ എന്ത് ചെയ്യണം?
ഇന്ന് രൂപ ഡോളറിനെതിരെ റെക്കോര്‍ഡ് ഇടിവിലേക്ക് താഴ്ന്നു. ഡോളറിന് 81 എന്ന നിലയിലേക്ക് രൂപ ഇടിഞ്ഞു. യുഎസ് ഫെഡറല്‍ (US Federal) നിരക്കുയര്‍ത്തിയതും ഡോളര്‍ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചതും രൂപയ്ക്ക് തിരിച്ചടിയായി എന്ന് തന്നെ പറയാം.