ലോക്ക്ഡൗണ്‍: രാജ്യത്ത് കഴിഞ്ഞ മാസം തൊഴില്‍ നഷ്ടമായത് 12.20 കോടി പേര്‍ക്ക്

Update: 2020-05-06 08:01 GMT

ലോക്ക്ഡൗണ്‍ മൂലം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 27.1 ശതമാനത്തിലെത്തി. സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമി നടത്തിയ പഠനത്തില്‍ മെയ് മൂന്നിന് അവസാനിച്ച വാരത്തില്‍ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നതായാണ് സൂചന. കഴിഞ്ഞ മാസം 12.20 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ചെറു ബിസിനസുകള്‍ അടച്ചുപൂട്ടിയതാണ് തൊഴില്‍ നഷ്ടം കുത്തനെ ഉയര്‍ത്തിയതെന്ന് പഠനം പറയുന്നു. വഴിയോരക്കച്ചവടക്കാര്‍, ദിവസവേതനക്കാര്‍ തുടങ്ങി സമൂഹത്തിലെ താഴെക്കിടയിലെ ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടം ഏറെ.

ഇന്ത്യന്‍ ഗ്രാമങ്ങളിലും നഗരത്തിലെ പ്രാന്തപ്രദേശത്തും ജീവിക്കുന്ന ദരിദ്ര കോടികളുടെ ജീവിതം എത്രമാത്രം ഇനി ദയനീയമാകുമെന്നും ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എളുപ്പവഴി വ്യയം കൂട്ടുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴാണ് ജോലിയോ വേതനമോ ഇല്ലാതെ കോടിക്കണക്കിന് ഇന്ത്യക്കാര്‍ പട്ടിണിയിലേക്ക് വീഴുകയാണെന്ന കണക്കുകള്‍ പുറത്തുവരുന്നത്.

പാവപ്പെട്ടവരുടെ കൈകളിലേക്ക് നേരിട്ട് പണമെത്തിക്കുക എന്ന പദ്ധതി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് നോബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു.

തൊഴില്‍ നഷ്ടം മൂലം ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുന്നതും ലോക്ക്ഡൗണ്‍ മൂലം ഉല്‍പ്പാദന മേഖലയില്‍ വരുന്ന ഇടിവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഇരട്ട പ്രഹരമാകും. ഒരേ സമയം ഡിമാന്റിലും സപ്ലെയിലും വരുന്ന ഷോക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എങ്ങനെ മറികടക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News