കെ-ഫോണിനെ 'കൈവിട്ട്' സേവന കമ്പനി; ലക്ഷ്യമിട്ടതിന്റെ പകുതി കണക്ഷന്‍ പോലും പൂര്‍ത്തിയാക്കിയില്ല

ബി.എസ്.എന്‍.എല്ലിനെ ഒഴിവാക്കി കെ-ഫോണ്‍ കണക്ഷനെടുത്ത സ്‌കുളുകളും പെട്ടു!

Update: 2024-04-09 05:40 GMT

Image: Kfone Facebook

സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ കെ-ഫോണ്‍ പദ്ധതി ഏകോപനമില്ലായ്മ മൂലം താളംതെറ്റുന്നു. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കാനുള്ള പദ്ധതിയാണ് മുടന്തി നീങ്ങുന്നത്.
പ്രാരംഭ ഘട്ടത്തില്‍ ഓരോ നിയോജകമണ്ഡലങ്ങളിലും 100 വീതം ഗുണഭോക്താക്കളെ കണ്ടെത്തി 140 മണ്ഡലങ്ങളിലായി 14,000 കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി എത്തിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. ഇത് പൂര്‍ത്തീകരിക്കാനാണ് ബിസിനസ് പങ്കാളിയുമായി കരാര്‍ ഉണ്ടാക്കിയിരുന്നത്. എന്നാല്‍, ഇതുവരെ വെറും 5,000 കണക്ഷന്‍ മാത്രമാണ് നല്‍കാനായത്.
പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തി ലിസ്റ്റ് കൈമാറേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. അവര്‍ നല്‍കുന്ന പട്ടിക കൃത്യമല്ലെന്നാണ് ബിസിനസ് പങ്കാളിയായ കമ്പനിയുടെ വാദം. അതുകൊണ്ട് തന്നെ കണക്ഷന്‍ നല്‍കാന്‍ സാധിക്കുന്നില്ലെന്നും അവര്‍ സര്‍ക്കാരിനെ അറിയിച്ചു.
ലക്ഷ്യം 20 ലക്ഷം കുടുംബങ്ങളില്‍ കെ-ഫോണ്‍
തങ്ങള്‍ക്ക് കിട്ടിയ പട്ടികയിലെ പലരെയും കണ്ടെത്താന്‍ സാധിക്കുന്നില്ല. കണ്ടെത്തിയവരില്‍ പലര്‍ക്കും കൃത്യമായ തിരിച്ചറിയല്‍ രേഖകളും ഇല്ല. അതുകൊണ്ട് തന്നെ കണക്ഷന്‍ കൊടുക്കുന്ന കാര്യത്തില്‍ വേഗത തീരെ കുറവാണെന്നാണ് സേവന കമ്പനിയുടെ പരാതി. നിലവിലെ കമ്പനിയെ 2022ലാണ് തെരഞ്ഞെടുത്തത്.
രണ്ടു വര്‍ഷമായിട്ടും വേണ്ടത്ര പുരോഗമനം ഇല്ലാതായതോടെയാണ് സേവന കമ്പനി കരാര്‍ അവസാനിപ്പിച്ചത്. 7,000 കണക്ഷനുകള്‍ തങ്ങള്‍ നല്‍കിയെന്നും ഇനി പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്നും കമ്പനി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കണക്ഷന്‍ നല്‍കേണ്ടവരുടെ പട്ടികയിലെ തെറ്റുകളെല്ലാം മാസങ്ങള്‍ക്കു മുമ്പേ തിരുത്തി നല്‍കിയിരുന്നുവെന്നാണ് കെ-ഫോണിന്റെ അവകാശവാദം.
പുതിയ പങ്കാളിയെ തേടി സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരു കമ്പനിക്ക് മാത്രം കരാര്‍ നല്‍കുന്ന രീതിക്ക് പകരം ഓരോ പ്രദേശത്തിനും വ്യത്യസ്ത കമ്പനികളെ തെരഞ്ഞെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. കണക്ഷന്‍ നല്‍കാനായി പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സേവനം തേടാനാണ് കെ-ഫോണിന് പദ്ധതിയുണ്ട്. അഞ്ചു മാസത്തിനകം 14,000 കണക്ഷന്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് കെ-ഫോണ്‍ എംഡി ഡോ. സന്തോഷ് ബാബു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സ്‌കൂളുകള്‍ക്കും കെണിയായി
കെ-ഫോണ്‍ എത്തിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളിലെ ബി.എസ്.എന്‍.എല്‍ കണക്ഷനുകള്‍ വിച്ഛേദിച്ചിരുന്നു. എന്നാല്‍ പല സ്‌കൂളുകളിലും കെ-ഫോണ്‍ ഇതുവരെ എത്തിയിട്ടില്ല. കണക്ഷന്‍ കിട്ടിയ സ്‌കൂളുകളിലാകട്ടെ ബില്‍ സ്വന്തം നിലയ്ക്ക് അടയ്‌ക്കേണ്ട അവസ്ഥയുമാണ്. കെ-ഫോണ്‍ കണക്ഷന്റെ ബില്‍ തുക ഓഫീസുകളും സ്ഥാപനങ്ങളും സ്വന്തമായി അടയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
സ്‌കൂള്‍ പി.ടി.എകള്‍ പണം മുടക്കിയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സ്വന്തം നിലയ്ക്കുമാണ് കണക്ഷന്‍ എടുത്ത് സ്മാര്‍ട് ക്ലാസ് റൂമും ഓഫീസ് പ്രവര്‍ത്തനങ്ങളും നടത്തിയത്. ആകെയുള്ള 15,000 സ്‌കൂളുകളില്‍ 8,656 എണ്ണത്തിലാണ് കെ-ഫോണ്‍ കണക്ഷന്‍ നിലവില്‍ ഉപയോഗിക്കുന്നത്. പുതിയ ഉത്തരവോടെ അവശേഷിക്കുന്ന സ്‌കൂളുകളും കെ-ഫോണിലേക്ക് മാറേണ്ടി വരും. നേരത്തെ ബി.എസ്.എന്‍.എല്‍ കണക്ഷന്‍ ഉപയോഗിച്ചിരുന്ന സമയത്ത് സര്‍ക്കാരായിരുന്നു പണം അടച്ചിരുന്നത്. കെ-ഫോണ്‍ വന്നതോടെ സ്‌കൂളുകള്‍ ഇതിനായുള്ള പണം കണ്ടെത്തേണ്ട അവസ്ഥയിലാണ്.
Tags:    

Similar News