ലോകത്തിന്റെ 'മരുന്നുകടയായി' ഇന്ത്യ; ഔഷധ കയറ്റുമതി 5 മാസത്തെ ഉയരത്തില്‍

ഇസ്രായേലിലേക്കുള്ള മരുന്ന് കയറ്റുമതി കഴിഞ്ഞവര്‍ഷം 40% ഉയര്‍ന്നു

Update:2023-11-07 20:30 IST

Image : Canva

ലോകത്തിന്റെ മരുന്നുകട എന്ന പെരുമയോടെ ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ കയറ്റുമതി കാഴ്ചവയ്ക്കുന്നത് മികച്ച വളര്‍ച്ച. സെപ്റ്റംബറില്‍ 9 ശതമാനമാണ് വളര്‍ച്ചാനിരക്കെന്നും ഇത് കഴിഞ്ഞ 5 മാസത്തെ ഏറ്റവും ഉയരമാണെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏപ്രിലിലെ 9.43 ശതമാനമാണ് ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക്.

നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) ഇന്ത്യ 1,336 കോടി ഡോളര്‍ വരുമാനമാണ് മരുന്നുകളുടെ കയറ്റുമതിയിലൂടെ നേടിയത്. മുന്‍വര്‍ഷത്തെ സമാനകാലത്തെ 1,272 കോടി ഡോറിനെ അപേക്ഷിച്ച് 5 ശതമാനമാണ് വളര്‍ച്ച. അമേരിക്കയുടെ ഔഷധവിപണി നിയന്ത്രണ ഏജന്‍സിയായ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യു.എസ്.എഫ്.ഡി.എ/USFDA) ഫാക്ടറികള്‍ സന്ദര്‍ശിച്ച ശേഷം അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് അംഗീകാരം നല്‍കിയതും പ്രമുഖ വിപണികളില്‍ നിന്നുള്ള ഉയര്‍ന്ന ഡിമാന്‍ഡും കയറ്റുമതി വളര്‍ച്ചയ്ക്ക് സഹായകമായി.
വലിയ വിപണികള്‍
അമേരിക്ക തന്നെയാണ് ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണക്കമ്പനികളുടെ ഏറ്റവും വലിയ വിപണി. ഏപ്രില്‍-സെപ്റ്റംബറില്‍ 414 കോടി ഡോളറിന്റെ കയറ്റുമതി വരുമാനവും ലഭിച്ചത് അമേരിക്കയില്‍ നിന്നാണ്.
37 കോടി ഡോളറുമായി യു.കെ രണ്ടാമതും 33.6 കോടി ഡോളര്‍ വരുമാനം നല്‍കിയ ബ്രസീല്‍ മൂന്നാമതുമാണ്. അതേസമയം, ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കാഴ്ചവയ്ക്കുന്നത് നോര്‍ത്ത് അമേരിക്ക ഫ്രീ ട്രേഡ് എഗ്രിമെന്റ് (NAFTA) മേഖല, യൂറോപ്യന്‍ യൂണിയന്‍, അഫ്രിക്ക, ലാറ്റിന്‍ അമേരിക്ക ആന്‍ഡ് കരീബിയന്‍സ് എന്നിവിടങ്ങളാണ്.
വലിയ ലക്ഷ്യം
2004-05ല്‍ 390 കോടി ഡോളറായിരുന്നു ഇന്ത്യയുടെ മരുന്ന് കയറ്റുമതി വരുമാനം. കഴിഞ്ഞവര്‍ഷം ഇത് 2,530 കോടി ഡോളറായി വളര്‍ന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലും വളര്‍ച്ചാനിരക്ക് 100 ശതമാനത്തിന് മുകളിലാണ്. 2021-22ല്‍ 2,462 കോടി ഡോളറായിരുന്നു.
നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്ന വരുമാനം 2,700 കോടി ഡോളറിന് മുകളിലാണ്. ഇസ്രായേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ മരുന്നുകള്‍ക്ക് ക്ഷാമം വരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് നേട്ടമാകുമെന്നും വിലയിരുത്തപ്പെടുന്നു. 2022-23ല്‍ ഇസ്രായേലിലേക്കുള്ള മരുന്ന് കയറ്റുമതി 40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തെ കണക്കെടുത്താല്‍ ഇസ്രായേലിലേക്കുള്ള കയറ്റുമതിയിലെ ശരാശരി വാര്‍ഷിക വളര്‍ച്ച (CAGR) 22 ശതമാനമാണെന്ന് ഫാര്‍മെക്‌സിലിന്റെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.
Tags:    

Similar News