റഷ്യയേക്കാള്‍ ഡിസ്‌കൗണ്ടില്‍ എണ്ണ തരാമെന്ന് ഇറാന്‍; വേണ്ടെന്ന് ഇന്ത്യ

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ ഒപെക്കിന്റെ വിഹിതം ഉയര്‍ന്നു

Update: 2023-11-24 12:17 GMT

Image courtesy: canva

വിലകുറഞ്ഞ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ഇന്ത്യ പ്രോത്സാഹനം നല്‍കുന്നതിനാല്‍ ഇറാന്‍ എണ്ണ കമ്പനികളും വില കിഴിവുമായി ഇന്ത്യന്‍ റിഫൈനറി കമ്പനികളെ സമീപിച്ചു. എന്നാല്‍ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ത്യന്‍ റിഫൈനറി കമ്പനികള്‍ ഈ ഓഫറുകള്‍ നിരസിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട്. ഇന്ത്യ-യു.എസ് ബന്ധം കണക്കിലെടുത്താണ് ഇന്ത്യന്‍ റിഫൈനറി കമ്പനികള്‍ ഇറാന്‍ എണ്ണ കമ്പനികളുടെ ഓഫര്‍ നിരസിച്ചതെന്ന് സൂചനയുണ്ട്. അന്താരാഷ്ട്ര ഉപരോധം നീക്കം ചെയ്താല്‍ മാത്രം ഇറാന്‍ എണ്ണ സ്വീകരിക്കുന്നത് ആലോചിക്കാമെന്നാണ് ഇന്ത്യന്‍ റിഫൈനറി കമ്പനികള്‍ പറയുന്നത്. 

മുമ്പ് യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ വെനസ്വേലയില്‍ നിന്ന് ഇന്ത്യ വീണ്ടും ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി എണ്ണയുടെ ഏകദേശം പത്തിലൊന്ന് സംഭാവന ചെയ്തിരുന്ന രാജ്യമാണ് വെനസ്വേല. എന്നാല്‍ 2017-2019 കാലയളവില്‍ വെനസ്വേലന്‍ എണ്ണ കയറ്റുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ വാങ്ങല്‍ നിലയ്ക്കുകയായിരുന്നു. വെനസ്വേലയുടെ എണ്ണയും റഷ്യന്‍ എണ്ണ പോലെ ഇന്ത്യക്ക് ഡിസ്‌കൗണ്ട് നിരക്കിലാകും ലഭിക്കുക.

ഒപെക്കിന്റെ വിഹിതം ഉയര്‍ന്നു

രാജ്യത്തെ റിഫൈനറി കമ്പനികള്‍ സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങിയതിനാല്‍ ഒക്ടോബറില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ ഒപെക്കിന്റെ (Organization of the Petroleum Exporting Countries) വിഹിതം 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. അതേസമയം ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ റഷ്യന്‍ എണ്ണയുടെ വിഹിതം ഒമ്പത് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു.

കണക്കുകള്‍ പറയുന്നത്

ഒക്ടോബറില്‍ 8.4 ശതമാനം വര്‍ധയോടെ ഇന്ത്യ പ്രതിദിനം 4.7 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തു. സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ യഥാക്രമം 53 ശതമാനംവും, 63 ശതമാനവും വര്‍ധിച്ചു. ഒപെക്ക് രാജ്യങ്ങളിലെ ഉല്‍പ്പാദകരുടെ വിഹിതം സെപ്റ്റംബറിലെ 50 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 54 ശതമാനമായി ഉയര്‍ത്താന്‍ ഇത് സഹായിച്ചു.

ഒക്ടോബറില്‍ ഇന്ത്യ ശരാശരി 1.56 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തു. മുന്‍ മാസത്തെ അപേക്ഷിച്ച് 1.2 ശതമാനം നേരിയ വര്‍ധന. എന്നിരുന്നാലും ഇന്ത്യയുടെ ഒക്ടോബറിലെ ഇറക്കുമതിയില്‍ റഷ്യന്‍ എണ്ണയുടെ വിഹിതം 35 ശതമാനത്തില്‍ നിന്നും 33 ശതമാനമായി കുറഞ്ഞു. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ റഷ്യയാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ വിതരണം ചെയ്തത്.

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ്. ഇന്ത്യ കൂടുതല്‍ എണ്ണ ആവശ്യങ്ങള്‍ക്കും മിഡില്‍ ഈസ്റ്റിലെ ഉല്‍പ്പാദകരെയാണ് ആശ്രയിക്കുന്നതെങ്കിലും ചെലവ് കുറയ്ക്കുന്നതിന് വിലകുറഞ്ഞ ബദലുകളിലേക്ക് നീങ്ങാന്‍ റിഫൈനറി കമ്പനികളെ രാജ്യം പ്രോത്സാഹിപ്പിച്ചിരുന്നു. റഷ്യന്‍ എണ്ണ വിലക്കുറവില്‍ ലഭിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ വിപണിയില്‍ റഷ്യന്‍ എണ്ണയുടെ വിഹിതം ഉയര്‍ന്നിരുന്നു. ഈ വിഹിതത്തിലാണ് ഇപ്പോള്‍ ഇടിവുണ്ടായത്.

Tags:    

Similar News