ചില്ലറ പണപ്പെരുപ്പം കുറയുന്നില്ല, 5 മാസത്തെ ഉയര്‍ന്ന നിലയില്‍

പച്ചക്കറി വില 18 ശതമാനം ഉയര്‍ന്നു. രാജ്യത്തെ വ്യവസായിക ഉല്‍പ്പാദനവും ചുരുങ്ങി

Update:2022-10-13 10:22 IST

രാജ്യത്തെ ഉപഭോകതൃ വില സൂചികയെ (CPI) അടിസ്ഥാനമാക്കി കണക്കാക്കുന്ന ചില്ലറ പണപ്പെരുപ്പം (Retail Inflation) അഞ്ച് മാസത്തെ ഉയര്‍ന്ന നിലയില്‍. 7.41 ശതമാനം ആണ് സെപ്റ്റംബറിലെ ചില്ലറ പണപ്പെരുപ്പം. ജൂലൈയില്‍ ഇത് 7 ശതമാനം ആയിരുന്നു. ഒരു മാസം കൊണ്ട് 0.41 ശതമാനത്തിന്റെ വര്‍ധനവാണ് പണപ്പെരുപ്പത്തില്‍ ഉണ്ടായത്.

തുടര്‍ച്ചയായ ഒമ്പതാമത്തെ മാസമാണ്, ആര്‍ബിഐ നിശ്ചയിച്ച പരിധിക്കും മുകളിലും പണപ്പെരുപ്പം തുടരുന്നത്. 2-6 ശതമാനം ആണ് പണപ്പെരുപ്പത്തിന് ആര്‍ബിഐ 2026 വരെ നിശ്ചയിച്ചിരിക്കുന്ന പരിധി. 8.60 ശതമാനമാണ് രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം. ഇത് 22 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണ്. 18 ശതമാനത്തോളം ആണ് പച്ചക്കറി വില ഉയര്‍ന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിക്കുന്ന കാലം തെറ്റിയ മഴ പച്ചക്കറി വില വീണ്ടും ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.

പാല്‍, ധാന്യങ്ങള്‍ ഉള്‍പ്പടെയുള്ള ഭൂരിഭാഗം സാധനങ്ങളുടെയും വില ഉയര്‍ന്നു. ഗ്രാമീണ മേഖലയില്‍ 7.6 ശതമാനവും നഗരങ്ങളില്‍ 7.3 ശതമാനവും ആണ് വിലക്കയറ്റം. പണനയ രൂപീകരണത്തിന് ആര്‍ബിഐ ആശ്രയിക്കുന്ന പ്രധാന ഡാറ്റയാണ് ചില്ലറ പണപ്പെരുപ്പം. നിലവിലെ സാഹചര്യത്തില്‍ ആര്‍ബിഐയുടെ അടുത്ത മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലും ആര്‍ബിഐ റീപോ നിരക്ക് ഉയര്‍ത്തും. സെപ്റ്റംബര്‍ അവസാനം നടന്ന യോഗത്തില്‍ റീപോ നിരക്ക് 5.9 ശതമാനമായി ആര്‍ബിഐ വര്‍ധിപ്പിച്ചിരുന്നു.

രാജ്യത്തെ വ്യവസായിക ഉല്‍പ്പാദനം (Index of Industrial Production-IIP) സെപ്റ്റംബര്‍ മാസം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.8 ശതമാനം ചുരുങ്ങി. 1.7 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണ് ഇടിവ്. 18 മാസത്തിനിടെ ആദ്യമായാണ് വ്യവസായിക ഉല്‍പ്പാദനത്തില്‍ ഇടിവ് നേരിടുന്നത്. മാനുഫാക്ചറിംഗ്, ഖനനം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ആന്‍ഡ് നോണ്‍ഡ്യൂറബിള്‍സ് എന്നിവയുടെ ഉല്‍പ്പാദനം ഇടിഞ്ഞത് വ്യവസായിക മേഖലയെ ബാധിച്ചു.

Tags:    

Similar News