കളിപ്പാട്ട സംരംഭം കളിയല്ല; രാജ്യം കയറ്റുമതി ചെയ്തത് 326.63 മില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങള്‍

നിലവാരമില്ലാത്ത കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനും ആഭ്യന്തര കളിപ്പാട്ട വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌

Update: 2022-12-23 07:15 GMT

image: @canva

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 326.63 മില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തതായി കേന്ദ്ര മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ (MSME) സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വര്‍മ പറഞ്ഞു. 2014-15ല്‍ ഇത് 96.17 മില്യണ്‍ ഡോളറായിരുന്നു. 2014-15 ലെ 332.55 മില്യണ്‍ ഡോളറില്‍ നിന്ന് 2021-22 ല്‍ ഇന്ത്യയിലേക്കുള്ള കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 109.72 മില്യണ്‍ ഡോളറായി കുറഞ്ഞു. നിലവാരമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനും ആഭ്യന്തര കളിപ്പാട്ട വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വര്‍മ പറഞ്ഞു.

കൂടാതെ, കളിപ്പാട്ട നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ള എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുന്നതിന് വായ്പ പിന്തുണ നല്‍കുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനും സാങ്കേതികവിദ്യ നവീകരിക്കുന്നതിനും നൈപുണ്യ വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും സഹായിക്കും. പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷന്‍ പ്രോഗ്രാമിന് (PMEGP) കീഴില്‍, നിര്‍മ്മാണ മേഖലയ്ക്ക് 50 ലക്ഷം രൂപ വരെയും സേവന മേഖലയില്‍ 20 ലക്ഷം രൂപ വരെയും ചെലവ് വരുന്ന യൂണിറ്റിന് പ്രോജക്ട് ചെലവിന്റെ 35 ശതമാനം വരെ മാര്‍ജിന്‍ മണി സഹായം നല്‍കുന്നു.

പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനായുള്ള ഫണ്ടുകളുടെ സ്‌കീമിന് കീഴില്‍ (SFURTI) അത്യാധുനിക യന്ത്രങ്ങള്‍, ഡിസൈന്‍ സെന്ററുകള്‍, നൈപുണ്യ വികസനം മുതലായവയുള്ള കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ സൃഷ്ടിക്കുന്നതിന് സഹായം നല്‍കുന്നു. കൂടാതെ 11,749 കരകൗശലത്തൊഴിലാളികള്‍ക്ക് 55.65 കോടി രൂപ ചെലവില്‍ പ്രയോജനം നല്‍കുന്ന 19 കളിപ്പാട്ട ക്ലസ്റ്ററുകള്‍ പദ്ധതിക്ക് കീഴില്‍ അംഗീകരിച്ചു.

Tags:    

Similar News