പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ; റീപ്പോ നിരക്ക് 6.5 ശതമാനമായി തുടരും
സാധാരണക്കാര്‍ക്ക് ആശ്വാസം, വായ്പയെടുത്തവരുടെ ഇ.എം.ഐ കൂടില്ല, സ്ഥിര നിക്ഷേപ പലിശ നിരക്കുകളും ഉയരില്ല
പലിശ നിരക്ക് വീണ്ടും മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്കിന്റെ പണനയം. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അദ്ധ്യക്ഷതയിലുള്ള ആറംഗ പണനയ നിര്‍ണയ സമിതി (എം.പി.സി) മുഖ്യ പലിശനിരക്കുകള്‍ നിലനിര്‍ത്തുന്നത്.പണപ്പെരുപ്പം കുറഞ്ഞത് വിലയിരുത്തിയാണ് മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്. രാജ്യത്ത് പണപ്പെരുപ്പം 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുള്ളത്. 4.7 ശതമാനമാണ് പണപ്പെരുപ്പം.
നിരക്കുകള്‍ നിലനിറുത്താന്‍ സാദ്ധ്യതയെന്നാണ് പൊതുവേ വിലയിരുത്തിയിരുന്നത്. ഏപ്രിലില്‍ നടന്ന യോഗത്തിലും റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി വരെ തുടര്‍ച്ചായി ആറ് യോഗങ്ങളിലും മുഖ്യപലിശ നിരക്ക് കൂട്ടിയിരുന്നു.
മാറാതെ നിരക്കുകള്‍
റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. വാണിജ്യ ബാങ്കുകള്‍ വിതരണം ചെയ്യുന്ന ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളുടെ പലിശ നിരക്കും കൂടില്ല. സാധാരണക്കാര്‍ക്ക് വളരെ ആശ്വാസകരമായ നീക്കമാണിത്. വായ്പയെടുത്തിട്ടുള്ളവരുടെ ഇ.എം.ഐ കൂടില്ല. സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറയാനാണ് സാദ്ധ്യത.
ഫിക്‌സഡ് റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും കരുതല്‍ ധന അനുപാതം(സി.ആര്‍.ആര്‍) 4.50 ശതമാനമായും തുടരും. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫിസിലിറ്റി റേറ്റ്(എസ്.ഡി.എഫ്.ആര്‍) 6.25 ശതമാനത്തിലും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി റേറ്റ്(എം.എസ്.എഫ് റേറ്റ്) 6.75 ശതമാനത്തിലും സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍) 18 ശതമാനത്തിലും നിലനിര്‍ത്തിയിട്ടുണ്ട്.
വളർച്ചാ പ്രതീക്ഷ
2023-24 സാമ്പത്തിക വര്‍ഷത്തിലെ ജി.ഡി.പി വളര്‍ച്ചാ പ്രതീക്ഷ 6.5 ശതമാനമായി ആര്‍.ബി.ഐ നിലനിര്‍ത്തി. ഉപഭോക്തൃ പണപ്പെരുപ്പം(Consumer Price Index- CPI) ഇപ്പോഴും 4 ശതമാനത്തിന് മുകളിലാണ്. 2023-24 വര്‍ഷവും ഈ പരിധിയില്‍ തുടരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടല്‍. പണപ്പെരുപ്പം പരിധിയിലാകുന്നതു വരെ മറ്റു നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.
റീറ്റെയ്ല്‍ നാണയപ്പെരുപ്പ അനുമാനം കുറച്ചിട്ടുണ്ട്. ഇത് വിപണിക്കും സമ്പദ് വ്യവസ്ഥയ്ക്കും ജനങ്ങള്‍ക്കും നേട്ടമാണ്. അവശ്യവസ്തുവില കുറഞ്ഞുനില്‍ക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല, നാണയപ്പെരുപ്പം സഹനപരിധിയായ 6 ശതമാനത്തിന് താഴെ നടപ്പുവര്‍ഷമുടനീളം തുടരുമെന്നതിനാല്‍ സമീപഭാവിയിലെങ്ങും ഇനി മുഖ്യ പലിശനിരക്കുകള്‍ കൂട്ടാനും സാദ്ധ്യതയില്ല. അടുത്ത യോഗത്തില്‍ പലിശ കുറയ്ക്കാനായിരിക്കും റിസര്‍വ് ബാങ്ക് എം.പി.സിക്കുമേലുള്ള സമ്മര്‍ദ്ദം.
എം.പി.സി
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അദ്ധ്യക്ഷനായ ആറംഗ പണനയ നിര്‍ണയ സമിതിയാണ് മോണിട്ടറി പോളിസി കമ്മിറ്റി അഥവാ എം.പി.സി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. മൈക്കല്‍ പാത്ര, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. രാജീവ് രഞ്ജന്‍, കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത സ്വതന്ത്ര അംഗങ്ങളായ പ്രൊഫ. ജയന്ത് ആര്‍. വര്‍മ്മ, ഡോ. ആഷിമ ഗോയല്‍, ഡോ. ശശാങ്ക ഭീഡെ എന്നിവരാണ് എം.പി.സി അംഗങ്ങള്‍. ആറ് പേരും ഐക്യകണ്‌ഠ്യേനയാണ് മുഖ്യ പലിശ നിരക്കുകള്‍ നിലനിറുത്താന്‍ തീരുമാനിച്ചത്. അതേസമയം, വിഡ്രോവല്‍ ഓഫ് അക്കോമഡേഷന്‍ നിലനിര്‍ത്തുന്നതിനെ പ്രൊഫ.ജയന്ത് വര്‍മ്മ ഒഴികെയുള്ളവര്‍ അനുകൂലിച്ചു. 2023 ഓഗസ്റ്റ് എട്ട് മുതല്‍ 10 വരെയാണ് അടുത്ത എം.പി.സി യോഗം.