ഇന്ത്യയുടെ ജിഡിപി 2047ഓടെ 20 ട്രില്യണ്‍ ഡോളറിലെത്തും: ബിബേക് ദെബ്രോയ്
ഇന്ത്യയ്ക്ക് ലളിതമാക്കിയ ജിഎസ്ടിയും പ്രത്യക്ഷ നികുതിയും ആവശ്യമാണെന്ന് ഡിബ്രോയ് അഭിപ്രായപ്പെട്ടു
2047ഓടെ ഇന്ത്യയുടെ ജിഡിപി 20 ട്രില്യണ്‍ ഡോളറിന് അടുത്തായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയ് പറഞ്ഞു. യുഎസ് ഡോളറിന്റെ നിലവിലെ മൂല്യത്തില്‍ കണക്കുകൂട്ടിയാല്‍ പ്രതിശീര്‍ഷ വരുമാനം 10,000 യുഎസ് ഡോളറില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വരുത്തിവച്ച പ്രതിസന്ധികള്‍ ഒരുവിധം കടന്നുപോയെങ്കിലും ചൈനയിലെ പ്രശ്‌നങ്ങള്‍, റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം, യൂറോപ്പിലെയും യുഎസ്എയിലെയും വളര്‍ച്ചാ സാധ്യതകള്‍ എന്നിവ മൂലം ഇപ്പോഴും ലോകം വളരെയധികം അനിശ്ചിതത്വം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന് ശേഷമുള്ള സാമ്പത്തിക സൂചകങ്ങള്‍ ഇന്ത്യയില്‍ മെച്ചപ്പെട്ടു. 2023-24-ലെ വളര്‍ച്ചാ നിരക്കും 2047-ലെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും കാണാനാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷം, യൂറോപ്പിലെയും യുഎസ്എയിലെയും വളര്‍ച്ചാ സാധ്യതകള്‍ തുടങ്ങിയ ലോകമെമ്പാടുമുള്ള ചില അനിശ്ചിതത്വങ്ങള്‍ മൂലം ഫോറെക്‌സ് വിപണികളിലും മൂലധന വിപണികളിലും വിനിമയ നിരക്കുകളിലും ഇന്ത്യ ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് ലളിതമാക്കിയ ജിഎസ്ടിയും പ്രത്യക്ഷ നികുതിയും ആവശ്യമാണെന്ന് ഡിബ്രോയ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി ഉയര്‍ത്തുന്നതിന്, സംസ്ഥാന തലത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. കാരണം വിവിധ സംസ്ഥാനങ്ങളിലേയും വികസനം വിവിധ തലങ്ങളിലാണ്. മാത്രമല്ല വളര്‍ച്ചയുടെ ഉറവിടങ്ങളും വ്യത്യസ്തമായിരിക്കും.
എന്നാല്‍ വളര്‍ച്ചയുടെ പാത ഉയര്‍ത്താന്‍ നമ്മള്‍ ഭൂവിപണി കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട് എന്നതാണ് വസ്തുതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂവിപണി കൂടുതല്‍ കാര്യക്ഷമമാക്കുമ്പോള്‍ കൃഷിയും വളരെയധികം മെച്ചപ്പെടും. അതുപോലെ തന്നെ തൊഴില്‍ വിപണിയും മൂലധന വിപണിയും കൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന ഇന്ത്യന്‍ ഇക്കണോമെട്രിക് സൊസൈറ്റിയുടെ 57ാമത് വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.